കോടതിയോട് ബഹുമാനം മാത്രം; വിവരമുള്ള ആരും കോടതിയോട് കളിക്കില്ല; മാപ്പു പറയാന്‍ തയ്യാര്‍; ജയിലില്‍ നിന്നും റിലീസ് വൈകിയത് ഇന്നലെ ജാമ്യ ഉത്തരവ് എത്താന്‍ വൈകിയതിനാല്‍; നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്; ഹൈക്കോടതി കുടഞ്ഞപ്പോള്‍ നല്ലകുട്ടിയായി ബോബി ചെമ്മണ്ണൂര്‍
കോടതിയുടെ ബഹുമാനം മാത്രം; വിവരമുള്ള ആരും കോടതിയോട് കളിക്കില്ല
കൊച്ചി: ഹൈക്കോടതി എടുത്തിട്ട് കുടഞ്ഞപ്പോള്‍ നിലപാട് മാറ്റി ബോബി ചെമ്മണ്ണൂര്‍. കോടതിയുടെ ബഹുമാനം മാത്രമാണ് തനിക്കുള്ളതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. വിവരമുള്ള ആരും കോടതിയോട് കളിക്കില്ല. മാപ്പു പറയാന്‍ തയ്യാറാണെന്നും ബോബി പറഞ്ഞു. ജയിലില്‍ നിന്നും റിലീസ് വൈകിയത് ഇന്നലെ ജാമ്യ ഉത്തരവ് എത്താന്‍ വൈകിയത് കൊണ്ടാണ്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ബോബി മാധ്യമങ്ങളോട് പറഞ്ഞു.
തമാശയ്ക്കാണെങ്കിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്നും ബോബി പറഞ്ഞു. നമ്മള്‍ കാരണം ആര്‍ക്കും വേദനയുണ്ടാകാന്‍ പാടില്ല. തമാശ രൂപേണയാണ് സാധാരണ സംസാരിക്കാറ്. വളരെ സൂക്ഷിച്ചേ ഇനി സംസാരിക്കൂ എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ജയിലില്‍ ജാമ്യം ലഭിച്ചിട്ടും തുക ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്തവരുണ്ട്. അവരെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു. ബോ ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ഒരുകോടി രൂപ ലീഗല്‍ എയിഡിന് വേണ്ടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെ ധിക്കരിച്ചാണ് പുറത്തിറങ്ങാത്തതെന്ന് പറയുന്നത് തെറ്റാണ്. ജാമ്യം നല്‍കികൊണ്ടുള്ള പേപ്പറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ വിശദീകരിച്ചു.
റിമാന്‍ഡ് തടവുകാര്‍ക്ക് വേണ്ടി മനപൂര്‍വം ജയിലില്‍ തുടര്‍ന്നിട്ടില്ല. കോടതി ഉത്തരവ് ഒപ്പിടാന്‍ എത്തിച്ചത് ഇന്ന് രാവിലെയാണ്.
തന്റെ ഉദേശ്യ ശുദ്ധി നല്ലതായിരുന്നു. ഫാന്‍സിനോട് ജയിലിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നു. വന്നാല്‍ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍. ജയിലിന് പുറത്ത് തനിക്ക് പിന്തുണ പ്രഖ്യപിച്ചത് ആരൊക്കെയാണെന്നതില്‍ വ്യക്തതയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ബോബിക്കെതിരെ ഉയര്‍ത്തിയത്. ബോബി ജയിലില്‍നിന്ന് ഇറങ്ങാതിരുന്നതു ഗൗരവമായെടുത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. വീണ്ടും 10.15ന് പരിഗണിക്കാനിരിക്കെയാണ്, ജയിലിലെ ഓഫിസ് സമയമായ രാവിലെ 10ന് മുന്‍പായിത്തന്നെ അതിവേഗം ബോബി പുറത്തിറങ്ങിയത്. അപ്പോഴായിരുന്നു ബോബിയുടെ വിവാദ പ്രതികരണം. അഭിഭാഷകര്‍ ബലം പ്രയോഗിച്ചാണ് ബോബിയെ അവിടെ നിന്നും കൊണ്ടു പോയത്.
ലൈംഗിക അധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരേ വീണ്ടും കടുപ്പിച്ച് ഹൈക്കോടതി നിലപാട് എടുത്തിട്ടുണ്ട്. ജാമ്യം അനുവദിച്ചിട്ടും ചൊവ്വാഴ്ച പുറത്തിറങ്ങാത്തതില്‍ കൃത്യമായി മറുപടി വേണമെന്ന് കോടതി പറഞ്ഞു. ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നെന്നാണ് ബോബിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ബോബിയുടെ അഭിഭാഷകരുടെ വാദങ്ങള്‍ സ്വീകാര്യമല്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. കേസ് 1:45ന് വീണ്ടും പരിഗണിക്കും. ഈ സമയത്ത് വ്യക്തമായ മറുപടി നല്‍കണമെന്ന് കോടതി പറഞ്ഞു.
ജയിലിന് പുറത്തിറങ്ങിയ ശേഷം ബോബി മാധ്യമങ്ങളോട് പറഞ്ഞത് എന്താണെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി. റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരാണ്. അതിന് ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ട്. കോടതിക്കെതിരേ യുദ്ധപ്രഖ്യാനമാണോയെന്നും ബോബി നിയമത്തിന് മുകളിലാണോയെന്നും കോടതി ചോദിച്ചു. ഇതോടെ ജയിലിന് പുറത്ത് ബോബി പറഞ്ഞത് കേസില്‍ നിര്‍ണ്ണായകമായി മാറും.
''ഭക്ഷണം കഴിച്ചിട്ട് ഹോട്ടലില്‍ ബില്‍ കൊടുക്കാത്തതിന് അറസ്റ്റിലായവര്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്. ഇത്തരത്തില്‍ 10-26 കേസുകള്‍. അവരൊക്കെ 5000, 10000 രൂപയില്ലാത്തതിനാല്‍ ജാമ്യം കിട്ടാതെ വിഷമിക്കുന്നവരാണ്. ഇവര്‍ എന്റെയടുത്തു വന്നപ്പോള്‍ ഞാന്‍ പരിഹരിക്കാമെന്നു പറഞ്ഞു. അവരെ സഹായിക്കാനാണ് ഒരു ദിവസം കൂടി ജയിലില്‍നിന്നത്''-ഇതായിരുന്നു ബോബിയുടെ വിശദീകരണം. കോടതിയലക്ഷ്യമല്ലെന്നും ജാമ്യ ഉത്തരവിന്റെ കടലാസ് ഇന്നാണു കിട്ടിയതെന്നും ചോദ്യങ്ങളോടു ബോബി പ്രതികരിക്കുകയും ചെയ്തു.
ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലില്‍നിന്നു പുറത്തിറങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു പുതിയ സംഭവവികാസങ്ങള്‍. പിന്നാലെ ബോബി ജയില്‍മോചിതനായി. ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയിയിരുന്നില്ല. നടപടിക്രമങ്ങള്‍ നീണ്ടു പോയതിനാല്‍ പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു എന്നാണ് അഭിഭാഷകര്‍ പറഞ്ഞത്.