മാനന്തവാടിക്കാരന്‍ വൈദികന്‍ ജോണ്‍ യുകെയില്‍ എത്തുന്നത് 2001ല്‍; 17 വര്‍ഷത്തോളം ആംഗ്ലിക്കന്‍ സഭയ്ക്കായി പ്രധാന പദവികള്‍ വഹിച്ചപ്പോള്‍ ബിഷപ്പായും നിയമനം; ബ്രിട്ടനിലെ പ്രഭു സഭയില്‍ വരെ എത്തേണ്ടയാള്‍ ആറു വര്‍ഷത്തിനുള്ളില്‍ നിഷ്‌കാസിതനാകുമ്പോള്‍ ഉയര്‍ച്ചയും വീഴ്ചയും എത്തുന്നത് അതിവേഗതയില്‍; രാജി നല്‍കിയത് ചാള്‍സ് രാജാവിന്; സഭ കടുത്ത പ്രയാസത്തില്‍
മാനന്തവാടിക്കാരന്‍ വൈദികന്‍ ജോണ്‍ രാജി നല്‍കിയത് ചാള്‍സ് രാജാവിന്
ലണ്ടന്‍: അതിവേഗതയിലുള്ള ഉയര്‍ച്ചയും താഴ്ചയും. ബ്രിട്ടനില്‍ മലയാളികള്‍ക്കിടയില്‍ നിന്നും ആദ്യമായി ബിഷപ്പായി നിയമിതനാകാന്‍ ഭാഗ്യം ലഭിച്ച മാനന്തവാടിക്കാരന്‍ ഡോ. ജോണ്‍ പെരുമ്പളത്ത് തന്നെയാണ് ആദ്യമായി ആ പദവിയില്‍ നിന്നും രാജി വച്ച് പോകേണ്ടി വന്ന ഹതഭാഗ്യനും. ഒരു തരത്തില്‍ അതിവേഗ ഉയര്‍ച്ച വന്ന വേഗതയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ വീഴ്ചയും സംഭവിച്ചിരിക്കുന്നത്. സ്ത്രീ പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഭാവിയില്‍ ബ്രിട്ടനിലെ പ്രഭുസഭയില്‍ പോലും എത്തേണ്ടിയിരുന്ന ബിഷപ് ജോണ്‍ പെരുമ്പളത്തിനു രാജി വയ്ക്കേണ്ടി വന്നിരിക്കുന്നത്.
തുടക്കത്തില്‍ പോലീസ് അന്വേഷിച്ച ശേഷം തെളിവില്ലാതെ തള്ളിയ കേസുകളാണ് എന്ന് വാദിച്ചു നില്‍ക്കാന്‍ ജോണ്‍ പെരുമ്പളം ശ്രമിച്ചെങ്കിലും മാധ്യമങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നതോടെ സഭയും സമ്മര്‍ദ്ദത്തിലായി എന്നാണ് പൊടുന്നനെ എത്തിയ രാജിയിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം രാത്രി പോലും അദ്ദേഹത്തിന്റെ ബിഷപ്പ് ഓഫിസ് പരിസരത്തു നിന്നും ലൈവ് റിപ്പോര്‍ട്ടിങ് നടത്തിയ ചാനലുകള്‍ അദ്ദേഹത്തിന്റെ രാജി മണത്തറിഞ്ഞെന്ന് വേണം അനുമാനിക്കാന്‍.
മാധ്യമ വാര്‍ത്തകള്‍ കൂടുതല്‍ സജീവമാകും മുന്‍പേ രാജി വയ്ക്കാനുള്ള നിര്‍ദേശമായിരിക്കണം അദ്ദേഹത്തിന് ലഭിച്ചിരിക്കുക. ആറു വര്‍ഷം മുന്‍പ് ചെംസ്‌ഫോര്‍ഡില്‍ പുരോഹിതനായി സേവനമനുഷ്ഠിക്കവെയാണ് അദ്ദേഹത്തെ ബിഷപ്പായി വാഴിക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് കൂടുതല്‍ വിശാലമായ ലിവര്‍പൂള്‍ രൂപതയിലേക്ക് സ്ഥലമാറ്റം സംഭവിക്കുകയും ചെയ്തു. ഇതിനിടയില്‍ യുകെയിലെ മലയാളി സമൂഹത്തിനു കൂടുതല്‍ അഭിമാനവും ആവേശവുമായി രണ്ടാമത്തെ ബിഷപ്പും ചുമതലയേറ്റു. ലഫ്ബറോ ബിഷപ്പായി നിയമിതനായ സജു മുതലാളിയാണ് ആംഗ്ലിക്കന്‍ സഭയില്‍ മലയാളി സാന്നിധ്യത്തിന് കൂടുതല്‍ ആവേശമായി മാറിയത്. മലയാളികള്‍ക്കിടയില്‍ നിന്നും ആദ്യമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ചുമതലയേറ്റ ബിഷപ്പ് ആണെങ്കിലും ഡോ. ജോണ്‍ പെരുമ്പളത്ത് വളരെ അപൂര്‍വമായി മാത്രമേ മലയാളി ചടങ്ങില്‍ എത്തിയിട്ടുള്ളൂ.
