നായ്ക്കളെ കൂട്ടി പതിവ് പ്രഭാത സവാരി; നര്‍മദ കനാല്‍ കരയില്‍ കളിക്കുന്നതിനിടെ നായ പെട്ടെന്ന് കനാലിലേക്ക് വീണു; രക്ഷിക്കാനായി ചാടിയ ബിജു പിള്ള മുങ്ങി മരിച്ചു; ബിജു ചാടിയത് മകളെ വിളിച്ചുപറഞ്ഞ ശേഷം; കണ്ണീര്‍ തോരാതെ കുടുംബം
നായയെ രക്ഷിക്കാന്‍ നര്‍മ്മദ കനാലില്‍ ചാടിയ 51 കാരന്‍ മരിച്ചു
വഡോഡര: നായയെ രക്ഷിക്കാന്‍ നര്‍മദ കനാലിലേക്ക് ചാടിയ 51 കാരന്‍ മുങ്ങി മരിച്ചു. നായ്ക്കളെയും കൊണ്ട് പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് ബിജു രഘുനാഥ് പിള്ളയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ബുധനാഴ്ച രാവിലെ 9.30 ഓടെ നഗരത്തിലെ ഗോര്‍വ മേഖലയില്‍ നര്‍മ്മദ കനാലിന് സമീപമാണ് സംഭവം. ദര്‍ശന്‍ ക്ലബ് ലൈഫ് ഏരിയയിലെ താമസക്കാരനാണ് ബിജു.
നര്‍മദ കനാല്‍ റോഡിലൂടെ തന്റെ ജര്‍മ്മന്‍ ഷെപ്പേഡ്, ഹസ്‌കി ഇനത്തില്‍ പെട്ട രണ്ടുനായ്ക്കളുമായി നടക്കുകയായിരുന്നു ബിജു. അതിനിടെ, നായ്ക്കളില്‍ ഒന്ന് കനാല്‍ വരമ്പിലൂടെ കളിക്കുമ്പോള്‍, പെട്ടെന്ന് കനാലിലേക്ക് തെന്നി വീണു. ' ജര്‍മ്മന്‍ ഷെപ്പേഡാണ് കനാലിലേക്ക് വീണത്. ഉടന്‍ തന്നെ നായയെ രക്ഷിക്കാന്‍ ബിജു വെള്ളത്തിലേക്ക് ചാടിയെങ്കിലും കുത്തൊഴുക്കില്‍ പെട്ട് മുങ്ങി പോവുകയായിരുന്നു', ലക്ഷ്്മിപുര പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പക്ടര്‍ എം ഡി ചൗധരി പറഞ്ഞു. കനാലില്‍ ചാടുന്നതിന് മുമ്പ് പിള്ള മകളെ വിളിച്ച് വിവരം അറിയിച്ചിരുന്നു.
ജര്‍മ്മന്‍ ഷെപ്പേഡിനെ ഇനിയും കണ്ടുകിട്ടിയിട്ടില്ല. ' നായ്ക്കായി തിരച്ചില്‍ തുടരുകയാണ്. ചിലപ്പോള്‍ നായ രക്ഷപ്പെട്ടിരിക്കും. എന്നാല്‍, ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.', ചൗധരി പറഞ്ഞു. തങ്ങള്‍ക്ക് രാവിലെ 9.45 നാണ് സഹായം ആവശ്യപ്പെട്ട് കോള്‍ എത്തിയതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. 'ബിജു പിള്ള വെള്ളത്തിലേക്ക് ചാടിയത് ചില നാട്ടുകാര്‍ കണ്ടിരുന്നു. കനാലിന്റെ കരയ്ക്കിരുന്ന് നായ ഹസ്‌കി വല്ലാതെ കുരയ്ക്കുന്നുണ്ടായിരുന്നു. തങ്ങള്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും ബിജു മരണപ്പെട്ടിരുന്നു. മൃതദേഹം പുറത്തെടുത്ത ശേഷം, പൊലീസിനെ അറിയിച്ചു'-അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു.