തടവുകാരുടെ വിഷയം താന്‍ എറ്റെടുക്കുന്നുവെന്ന പ്രഖ്യാപനം കോടതിയോടുള്ള വെല്ലുവിളി; നിരുപാധികം മാപ്പു പറഞ്ഞ സ്വര്‍ണ്ണക്കട മുതലാളി; ഇനി വാ തുറക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞിട്ടുണ്ടെന്ന് അഭിഭാഷകന്‍; ഇനി മേലില്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അഡ്വക്കേറ്റ്; ആ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ മാതൃകയാകുമ്പോള്‍

Update: 2025-01-15 08:42 GMT

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. ബോബി ചെമ്മണ്ണൂര്‍ തെറ്റു ചെയ്തുവെന്നും എന്നാല്‍ നിരുപാധിക മാപ്പപേക്ഷ നല്‍കിയ സാഹചര്യത്തില്‍ ആ കേസ് അവസാനിപ്പിക്കുകായണ് ഹൈക്കോടതി. ഇനി ബോബി ചെമ്മണ്ണൂര്‍ വാ തുറക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ചെയ്ത്. ബോബിയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായും അഭിഭാഷകന്‍ കോടതി അറിയിച്ചു. ഈ സാഹചര്യത്തിലാണ് നിരുപാധിക മാപ്പപേക്ഷ അംഗീകരിക്കുന്നത്. മറ്റ് തടവുകാരുടെ പ്രശ്നം ഏറ്റെടുക്കുന്നുവെന്ന് പറയുന്നത് കോടതിയെ വെല്ലുവിളിക്കലാണെന്ന് കോടതി പറഞ്ഞു. അപ്പോഴാണ് ഇനി അങ്ങനെയൊന്നും പറയില്ലെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു. തീര്‍ത്തും നിയമപരമായ ഇടപെടലാണ് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ നടത്തിയത്. കോടതിയെ അപാനിച്ച പ്രതിയ്ക്കെതിരെ വൈരാഗ്യ ബുദ്ധിയാല്‍ ഒന്നും ചെയ്തില്ല. ആ പ്രതിയെ കൊണ്ട് തിരുത്തല്‍ ഉറപ്പാക്കിക്കുന്നു. കോടതി കൂടും മുമ്പ് തന്നെ ബോബി ചെമ്മണ്ണൂര്‍ പരസ്യമായി തന്നെ കോടതിയോട് മാപ്പും പറഞ്ഞു. നിയമ വ്യവസ്ഥയാണ് രാജ്യത്ത് ഏറ്റവും പ്രധാനമെന്ന സന്ദേശമാണ് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ ബോബിയ്ക്കെതിരായ നിലപാടിലൂടെ നല്‍കിയത്. അത് ഏല്ലാവരും അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ കോടതി നടപടികള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ സുപ്രധാന ഏടായി മാറുകയും ചെയ്യും.

കോടതിയെ അപമാനിക്കാന്‍ വേണ്ടിയാണ് ബോബി എല്ലാം ചെയ്തതെന്ന് വ്യക്തമായിരുന്നു. റിലീസ് ഓര്‍ഡര്‍ അടക്കം ഇന്നലെ കൃത്യമായി പുറത്തിറങ്ങിയെന്ന് ജസ്റ്റീസ് തിരിച്ചറിഞ്ഞിരുന്നു. നിയമത്തെ വെല്ലുവിളിച്ച് മാധ്യമങ്ങളില്‍ താരമാകാനായിരുന്നു ശ്രമം. ജാമ്യ തുക കെട്ടിവയ്ക്കാന്‍ കഴിയാത്തതു കൊണ്ട് ജയിലില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി ജാമ്യത്തില്‍ ഇറങ്ങുന്നില്ലെന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം വിലയിരുത്തലെത്തിയത്. ഇതോടെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. അപ്പോഴും ഒരു പ്രതി നിരുപാധികം മാപ്പു പറയുമ്പോള്‍ കടുത്ത നടപടികളിലേക്ക് കോടതി പോയില്ല. എന്നാല്‍ ഹൈക്കോടതിയുടെ അധികാരം എന്തെന്നും ഹൈക്കോടതിയെ പണം കൊടുക്ക് വാങ്ങാന്‍ കഴിയില്ലെന്നും കൂടി പറഞ്ഞു വയ്ക്കുകയായിരുന്നു ജസ്റ്റീസ് കുഞ്ഞികൃഷ്ണന്‍. എല്ലാ അര്‍ത്ഥത്തിലും നീതി ന്യായ വ്യവസ്ഥയുടെ മൂല്യം ഉയര്‍ത്തിപിടിക്കുകയായിരുന്നു ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍, അസാധാരണ ഇടപെടലാണ് ബോബിയെ പാഠം പഠിപ്പിക്കാന്‍ ഹൈക്കോടതി എടുത്തത്. നേരത്തെ മാധ്യമങ്ങളോടും ബോബി നിലപാട് അറിയച്ചിരുന്നു. ഹൈക്കോടതി എടുത്തിട്ട് കുടഞ്ഞപ്പോള്‍ നിലപാട് മാറ്റി ബോബി ചെമ്മണ്ണൂര്‍. കോടതിയുടെ ബഹുമാനം മാത്രമാണ് തനിക്കുള്ളതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. വിവരമുള്ള ആരും കോടതിയോട് കളിക്കില്ല. മാപ്പു പറയാന്‍ തയ്യാറാണെന്നും ബോബി പറഞ്ഞു. ജയിലില്‍ നിന്നും റിലീസ് വൈകിയത് ഇന്നലെ ജാമ്യ ഉത്തരവ് എത്താന്‍ വൈകിയത് കൊണ്ടാണ്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ബോബി പറഞ്ഞു.