''തെറ്റുകാരനായതുകൊണ്ടല്ല രാജി, അനാവശ്യ ചര്‍ച്ചകള്‍ അവസാനിക്കട്ടെ''
കണക്ക് അധ്യാപികയായ ഭാര്യ ജെസിയും ഏക മകളുമായി വലിയൊരു രൂപതയുടെ അധിപനായി കഴിയവെയാണ് തികച്ചും അപ്രതീക്ഷിതമായി ബിഷപ്പെന്ന സ്ഥാനത്തു നിന്നും ഡോ. ജോണ്‍ പെരുമ്പളത്തിന്റെ വീഴ്ച സംഭവിച്ചിരിക്കുന്നത്. വളരെ അപൂര്‍വമായി സംഭവിക്കുന്ന കാര്യം എന്ന നിലയില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ രാജി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കുകയാണ്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധിപന്‍ എന്ന നിലയില്‍ ചാള്‍സ് രാജാവിനാണ് ഡോ. ജോണ്‍ പെരുമ്പളത്ത് രാജി നല്‍കിയത്. The letter states: 'Having sought the permission of His Majesty the King, I have today taken the decision to retire from active ministry.' എന്ന് കുറിക്കുന്ന ഒറ്റവരി വാചകമാണ് രാജിക്കത്തില്‍ ഉള്ളതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാനല്‍ ഫോര്‍ ന്യൂസ് ടീം ആണ് ഏറെ വിവാദമായ പീഡന കേസ് പുറത്ത് എത്തിച്ചത്. എന്നാല്‍ തെറ്റ് അംഗീകരിച്ചുള്ള നടപടിയായി തന്റെ രാജിയെ കാണേണ്ടെന്നും അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കുക എന്നതാണ് തന്റെ രാജി വഴി ഉദ്ദേശിക്കുന്നത് എന്നും ജോണ്‍ പെരുമ്പളത്തു പറയുന്നു. മാധ്യമങ്ങള്‍ തനിക്കെതിരെ വിചാരണ നടത്തുന്ന കാര്യവും സ്ഥാനമൊഴിഞ്ഞ നടപടിക്ക് കാരണമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഏറെക്കാലം നീണ്ടുനില്‍ക്കാവുന്ന നിയമ നടപടികളാകും ഇനി നേരിടേണ്ടി വരിക എന്നതും അദ്ദേഹത്തെ രാജിക്ക് പ്രേരിപ്പിച്ച ഘടകമാണ്.
