പഴയ ചില്ലു കുപ്പിയുമായി ഔട്ട്‌ലെറ്റിലേക്ക് പോകാം; സാധനം കൗണ്ടറില്‍ നിന്നും വാങ്ങി കൈയ്യില്‍ കരുതിയ കുപ്പിയിലേക്ക് മാറ്റാം; അതിന് ശേഷം അപ്പോള്‍ തന്നെ പ്ലാസ്റ്റിക്കിനെ തിരികെ നല്‍കി അധികം നല്‍കിയ 20 രൂപ പോക്കറ്റിലാക്കാം; അങ്ങനെയങ്ങ് പിഴിയാന്‍ വിടില്ല; ആ 'ബെവ്‌കോ' വിലക്കുടുതലിനെ ചിലര്‍ തകര്‍ക്കുന്നത് ഇങ്ങനെ
കണ്ണൂര്‍ : തങ്ങളെ അങ്ങനെയങ്ങ് തോല്‍പ്പിക്കാനും പിഴിയാനും കഴിയില്ലെന്ന് സര്‍ക്കാരിന് തെളിയിച്ചു കൊടുക്കുകയാണ് കണ്ണൂരിലെ മദ്യ ഉപഭോക്താക്കള്‍. പ്‌ളാസ്റ്റിക് ബോട്ടിലിന് 20 രൂപ അധിക ചാര്‍ജ് ഈടാക്കുന്നതിനാല്‍ പഴയ ചില്ലുകുപ്പിയുമായാണ് പലരും ബീവ്‌റേജ് ഔട്ട്‌ലെറ്റിലേക്ക് വരുന്നത്. സാധനം കൗണ്ടറില്‍ നിന്നും വാങ്ങിയതിനു ശേഷം കുറച്ചകലെ മാറി നിന്നു പൊട്ടിച്ചു കൈയ്യില്‍ കരുതിയ കുപ്പിയിലേക്ക് മാറ്റി തിരികെ കൊടുത്ത് 20 രൂപ തിരിച്ചു വാങ്ങുകയാണ് പലരും. അല്‍പ്പം മെനക്കെടുണ്ടെങ്കിലും അതൊക്കെ സഹിക്കാമെന്നാണ് ഉപഭോക്താക്കളുടെ ലൈന്‍.
മദ്യക്കുപ്പി തിരിച്ച് നല്‍കിയാല്‍ 20 രൂപ തിരികെ ലഭിക്കുന്ന പദ്ധതി കണ്ണൂര്‍ജില്ലയില്‍ വിജയമാണെന്ന് ബെവ്‌കോ പറയുമ്പോഴും ഇതിന് പിന്നില്‍ ഇത്തരം ചില കാര്യങ്ങളുണ്ട്. കുപ്പി ശേഖരിച്ചു കൈമാറുന്നത് തൊഴിലാക്കിയവരും ഇപ്പോള്‍ ബീവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകളില്‍ സമാന്തരമായി പ്രവര്‍ത്തിക്കുന്നുണ്ട്. 10 രൂപയ്ക്ക് കുപ്പിയെടുത്ത് 20 രൂപയ്ക്ക് ഇവര്‍ തിരിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
കണ്ണൂര്‍.ജില്ലയിലെ ഓരോ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഒരാഴ്ചയ്ക്കകം നല്‍കിയത് ശരാശരി 100 കിലോഗ്രാം പ്‌ളാസ്റ്റിക് മദ്യക്കുപ്പികളാണ്. ഈ കുപ്പികള്‍ ക്‌ളീന്‍ കേരള കമ്പിനിക്ക് കൈമാറും.
