പക്ഷികള്‍ പതിവു ശീലങ്ങള്‍ മനുഷ്യരാശിക്ക് നല്‍കുന്നത് അശുഭകരമായ മുന്നറിയിപ്പോ? ദേശാടന പക്ഷികള്‍ പര്യടനം നടത്താതെ അമേരിക്കയില്‍ തുടരുന്നു; കാലാവസ്ഥാ വ്യതിയാനങ്ങള്‍ പക്ഷികളുടെ അതിജീവനം ബുദ്ധിമുട്ടാക്കുന്നുവെന്ന് കണ്ടെത്തലുകള്‍
പക്ഷികള്‍ പതിവു ശീലങ്ങള്‍ മനുഷ്യരാശിക്ക് നല്‍കുന്നത് അശുഭകരമായ മുന്നറിയിപ്പോ?
ന്യൂയോര്‍ക്ക്: അമേരിക്കയിലുടനീളം പക്ഷികള്‍ അവരുടെ ചില പതിവ് ശീലങ്ങള്‍ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് തുടര്‍ന്നാല്‍ മനുഷ്യരാശിക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും ഈ പക്ഷികള്‍ അവരുടെ ദേശാടന രീതികള്‍ ഉപേക്ഷിക്കുകയാണ്. ശൈത്യകാല ആവാസ വ്യവസ്ഥകളിലെ ഉയര്‍ന്ന താപനില അവയുടെ വര്‍ഷം തോറുമുള്ള പറക്കലിന് തടസമായി മാറുന്നു എന്നാണ് കരുതപ്പെടുന്നത്.
ഇത്തരത്തിലുള്ള പല പക്ഷികളും ദക്ഷിണേന്ത്യയിലേക്കാണ് പറന്നെത്താറുള്ളത്. ഇത് വലിയൊരു പ്രശ്നമായി തോന്നില്ലെങ്കിലും കോര്‍ണല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ഫാര്‍ണ്‍സ്വര്‍ത്ത് മുന്നറിയിപ്പ് നല്‍കുന്നത് ഇത് നിരവധി പക്ഷി വര്‍ഗ്ഗങ്ങളുടെ വംശനാശത്തിനും പ്രകൃതിയെ ഗണ്യമായി മാറ്റുന്നതിനും കാരണമാകുമെന്നാണ്. കീടങ്ങളെ നിയന്ത്രിക്കാനും വിത്തുകള്‍ വ്യാപിപ്പിക്കാനും സസ്യങ്ങളില്‍ പരാഗണം നടത്താനും എല്ലാം ഈ പക്ഷികള്‍ വളരെ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്.
ഇത് മനുഷ്യര്‍ക്കും വലിയ തോതിലാണ് സഹായകരമായി മാറുന്നത്. മനുഷ്യര്‍ ഭക്ഷണത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന സസ്യങ്ങളില്‍ ഏകദേശം അഞ്ച് ശതമാനവും പരാഗണം നടത്താന്‍ പക്ഷികളെയാണ് ആശ്രയിക്കുന്നത്. ഋതുക്കള്‍ മാറുമ്പോള്‍ ഭക്ഷണം കണ്ടെത്താന്‍ പാടുപെടുന്നതിനാല്‍ കൂടുതല്‍ പക്ഷികള്‍ ചത്തൊടുങ്ങുകയാണെങ്കില്‍, ഭക്ഷ്യോത്പാദനം കുറയുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാവുകയും ചെയ്യും. ആര്‍ട്ടിക്, വടക്കന്‍ വനങ്ങള്‍ പോലുള്ള സ്ഥലങ്ങളില്‍ ഉയരുന്ന താപനിലയും കാട്ടുതീ പോലുള്ള പ്രശ്നങ്ങളും പക്ഷികളുടെ അതിജീവനം ബുദ്ധിമുട്ടാക്കുന്നുവെന്ന് ഫാര്‍ണ്‍സ്വര്‍ത്ത് വെളിപ്പെടുത്തി.
അടുത്ത 50 വര്‍ഷത്തിനുള്ളില്‍ 389 വടക്കേ അമേരിക്കന്‍ പക്ഷി വര്‍ഗ്ഗങ്ങള്‍ വംശനാശത്തിന് ഇരയാകുമെന്ന് നാഷണല്‍ ഓഡുബണ്‍ സൊസൈറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2080 ആകുമ്പോഴേക്കും ഈ പക്ഷികള്‍ക്ക് അവയുടെ ആവാസ വ്യവസ്ഥയുടെ പകുതിയിലധികം നഷ്ടപ്പെടുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 1970 മുതല്‍ വടക്കേ അമേരിക്കയിലെ ഏകദേശം മൂന്ന് ബില്യണ്‍ പക്ഷികള്‍ നഷ്ടപ്പെട്ടതായി കോര്‍ണല്‍ ലാബ് ഓഫ് ഓര്‍ണിത്തോളജി നടത്തിയ പഠനത്തില്‍ കണ്ടെത്തി.
പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോള്‍, അത് വാഴപ്പഴം, കാപ്പി, കൊക്കോ തുടങ്ങിയ ഉഷ്ണമേഖലാ സസ്യങ്ങളുടെ പരാഗണത്തെ വേഗത്തില്‍ ബാധിക്കുന്നു. ഓര്‍ക്കിഡുകള്‍ അല്ലെങ്കില്‍ കറ്റാര്‍ ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത ഔഷധങ്ങളിലോ ഫാര്‍മസ്യൂട്ടിക്കലുകളിലോ ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളും കുറഞ്ഞേക്കാം. ഇത് പ്രകൃതിദത്ത ചികിത്സയ്ക്കും വലിയ തോതിലുളള
പ്രതിസന്ധി സൃഷ്ടിക്കും. കാലാവസ്ഥാ വ്യതിയാനം, കീടനാശിനികള്‍, നഗരവികസനം തുടങ്ങിയ കാരണങ്ങളാല്‍ പ്രതിസന്ധിയിലായ പക്ഷികള്‍ക്ക് അവയുടെ ആവാസസ്ഥലങ്ങള്‍ നഷ്ടപ്പെടുന്നതാണ് ഈ കൂട്ട വംശനാശത്തിന്റെ പ്രധാന പ്രേരകഘടകമെന്ന് കണ്ടെത്തി.
വര്‍ദ്ധിച്ചുവരുന്ന ആഗോള താപനില ഋതുക്കളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് ചൂടുള്ള പ്രദേശങ്ങളിലെ പക്ഷികള്‍ പതിവിലും നേരത്തെയോ വൈകിയോ നാട് വിടാന്‍ കാരണമാകുന്നു. പക്ഷികള്‍ പട്ടിണി കിടക്കുകയും, അനുയോജ്യമായ ഒരു പാര്‍പ്പിടം കണ്ടെത്താതിരിക്കുകയും, ഇണയെ കണ്ടെത്താന്‍ പാടുപെടുകയും ചെയ്തേക്കാം, ഇത് ശൈത്യകാലത്ത് പക്ഷികള്‍ കുറഞ്ഞുവരുന്നതിനാല്‍ എണ്ണം കുറയുന്നതിലേക്ക് നയിച്ചേക്കാം. ബ്ലാക്ക്-ത്രോട്ടഡ് ബ്ലൂ വാര്‍ബ്ലര്‍, റെഡ് നോട്ട്, സ്വെയിന്‍സണ്‍സ് ത്രഷ് എന്നിവയുള്‍പ്പെടെ യുഎസിലെ നിരവധി ജീവിവര്‍ഗങ്ങളെ ഈ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ഇതിനകം ബാധിച്ചിട്ടുണ്ട്.