ചെംസ്‌ഫോര്‍ഡില്‍ സേവനം ചെയ്യവെയാണ് ഡോ. ജോണ്‍ അകാരണമായി തന്നെ ചുംബിച്ചത് എന്ന് ഒരു സ്ത്രീ പരാതിയുമായി രംഗത്ത് എത്തിയത്. ലൈംഗികമായ ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് ഒരു വനിതാ ബിഷപ്പും ചാനല്‍ ഫോറിനോട് പരാതിപ്പെട്ടിരുന്നു. 2023ല്‍ പരാതി ആദ്യമായി ഉയര്‍ന്നത് മുതല്‍ നാഷണല്‍ സേഫ് ഗാര്‍ഡിംഗ് സംഘം ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ബിഷപ്പിനെതിരെ കേസെടുക്കാന്‍ നിര്‍വ്വാഹമില്ലെന്ന നിലയിലേക്ക് എത്തുകയുമായിരുന്നു. എന്ന് മുതലാണ് അദ്ദേഹത്തിന്റെ രാജി പ്രാബല്യത്തില്‍ എത്തുകയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടെങ്കിലും ഇന്ന് മുതല്‍ താന്‍ പദവിയില്‍ ഇല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
അതിനിടെ ലിവര്‍പൂള്‍ രൂപതയിലെ മുതിര്‍ന്ന സ്ഥാനങ്ങളില്‍ ഉള്ള പുരോഹിതര്‍ ഉള്‍പ്പെടെ ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ടു യോര്‍ക്ക് അതിരൂപത അധ്യക്ഷന് കത്ത് എഴുതിയതും പെരുമ്പളത്തിന്റെ രാജി വേഗത്തിലാക്കി. തനിക്കൊപ്പം നില്‍ക്കാന്‍ ആരുമില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അതിവേഗ രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. രാജി വാര്‍ത്ത പുറത്തു വന്നതോടെ ഇതാണ് തങ്ങള്‍ ആഗ്രഹിച്ചിരുന്നത് എന്നും ലിവര്‍പൂള്‍ രൂപത അധികൃതര്‍ വ്യക്തമാക്കി. ഡീന്‍ ഓഫ് ലിവര്‍പൂള്‍, ആര്‍ച്ച് ഡീക്കന്‍ ഓഫ് ലിവര്‍പൂള്‍, ആര്‍ച്ച് ഡീക്കന്‍ ഓഫ് കനൗസ്ലി എന്നിവരൊക്കെ പെരുമ്പളത്തു രാജി വയ്ക്കുന്നതാണ് അഭികാമ്യം എന്ന് വ്യക്തമാക്കിയിരുന്നവരാണ്.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെ കാത്തു വിടാതെ പ്രശ്‌നങ്ങള്‍, ബില്‍ അടയ്ക്കാന്‍ പോലും പണമില്ലാതെ കത്തീഡ്രലുകള്‍
പ്രതാപത്തിന്റെ കാലമൊക്കെ അസ്തമിയ്ക്കുകയാണ് എന്ന സൂചനയാണ് ഓരോ സമയവും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെ തേടി എത്തുന്ന വിവാദങ്ങളും പ്രശ്‌നങ്ങളും തെളിയിക്കുന്നത്. കാന്റര്‍ബറി ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി രാജി വച്ച ചൂടാറും മുന്‍പേ മലയാളിയായ ഡോ. ജോണ്‍ പെരുമ്പളത്തിന്റെ രാജി കൂടി ആയതോടെ കൂടുതല്‍ വിവാദങ്ങളും സഭയെ തേടിയെത്തും എന്നുറപ്പാണ്. ഒരു കാലത്തു പ്രതാപത്തിന്റെ മറുവാക്കായിരുന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഇപ്പോള്‍ തകര്‍ന്ന തറവാട് പോലെ ആയ സ്ഥിതിയില്‍ എത്തുമ്പോള്‍ ഇത്തരത്തില്‍ ഉള്ള വിവാദങ്ങളില്‍ പിടിച്ചു നില്‍ക്കാനാകാതെ ആടിയുലയും എന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്കകള്‍.
ബില്‍ അടയ്ക്കാന്‍ പണം ഇല്ലാതെ പീറ്റര്‍ബറോ കത്തീഡ്രല്‍ വില്‍ക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ സഭയുടെ സാമ്പത്തിക അസ്ഥിവാരം തോണ്ടിക്കഴിഞ്ഞ നിലയിലാണ് എന്ന് തെളിയിക്കുന്ന ഉദാഹരണമാണ്. ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രെസ്റ്റണ്‍ കത്തീഡ്രല്‍ നടത്തിക്കൊണ്ടു പോകാന്‍ പണമില്ലാതെ മലയാളികളുടെ സഭയായ സീറോ മലബാറിനെ ഏല്‍പിച്ചപ്പോള്‍ പ്രാദേശിക ജനരോഷം ഉയര്‍ന്നതും കൂട്ടി വായിക്കേണ്ടതാണ്. പ്രധാന ആരാധനാലയങ്ങള്‍ പോലും സംരക്ഷിക്കാനാകാതെ പ്രയാസപ്പെടുന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് അതിന്റെ പുരോഹിത ശ്രേണിയില്‍ അടിക്കടി ഉണ്ടാകുന്ന ആരോപണങ്ങളും വിവാദങ്ങളും നിസാരമായി മറികടന്നു പോകാനാകില്ല എന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.