ജന്‍ സുരാജ് പാര്‍ട്ടിക്ക് അഭിപ്രായ സര്‍വേകളില്‍ 24 സീറ്റ്; എന്‍ഡിഎക്കും മഹാസഖ്യത്തിനും ഒരുപോലെ ഭീഷണി; പുതിയ പാര്‍ട്ടി ആരുടെ വോട്ട് പിടിക്കുമെന്ന് അറിയാതെ മുന്നണികള്‍ ആശങ്കയില്‍; കിങ്‌മേക്കറാവുക പ്രശാന്ത് കിഷോറോ? അഭിപ്രായ സര്‍വേകളെ തെറ്റിക്കുന്ന ബീഹാറില്‍ സംഭവിക്കുന്നതെന്ത്?
കിങ്‌മേക്കറാവുക പ്രശാന്ത് കിഷോറോ?
പാറ്റ്‌ന: അഭിപ്രായ സര്‍വേകളെ എന്നും തെറ്റിച്ച പാരമ്പര്യമുള്ള സംസ്ഥാനമാണ് ബീഹാര്‍. 2000 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 56 ശതമാനം അഭിപ്രായ സര്‍വേകളും തെറ്റുന്ന സ്ഥലമാണിവിടം. സര്‍വേ എടുക്കുന്ന വിദേശ ഏജന്‍സികള്‍പോലും 'ബീഹാര്‍ മോഡല്‍' എന്ന ഒരു ടേം പറയാറുണ്ട്. ഇത്തവണ ബീഹാറില്‍ ഗെയിം ചേഞ്ചറായി വന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍, സര്‍വേ എക്സ്പേര്‍ട്ട് എന്നീ നിലകളില്‍ പേരെടുത്ത പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയാണ്. 20 ശതമാനത്തോളം വോട്ടും 24 സീറ്റുകളും പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി നേടുമെന്ന് വിവിധ സര്‍വേകള്‍. ഇത് ആരെ ബാധിക്കുമെന്ന ചര്‍ച്ചകളാണ് മുന്നണികളുടെ ക്യാമ്പില്‍ നടക്കുന്നത്.
ബീഹാറില്‍ നാളെ നടക്കുന്ന ആദ്യഘട്ടത്തില്‍ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടം നവംബര്‍ പത്തിനാണ്. വോട്ടെണ്ണല്‍ പതിനാലിനാണ്.
തൂക്ക് സഭയുണ്ടാവുമോ?
243 നിയമസഭ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകള്‍. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും ജെഡിയു, ബിജെപി, ചിരാഗ് പസ്വാന്റെ എല്‍ജെപിയും അടങ്ങുന്ന എന്‍ഡിഎ സഖ്യവുമാണ് തിരഞ്ഞെടുപ്പ് ഗോദയിലെ പ്രധാനികള്‍. പ്രശാന്ത് കിഷോര്‍ സ്ഥാപിച്ച ജന്‍ സുരാജ് പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. പ്രശാന്ത് കിഷോര്‍ ആരുടെ വോട്ടുകള്‍ ചോര്‍ത്തും എന്ന ആശങ്ക ഇരുമുന്നണികള്‍ക്കുമുണ്ട്.
പുറത്തുവന്നിട്ടുള്ള അഭിപ്രായ സര്‍വേകളുടെ ശരാശരി എടുത്താല്‍ എന്‍ഡിഎക്ക് 110 സീറ്റും മഹാസഖ്യം 98 സീറ്റും നേടും എന്നതാണ്. ജന്‍സുരാജ് പാര്‍ട്ടിക്ക് 24 സീറ്റും സര്‍വേകള്‍ പ്രവചിക്കുന്നുണ്ട്. ഇത് ശരിയായാല്‍ പോലും ഒരു മുന്നണിക്കും കൃത്യമായ ഭൂരിപക്ഷമില്ല. എന്‍ഡിഎക്ക് 12 സീറ്റിന്റെയും മഹാസഖ്യത്തിന് 24 സീറ്റിന്റേയും കുറവാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. ഇവിടെയാണ് ജന്‍സുരാജ് പാര്‍ട്ടി നേടുന്ന 24 സീറ്റുകള്‍ നിര്‍ണായകമാവുന്നത്. അതോടെ ബീഹാറിന്റെ കിങ്‌മേക്കറായി പ്രശാന്ത് കിഷോര്‍ മാറും. അതേസമയം, എന്‍ഡിഎക്കും മഹാസഖ്യത്തിനും വലിയ ഭൂരിപക്ഷം പ്രവചിക്കുന്ന അഭിപ്രായ സര്‍വേകളും പുറത്തുവന്നിട്ടുണ്ട്. എസ്എന്‍ ന്യൂസ് പോളിന്റെ സര്‍വേ പ്രകാരം എന്‍ഡിഎക്ക് 177 സീറ്റാണ് ലഭിക്കുക. ന്യൂസ് വണ്‍ പോളിന്റെ സര്‍വേ പ്രകാരം 155 സീറ്റുകളാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്.
ചോരുന്നത് ആരുടെ വോട്ടുകള്‍?
ജെ.എസ്.പി (പീപ്പിള്‍സ് ഗുഡ് ഗവേണന്‍സ് പാര്‍ട്ടി) എന്ന ജന്‍ സുരാജ പാര്‍ട്ടി 2024 ഒക്ടോബര്‍ 2 ന് ഗാന്ധി ജയന്തിയോട് അനുബന്ധിച്ചാണ് പ്രശാന്ത് കിഷോര്‍ സ്ഥാപിച്ചത്. ഗാന്ധിയന്‍ തത്വങ്ങളിലും സാമൂഹിക ലിബറലിസത്തിലും വേരൂന്നിയ ഈ പാര്‍ട്ടി, ഒരു മൂന്നാം മുന്നണിയായി നിലകൊള്ളുകയാണ്. ബീഹാറിലെ ജനങ്ങളുമായി ഇടപഴകുന്നതിനും ഭരണപരമായ ഒരു രൂപരേഖ വികസിപ്പിക്കുന്നതിനുമായി കിഷോര്‍ ആരംഭിച്ച ഒരു ജനകീയ പ്രസ്ഥാനമായ ജന്‍ സുരാജ് അഭിയാനില്‍ നിന്നാണ് പാര്‍ട്ടി ഉയര്‍ന്നുവന്നത്. 2022 ഒക്ടോബര്‍ 2 ന് മഹാത്മാഗാന്ധിയുടെ 1917 -ലെ സത്യാഗ്രഹത്തിന്റെ സ്ഥലമായ ചമ്പാരനിലെ ഗാന്ധി ആശ്രമത്തില്‍ നിന്ന് സംസ്ഥാനവ്യാപകമായ ഒരു പദയാത്ര അദ്ദേഹം ആരംഭിച്ചിരുന്നു.
രണ്ടുലക്ഷത്തോളം പേര്‍ പങ്കെടുത്ത ഈ പരിപാടിയുടെ വിജയമാണ്് രാഷ്ട്രീയ പാര്‍ട്ടിക്ക് അടിത്തറയായത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രശാന്ത് കിഷോര്‍, 2021 മെയ് മാസത്തിലാണ് താന്‍ മുന്നണിയില്‍നിന്ന് പിന്നിണിയിലേക്ക് എത്തുകയാണെന്ന് അറിയിച്ചത്.ബീഹാറിലുടനീളം 3,500 കിലോമീറ്റര്‍ പദയാത്ര നടത്തി ജനങ്ങളെ നേരിട്ട് കണ്ടാണ് പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയുണ്ടാക്കിയത്. യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്. ഇത് പരമ്പാഗത വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
അതേസമയം പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി ചോര്‍ത്തുന്ന വോട്ടുകള്‍ ഏറെയും മഹാസഖ്യത്തിന്റെതാണ് എന്ന് ചിലര്‍ വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമൊപ്പം പോവേണ്ട ലിബറല്‍ വോട്ടുകള്‍ ഭിന്നിപ്പിക്കയാണ് പ്രശാന്ത് കിഷോര്‍ ചെയ്യുന്നതെന്നും, ആരോപണം ഉയരുന്നുണ്ട്.
അതിനിടെ വോട്ടെടുപ്പിന് തലേന്ന്, ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നതും വന്‍ വിവാദമായി. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ഗ്യേര്‍ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി സഞ്ജയ് സിങ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ആദ്യഘട്ട വോട്ടെടപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മുന്‍ഗ്യേ
ജന്‍സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി അവസാന നിമിഷം പിന്‍മാറിയതോടെ മത്സരം എന്‍ഡിഎയും മഹാസഖ്യവും തമ്മിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തില്‍ ബിഹാര്‍ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് സഞ്ജയ് സിങ് പറഞ്ഞു.
ജന്‍സുരാജ് പാര്‍ട്ടിയുടെ ആശയം മികച്ചതും പൊതുജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതുമായിരുന്നു എന്നാല്‍ യഥാര്‍ഥ മാറ്റം കൊണ്ടുവരാന്‍ ഉറച്ചതും ശക്തവുമായ ഒരു നേതൃത്വം ആവശ്യമാണ്, അത് ജനസൂരാജിന് നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
