കൊച്ചറ ബെവ്കോ ഔട്ടലെറ്റ്: വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും നടപടിയില്ല; വിജിലന്‍സ് റിപ്പോര്‍ട്ട് ഓഡിറ്റ് വിഭാഗം തടഞ്ഞു വച്ചുവെന്ന് ആക്ഷേപം; അഴിമതിക്ക് കുടപിടിച്ച് രാഷ്ട്രീയക്കാര്‍

Update: 2025-08-15 08:24 GMT

വണ്ടന്‍മേട്: കൊച്ചറയിലെ ബെവ്കോ ഔട്ട്ലെറ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും നടപടിയില്ല.ഒരു മാസം മുന്‍പാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വകുപ്പുതല നടപടി സ്വീകരിക്കണമെന്ന നിര്‍ദേശമുള്ള ഈ റിപ്പോര്‍ട്ട് ഓഡിറ്റ് വിഭാഗം തടഞ്ഞുവെച്ചെന്നാണ് ആരോപണം.

വ്യാപക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്നാണ് ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഔട്ട്ലെറ്റില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം ജീവനക്കാരന്റെ കാറില്‍ നിന്നും പിടികൂടിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ടാണ് ചുവപ്പുനാടയില്‍ കുരുങ്ങിയത്. കൃത്യമായ അന്വേഷണം നടന്നാല്‍ കടുത്ത നടപടികള്‍ ഒഴിവാക്കാനാവില്ലെന്ന് കണ്ടതോടെയാണ് കേസ് വകുപ്പുതലത്തില്‍ ഒതുക്കിയതെന്നും സൂചനയുണ്ട്.

അഴിമതിക്ക് കുടപിടിച്ച് രാഷ്ട്രീയക്കാര്‍

കൊച്ചറ ഔട്ട്ലെറ്റിലെ അഴിമതിക്കെതിരെ നടപടിയെടുക്കുന്നതില്‍ യൂണിയന്‍രാഷ്ട്രീയ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്. ഇന്റേണല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ വില കൂട്ടി വിറ്റഴിച്ച ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, സമാനമായ കുറ്റകൃത്യത്തില്‍ പിടിക്കപ്പെട്ട സിഐടിയു തൊഴിലാളിക്കെതിരെ നടപടിയുണ്ടായില്ല.

സിഐടിയു തൊഴിലാളി 35,000 രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. തുക തിരിച്ചടപ്പിച്ച ശേഷം ശിക്ഷണ നടപടിയുടെ ഭാഗമായി സമീപത്തെ ഔട്ട്ലെറ്റിലേക്ക് മാറ്റിയ ഇയാളെ യൂണിയന്‍ ഇടപെട്ട് ഒരു മാസത്തിനു ശേഷം തിരികെ ഇതേ ഔട്ട്ലെറ്റില്‍ എത്തിക്കുകയായിരുന്നു.

Similar News