യുഎസില്‍ റണ്‍വേയില്‍ ബോയിംഗ് ജെറ്റിന് തീപിടിച്ചു; ലാന്‍ഡിംഗ് ഗിയറിലുണ്ടായ തകരാര്‍ മൂലം തീപിടിത്തം; അപകടം ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്തിവളത്തില്‍ വെച്ച്; പരിഭ്രാന്തരായി യാത്രക്കാര്‍; കനത്ത പുക ഉയരുന്നതിനിടെ അടിയന്തര സ്ലൈഡുകളിലൂടെ യാത്രക്കാര്‍ താഴേക്ക് ഇറങ്ങുന്നത് വീഡിയോ പുറത്ത്

യുഎസില്‍ റണ്‍വേയില്‍ ബോയിംഗ് ജെറ്റിന് തീപിടിച്ചു

Update: 2025-07-27 08:10 GMT

വാഷിങ്ടണ്‍: അമേരിക്കയില്‍ ബോയിംഗ് ജെറ്റിന് തീപിടിച്ചു. ലാന്‍ഡിംഗ് ഗിയറിലുണ്ടായ തകരാര്‍ മൂലമാണ് വിമാനത്തിന്റെ ടയറിന് തീപിടിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 മാക്‌സ് 8 വിമാനമാണ് പറന്നുയരുന്നതിന് മുമ്പ് അപകടത്തില്‍പ്പെട്ടത്.

ശനിയാഴ്ച ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മിയാമിയിലേക്ക് പുറപ്പെടുന്ന 3023ാം നമ്പര്‍ ബോയിംഗ് വിമാനത്തിനാണ് തീപിടിച്ചത്. 173 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നത് കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി. മെക്കാനിക്കല്‍ തകരാര്‍ കണ്ടെത്തിയ ഉടന്‍ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

വായു നിറയ്ക്കാവുന്ന അടിയന്തര സ്ലൈഡുകള്‍ ഉപയോഗിച്ച് യാത്രക്കാരെ നേരിട്ട് റണ്‍വേയില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. പുറപ്പെടുന്ന സമയത്ത് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ തകരാറുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) റിപ്പോര്‍ട്ട് ചെയ്തതോടെ ടേക്ക് ഓഫ് നിര്‍ത്തിവച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എഫ്എഎ സ്ഥിരീകരിച്ചു.

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്തിന്റെ ഇടതുവശത്ത് നിന്ന് കനത്ത പുക ഉയരുന്നതിനിടെ അടിയന്തര സ്ലൈഡുകളിലൂടെ യാത്രക്കാര്‍ താഴേക്ക് ഇറങ്ങുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഡെന്‍വര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ദ്രുതഗതിയില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രാദേശിക സമയം വൈകുന്നേരം 5.10 ന് തീയണച്ചതായി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അഗ്‌നിരക്ഷാ സേന സ്ഥിരീകരിച്ചു. യാത്രക്കാര്‍ പിന്നീട് മറ്റൊരു വിമാനത്തില്‍ മിയാമിയിലേക്കുള്ള യാത്ര തുടരുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

Tags:    

Similar News