രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന് വിജയം വരിക്കാന്‍ ജീവന്‍ പണയം വെച്ച് പോരാട്ടം നടത്തിയത് ആയിരിക്കണക്കിന് ഇന്ത്യക്കാര്‍; ഇസ്രയേലിലെ ഹൈഫ നഗരത്തിന്റെ മേയര്‍ നടത്തിയ പ്രസ്താവന വിരല്‍ ചൂണ്ടിയത് ഇന്ത്യന്‍ ധീരന്‍മാരെ കുറിച്ച്: ഇന്ത്യക്കാരുടെ സേവനം മറന്ന് ബ്രിട്ടീഷ് ജനത
രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന് വിജയം വരിക്കാന്‍ ജീവന്‍ പണയം വെച്ച് പോരാട്ടം നടത്തിയത് ആയിരിക്കണക്കിന് ഇന്ത്യക്കാര്‍
ലണ്ടന്‍: കഴിഞ്ഞ മാസം, ഇസ്രയേലിലെ ഹൈഫ നഗരത്തിന്റെ മേയര്‍ ഒരു പ്രസ്താവന ഇറക്കിയിരുന്നു, തങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത് ബ്രിട്ടനല്ല, ഇന്ത്യയാണെന്ന്. 1918 ലെ യുദ്ധകാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിനെ കീഴടക്കി, ഹൈഫ നഗരത്തെ മോചിപ്പിച്ച ബ്രിട്ടീഷ് സേനയെ ഉദ്ദേശിച്ചായിരുന്നു ഈ പരാമര്‍ശം. അന്ന് ബ്രിട്ടീഷ് സൈന്യത്തില്‍ ഉണ്ടായിരുന്നത് മൈസൂര്‍, ഹൈദരാബാദ്, ജോധ്പൂര്‍ എന്നീ നാട്ടുരാജ്യങ്ങളുടെ സൈനികരായിരുന്നു. ഇത് ഒരു ഉദാഹരണം മാത്രം. രണ്ട് ലോക മഹായുദ്ധങ്ങളില്‍ ബ്രിട്ടന് വിജയം വരിക്കാന്‍ ആയിരക്കണക്കിന് ഇന്ത്യന്‍ സൈനികരായിരുന്നു ജീവന്‍ പണയം വെച്ച് അതിധീര പോരാട്ടം നടത്തിയത്.
എന്നാല്‍, ഇക്കാര്യം ബ്രിട്ടന്‍ പാടെ മറന്നിരിക്കുകയാണ്. പുതിയ തലമുറയിലെ ബ്രിട്ടീഷുകാര്‍ക്ക് ഇതിനെ കുറിച്ച് അറിവില്ല. ആ അവസ്ഥ മാറ്റുവാനാണ് ബ്രിട്ടീഷ് ഏഷ്യന്‍ വംശജരായ ചില കുടുംബങ്ങള്‍, ഈ യുദ്ധങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ പൂര്‍വ്വികര്‍ നടത്തിയ പോരാട്ടങ്ങളുടെ വിവരങ്ങള്‍ പുറത്തു വിടുന്നത്. റോയല്‍ ബ്രിട്ടീഷ് ലീജിയന്റെ സഹായത്തോടെ നടത്തുന്ന മൈ ഫാമിലി ലെഗസി പദ്ധതിയില്‍ ഏഷ്യന്‍ പോരാളികളുടെ പോരാട്ട വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ ആര്‍ക്കൈവ് ആയി ശേഖരിക്കുകയാണ്. പുതിയ തലമുറയ്ക്ക് വൈവിധ്യമാര്‍ന്ന ബ്രിട്ടീഷ് സൈന്യത്തെക്കുറിച്ചും അതിന്റെ പോരാട്ടങ്ങളെ കുറിച്ചുമുള്ള അവബോധമുണ്ടാക്കാനുള്ള ശ്രമമാണിത്.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലദേശ്, നേപ്പാള്‍ ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി 25 ലക്ഷത്തിലധികം സൈനികരാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനുവേണ്ടി സേവനമനുഷ്ഠിച്ചിരുന്നത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വോളന്റിയര്‍ ആര്‍മിയായിരുന്നു ഇത്. ചിന്തകരുടെ കൂട്ടായ്മയായ ബ്രിട്ടീഷ് ഫ്യൂച്ചറും ബ്രിട്ടീഷ് ഏഷ്യന്‍ ദിനപ്പത്രമായ ഈസ്റ്റേണ്‍ ഐ യും സംയുക്തമായാണ് മൈ ഫാമിലി ലെഗസി പ്രൊജക്റ്റ് നടത്തുന്നത്. യുദ്ധത്തില്‍ പങ്കെടുത്ത ബന്ധുക്കളോ പരിചിതമായ മറ്റ് കുടുംബങ്ങളീല്‍ നിന്നോ ആരെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇവരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാവുന്നതാണ്.
രണ്ട് മിനിറ്റ് മൗനത്തോടെ റിമംബറന്‍സ് ദിനം ആചരിച്ച് ബ്രിട്ടന്‍
യുദ്ധങ്ങളില്‍ രാജ്യത്തിനായി ജീവന്‍ ബലികഴിച്ചവരെ ആദരപൂര്‍വ്വം സ്മരിക്കുന്ന റിമംബറന്‍സ് ദിനം രണ്ട് മിനിറ്റ് നേരത്തെ മൗന പ്രാര്‍ത്ഥനകളോടെ ബ്രിട്ടന്‍ ആചരിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നേതൃത്വത്തിലായിരുന്നു ആചരണം. ലണ്ടന്‍ സെനോടാഫിലെ നാഷണല്‍ സര്‍വീസ് ഓഫ് റിമംബറന്‍സില്‍ പുഷ്പ ചക്രം അര്‍പ്പിക്കുമ്പോള്‍ ചാള്‍സ് രാജാവ് വികാരാധീനനായി കാണപ്പെട്ടു. വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ഉള്‍പ്പടെ രാജകുടുംബത്തിലെ മറ്റ് മുതിര്‍ന്ന അംഗങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
രാവിലെ 11 മണിക്ക് തൊട്ടു മുന്‍പായി യുദ്ധ സ്മാരകത്തിലെത്തിയ 76 കാരനായ ചാള്‍സ് രാജാവ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ബിഗ് ബെന്‍ മണിമുഴക്കിയതോടെ രണ്ട് മിനിറ്റ് നേരത്തെ മൗനം ആചരിച്ചു. പിന്നീട് ആചാര വെടി മുഴങ്ങിയതോടെ റോയല്‍ മറൈന്‍സിലെ ബ്യൂഗിളര്‍മാര്‍ ലാസ്റ്റ് പോസ്റ്റ് ആലപിച്ച് ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു. ഫീല്‍ഡ് മാര്‍ഷലിന്റെ യൂണിഫോമിലായിരുന്നു ചാള്‍സ് ചടങ്ങുകള്‍ക്ക് എത്തിയത്. വില്യം രാജകുമാരന്‍ റോയല്‍ എയര്‍ഫോഴ്സിന്റെ യൂണിഫോം ധരിച്ചായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. കാമില രാജ്ഞിയും കെയ്റ്റ് രാജകുമാരിയും കറുത്ത വസ്ത്രങ്ങളും.