തമാശയ്ക്കാണെങ്കിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്നും ബോബി പറഞ്ഞു. നമ്മള്‍ കാരണം ആര്‍ക്കും വേദനയുണ്ടാകാന്‍ പാടില്ല. തമാശ രൂപേണയാണ് സാധാരണ സംസാരിക്കാറ്. വളരെ സൂക്ഷിച്ചേ ഇനി സംസാരിക്കൂ എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ജയിലില്‍ ജാമ്യം ലഭിച്ചിട്ടും തുക ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്തവരുണ്ട്. അവരെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു. ബോ ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ഒരുകോടി രൂപ ലീഗല്‍ എയിഡിന് വേണ്ടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെ ധിക്കരിച്ചാണ് പുറത്തിറങ്ങാത്തതെന്ന് പറയുന്നത് തെറ്റാണ്. ജാമ്യം നല്‍കികൊണ്ടുള്ള പേപ്പറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ വിശദീകരിച്ചു. റിമാന്‍ഡ് തടവുകാര്‍ക്ക് വേണ്ടി മനപൂര്‍വം ജയിലില്‍ തുടര്‍ന്നിട്ടില്ല. കോടതി ഉത്തരവ് ഒപ്പിടാന്‍ എത്തിച്ചത് ഇന്ന് രാവിലെയാണ്. തന്റെ ഉദേശ്യ ശുദ്ധി നല്ലതായിരുന്നു. ഫാന്‍സിനോട് ജയിലിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നു. വന്നാല്‍ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍. ജയിലിന് പുറത്ത് തനിക്ക് പിന്തുണ പ്രഖ്യപിച്ചത് ആരൊക്കെയാണെന്നതില്‍ വ്യക്തതയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ബോബിക്കെതിരെ ഉയര്‍ത്തിയത്. ബോബി ജയിലില്‍നിന്ന് ഇറങ്ങാതിരുന്നതു ഗൗരവമായെടുത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹൈക്കോടതി എടുത്തത് സമാനതകളില്ലാത്ത നിലപാടാണ്. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ഇന്നലെ പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ബോബി ചെമ്മണ്ണൂര്‍ മുതിര്‍ന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ്. ബോബി നിയമത്തിനു മുകളിലാണോ എന്നും കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങാത്തതില്‍ ഒരു തരത്തിലും ഉള്ള ന്യായീകരണവും ഇല്ല. സീനിയര്‍ കൗണ്‍സല്‍ രാമന്‍ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല. ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ് പറയുക ആണോ ചെയ്തത് എന്ന് പരിശോധിക്കണം. അതോ റിമാന്‍ഡ് പ്രതികള്‍ക്ക് വേണ്ടിയാണ് താന്‍ അകത്ത് തുടര്‍ന്നത് എന്ന് പറഞ്ഞോ എന്നും പരിശോധിക്കണമെന്നും ഹൈക്കോടതി രാവിലെ പറഞ്ഞു. നേരത്തെ, വേണ്ടി വന്നാല്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം ക്യാന്‍സല്‍ ചെയ്യുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കോടതിയെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ ശ്രമിക്കരുത്. കഥമെനയാന്‍ ശ്രമിക്കുകയാണോയെന്നും കോടതി ചോദിച്ചിരുന്നു. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമിക്കുന്നതെന്നും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ പോലും ഉത്തരവിടാന്‍ കഴിയുമെന്നും പറഞ്ഞ കോടതി കേസ് ഉച്ചക്ക് 12 മണിയോടെ പരിഗണിക്കാനായി മാറ്റുകയായിരുന്നു. പിന്നീട് ഒന്നേമൂക്കാലിന് പരിഗണിച്ചു. ഇതോടെയാണ് നിരുപാധിക മാപ്പാപേക്ഷ എത്തിയത്.

അതേസമയം, ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങിയിരുന്നു. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടരുന്നതില്‍ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളില്‍ ബോബി പുറത്തിറങ്ങാന്‍ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ബോബിയുടെ അഭിഭാഷകര്‍ ജയിലിലെത്തി രേഖകള്‍ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.

Tags:    

Similar News