കൊച്ചറ ബെവ്കോയിലെ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണം പിടിച്ചതിന് പിന്നാലെ എക്സൈസ് ഇന്റലിജന്‍സ്-വിജിലന്‍സ് അന്വേഷണം: നടപടി മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന്

Update: 2025-08-05 12:05 GMT

ഇടുക്കി: കൊച്ചറയിലെ ബെവ്കോ ഔട്ട്ലെറ്റില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് എക്സൈസ് ഇന്റലിജന്‍സ്, വിജിലന്‍സ് വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങി. ബെവ്കോ ഔട്ട്ലെറ്റിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് മറുനാടന്‍ മലയാളി പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞദിവസം എക്സൈസ് ഇന്റലിജന്‍സ് ഔട്ട്ലെറ്റില്‍ പ്രാഥമിക പരിശോധന നടത്തി. പരിശോധനയില്‍ സാമ്പത്തിക രേഖകളിലും ബില്‍ രജിസ്റ്ററുകളിലും ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം.

മദ്യം വാങ്ങാന്‍ എത്തുന്നവരില്‍നിന്നും യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ ചില ഉദ്യോഗസ്ഥര്‍ ഈടാക്കുന്നതായും കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും കൂടുതല്‍ വിലയിലുള്ള മദ്യം വില്‍പ്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പ്രത്യുപകാരമായി മദ്യക്കമ്പനികളില്‍ നിന്നും പ്രതിഫലം കൈപ്പറ്റിയതായും സൂചനയുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ബില്ലില്ലാതെ മദ്യം വില്‍ക്കുന്നതായും ഡാമേജ് എന്ന പേരില്‍ വ്യാപകമായി ക്രമക്കേട് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥര്‍ക്കും അമിത വില

അന്വേഷണത്തിന്റെ ഭാഗമായി ഔട്ട്ലെറ്റിലെത്തി മദ്യം വാങ്ങിയ ബെവ്കോ ഉദ്യോഗസ്ഥനില്‍ നിന്നും അമിത നിരക്ക് ഈടാക്കി. കുറഞ്ഞ നിരക്കിലുള്ള നാല് അരലിറ്റര്‍ ബോട്ടില്‍ മദ്യമാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. ഇതിന് അധികമായി 100 രൂപയും ഔട്ട്ലെറ്റ് ജീവനക്കാര്‍ ഈടാക്കി. അമിതവില ഈടാക്കിയ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബെവ്കോ മാനേജ്മെന്റിന് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.

Tags:    

Similar News