ബലൂചിസ്ഥാന്‍ ട്രെയിന്‍ റാഞ്ചിയവരെ വധിച്ചെന്ന് പാക്കിസ്ഥാന്‍ സൈന്യം; ബന്ദികളെ എല്ലാവരെയും മോചിപ്പിച്ചു; കൊല്ലപ്പെട്ടത് ബലൂച് ലിബറേഷന്‍ ആര്‍മിയിലെ 33 പേര്‍; സംഭവത്തില്‍ കൊല്ലപ്പെട്ടത് 50 യാത്രക്കാരും; ലോക്കോ പൈലറ്റു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍

ബലൂചിസ്ഥാന്‍ ട്രെയിന്‍ റാഞ്ചിയവരെ വധിച്ചെന്ന് പാക്കിസ്ഥാന്‍ സൈന്യം

Update: 2025-03-13 01:20 GMT

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) സായുധ സംഘടന ബന്ദിയാക്കിയ ട്രെയിന്‍ യാത്രക്കാരെ മുഴുവന്‍ മോചിപ്പിച്ചെന്നും രക്ഷാദൗത്യം അവസാനിച്ചെന്നും പാക് സുരക്ഷാ സേന അറിയിച്ചു. സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുവച്ചുകെട്ടി ട്രെയിനിലുണ്ടായിരുന്ന 33 ബിഎല്‍എ ചാവേറുകളെ വധിച്ചതായും സൈന്യം അവകാശപ്പെട്ടു.

അതേസമയം 50 യാത്രക്കാരെ വധിച്ചതായി ബിഎല്‍എയും പത്രക്കുറിപ്പിറക്കി. 21 യാത്രക്കാരും നാല് സൈനികരും കൊല്ലപ്പെട്ടതായാണ് പാക് സൈന്യം അറിയിച്ചത്. ട്രെയിനിലെ എല്ലാ ബോഗികളിലും രക്ഷാസൈന്യമെത്തി യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നു സൈന്യം വ്യക്തമാക്കുന്നത്. എന്നാല്‍ ബിഎല്‍എയുടെ കൈവശം കൂടുതല്‍ ബന്ദികളുണ്ടോയെന്നു വ്യക്തമല്ല.

ഇക്കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാന്‍ സായുധ സംഘത്തിന്റെ തട്ടിക്കൊണ്ടുപോകല്‍ നടന്നത്. അതേ സമയം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബിഎല്‍എ തന്നെയാണ് ട്രെയിന്‍ തട്ടിയെടുക്കുന്നതിന്റേയും യാത്രികരെ ബന്ദിയാക്കുന്നതിന്റേയും വീഡിയോ പുറത്ത് വിട്ടത്. ട്രെയിന്‍ പോകുമ്പോള്‍ ട്രാക്കില്‍ സ്‌ഫോടനം നടക്കുന്നതും തുടര്‍ന്ന് ഒളിഞ്ഞിരുന്ന ബിഎല്‍എ സായുധസംഘം ജാഫര്‍ എക്പ്രസ് ട്രെയിനിനടുത്തേക്ക് ഇരച്ചെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

ട്രെയിന്‍ വളഞ്ഞ് യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത മലയിടുക്കാണ് ആക്രമണത്തിനായി ബിഎല്‍എ സംഘം തിരഞ്ഞെടുത്തത്. സൈനികര്‍ക്കോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ പെട്ടെന്ന് എത്തിച്ചേരാന്‍ പറ്റാത്ത സ്ഥലമാണിത്. കൃത്യമായ ആസൂത്രണം നടത്തിയാണ് ട്രെയിന്‍ റാഞ്ചല്‍ നടത്തിയിരിക്കുന്നതെന്ന് പുറത്തു ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്.

ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയില്‍നിന്നു 160 കിലോമീറ്റര്‍ അകലെ പര്‍വതമേഖലയില്‍ പാളം തകര്‍ത്തശേഷമാണു ചൊവ്വാഴ്ച ബിഎല്‍എ ട്രെയിന്‍ പിടിച്ചെടുത്തത്. ക്വറ്റയില്‍നിന്നു പെഷാവാറിലേക്കുള്ള ട്രെയിനില്‍ 9 കോച്ചുകളിലായി 425 യാത്രക്കാരാണുണ്ടായിരുന്നത്.

2 ലോക്കോ പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചതായി ബിഎല്‍എ അവകാശപ്പെട്ടെങ്കിലും ഇതു ശരിയല്ലെന്നാണു പാക്ക് അധികൃതര്‍ അറിയിച്ചത്. ബന്ദികളായ യാത്രക്കാര്‍ക്കൊപ്പം ഓരോ കോച്ചിലും സ്‌ഫോടക വസ്തുക്കള്‍ ദേഹത്തുവച്ചുകെട്ടിയ ചാവേറുകള്‍ ഉണ്ടായിരുന്നതിനാല്‍ ഏറെ ശ്രമകരമായിരുന്നു രക്ഷാപ്രവര്‍ത്തനം. ട്രെയിന്‍ നിര്‍ത്തിയിട്ട സ്ഥലത്ത് കനത്ത വെടിവയ്പ് നടന്നു.

പാക്ക് ജയിലിലുള്ള ബലൂച് രാഷ്ട്രീയ തടവുകാരെയും സൈന്യം തട്ടിക്കൊണ്ടുപോയ ആക്റ്റിവിസ്റ്റുകളെയും 48 മണിക്കൂറിനകം വിട്ടയയ്ക്കണമെന്നായിരുന്നു ബിഎല്‍എയുടെ ആവശ്യപ്പെട്ടത്. പാക്ക് സര്‍ക്കാരിനെതിരെ സായുധസമരം നടത്തുന്ന ബിഎല്‍എ കഴിഞ്ഞ നവംബറില്‍ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 26 പേരാണു കൊല്ലപ്പെട്ടത്.

Tags:    

Similar News