തിരുവനന്തപുരത്തും കണ്ണൂരുമാണ് സെപ്തംബര്‍ 10 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്. പ്‌ളാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന്റെ കൂടി ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. തുടക്കത്തില്‍ ആളുകള്‍ക്ക് നീരസമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നല്ല രീതിയിലാണ് സഹകരണമന്ന് ബെവ്‌കോ ജീവനക്കാര്‍ പറയുന്നു. ജില്ലയില്‍ ചിറക്കുനി, കൂത്തുപറമ്പ്, പാണപ്പുഴ, കണ്ണൂര്‍ നഗരത്തിലെ താണ, പാറക്കണ്ടി, കേളകം, കിഴുത്തള്ളി, താണ, ചക്കരക്കല്‍, പയ്യന്നൂര്‍, പാടിക്കുന്ന് ഔട്ലെറ്റുകളിലാണ് പദ്ധതി തുടങ്ങിയിരുക്കുന്നത്. പഴയങ്ങാടിയിലും എടൂരിലും ഇതുവരെ തുടങ്ങിയിട്ടില്ല.
ശരാശരി 4000 പ്‌ളാസ്റ്റിക് മദ്യക്കുപ്പികളാണ് പ്രതിദിനം ഓരോ ഔട്ട്‌ലെറ്റുകളില്‍ നിന്നും വില്‍ക്കുന്നത്. ഇതിന്റെ നാലിലൊന്ന് ഓരോ ദിവസവും തിരിച്ചെന്നുമുണ്ട്. ആയിരം മദ്യക്കുപ്പികളാണ് ശരാശരി തിരിച്ചെത്തുന്നത്. ഒരാഴ്ചയ്ക്കം തന്നെ ഇത്രയും കുപ്പികള്‍ തിരിച്ചെത്തുമ്പോള്‍ വരും ദിവസങ്ങളില്‍ തിരിച്ചെത്തുന്ന കുപ്പികള്‍ കൂടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ജീവനക്കാരുടെയും നിഗമനം. വാങ്ങിയ കുപ്പി അപ്പോള്‍ തന്നെ കാലിയാക്കി 20 രൂപ തിരിച്ചു വാങ്ങുന്നവരും ഏറെയാണ്. കയ്യില്‍ കരുതിയ കുപ്പിയിലേക്ക് മദ്യം മാറ്റിയ ശേഷം കൗണ്ടറില്‍ തിരിച്ചേല്‍പ്പിക്കും.
പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതില്‍ വലിയ ആശങ്കയിലായിരുന്നു ജീവനക്കാര്‍ക്ക്.ഇതിനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയതോടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി. കുപ്പി തിരികെയുടുക്കുമ്പോള്‍ ഉണ്ടാകുന്ന തിരക്കും നീണ്ട നിരയും ഇതോടെ കുറഞ്ഞു. കുപ്പിയില്‍ സ്റ്റിക്കര്‍ പതിപ്പിക്കലാണ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അധികമായി വാങ്ങുന്ന 20 രൂപയ്ക്ക് പ്രത്യേക ബില്ലും വേണം. തിരിച്ചെത്തിയ കുപ്പിയില്‍ ബില്ലുണ്ടോയെന്ന് പരിശോധിച്ചുറപ്പാക്കിയാല്‍ മാത്രമെ പണം തിരികെ നല്‍കു. കുപ്പി സംഭരിക്കാനും ശേഖരിക്കാനുമായി വിരമിച്ച ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കുടുംബശ്രീ ശുചിത്വ മിഷനിലെ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമെന്നായിരുന്നു ബെവ്‌കോ സി.എം.ഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞിരുന്നത്. ഇത് നടക്കാതെ വന്നതോടെയാണ് വിരമിച്ചവരെ താല്‍ക്കാലികമായി നിയോഗിച്ചത്. ഇവര്‍ക്ക് 710 രൂപയാണ് ദിവസവേതനം.
മദ്യം വാങ്ങുന്നആള്‍ക്കാര്‍ സഹകരിച്ച് തുടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും ആയിരത്തിലേറെക്കുപ്പികളാണ് തിരികെയെത്തുന്നത്. ജീവനക്കാര്‍ക്ക് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇതും കൂടി പരിഹരിക്കപ്പെടണമെന്നാണ് ഒരു ബെവ്‌കോ ജീവനക്കാരന്‍ പ്രതികരിച്ചത്.