കൊടും വളവില്‍ അമിത വേഗതയില്‍ ലോറിയെ മറികടക്കാന്‍ ശ്രമം; വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് വളവ് തിരിഞ്ഞ ശേഷം; യാത്രക്കാര്‍ തെറിച്ചു റോഡില്‍ വീണു; സ്ലാബ് പൊട്ടിയിട്ടും ആരും അഴുക്കു ചാലില്‍ വീഴാത്തത് ഭാഗ്യമായി; ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ അഭയം തേടിയത് സുഹൃത്തിന്റെ വീട്ടില്‍; അരുള്‍ദാസ് അറസ്റ്റില്‍; ഇരിഞ്ചയത്തെ സ്ഥിരം അപകട വളവ് വില്ലനായി
തിരുവനന്തപുരം: വെമ്പായം ഇരിഞ്ചയത്തുണ്ടായ ബസ് അപകടത്തിന്റെ വ്യാപ്തി കുറച്ചത് അതിവേഗ രക്ഷാപ്രവര്‍ത്തനം. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ട ബസില്‍നിന്ന് യാത്രക്കാരെ വേഗത്തില്‍ പുറത്തെത്തിച്ചു. അപകടവാര്‍ത്ത അറിഞ്ഞയുടന്‍ 25 ആംബുലന്‍സുകളാണ് സ്ഥലത്തേക്കു കുതിച്ചെത്തിയത്. നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. നെടുമങ്ങാട് അഗ്നിരക്ഷാസേനയും ഉടന്‍തന്നെ സ്ഥലത്തെത്തി. നിരന്തരം അപകടമുണ്ടാകുന്ന കൊടുംവളവിലാണ് ഈ സംഭവമുണ്ടായത്. വളവില്‍ നിയന്ത്രണം നഷ്ടമായപ്പോള്‍ റോഡിന്റെ ഒരു വശത്തേക്ക് ബസ് മറിഞ്ഞുവീഴുകയായിരുന്നു.
അപകടത്തിന്റെ ശബ്ദവും യാത്രക്കാരുടെ നിലവിളിയും കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. പത്ത് മിനിറ്റു കൊണ്ട് എല്ലാ യാത്രക്കാരേയും പുറത്തെടുത്തു. റോഡരികിലെ അഴുക്കുചാലിനു മുകളിലേക്കാണ് ബസ് വീണത്. വീഴ്ചയില്‍ അഴുക്കുചാലിന്റെ സ്ലാബ് തകര്‍ന്നു. യാത്രക്കാര്‍ ഈ സ്ലാബിനിടയിലൂടെ ഓടയിലേക്കു വീണു. ഇവരെയെല്ലാം മിനിറ്റുകള്‍ക്കകം പുറത്തെടുത്തു. ഒരു മണിക്കൂര്‍ കൊണ്ട് ബസ് പൊക്കി. ബസിന് അടിയില്‍ ആരുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.
വേഗത്തിലുണ്ടായ മറിയലില്‍ ബസിലുണ്ടായിരുന്നവര്‍ തെറിച്ചുവീണാണ് പരിക്കേറ്റത്. മരിച്ച ദാസിനിക്ക് ശരീരത്തില്‍ മുറിവുണ്ടായിരുന്നില്ല. തലയ്ക്കാണ് പലര്‍ക്കും പരിക്കേറ്റിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി 10.20-ഓടെ നെടുമങ്ങാട്-വെമ്പായം റോഡില്‍ ഇരിഞ്ചയത്തിനു സമീപമായിരുന്നു അപകടം. 26 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഏഴു കുട്ടികള്‍ എസ്.എ.ടി. ആശുപത്രിയിലും ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലാത്ത 15 പേര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണുള്ളത്. ബസില്‍ നിന്നും വലിയതോതില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായി. ഇത് റോഡില്‍ പരന്നു. അഗ്‌നിരക്ഷാസേന റോഡില്‍ നിന്നും ഇന്ധനം വെള്ളം ഉപയോഗിച്ച് നീക്കി.
അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസിനെയാണ് കസ്റ്റഡിയിലെടുത്തത്. അപകടശേഷം സംഭവ സ്ഥലത്തുനിന്നും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അരുള്‍ ദാസിന്റെ കണ്ണിന്റെ പുരികത്തില്‍ ചെറിയ പരുക്കുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പിന്നാലെ വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ മദ്യപിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയില്‍ ബസ് വെട്ടിച്ചപ്പോള്‍ മറിഞ്ഞതാണെന്നാണ് അരുള്‍ ദാസിന്റെ മൊഴി. അമിതവേഗതയില്‍ വന്ന ബസ് കൊടുംവളവില്‍ വച്ച് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് നിഗമനം. വിശദപരിശോധന നടക്കും.
അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും ഇവര്‍ പറയുന്നു. വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.
ഒറ്റശേഖരമംഗലം പഴഞ്ഞിപ്പാറയില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയ കുടുംബങ്ങളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. മന്ത്രിമാരായ ജി.ആര്‍.അനില്‍, വീണാ ജോര്‍ജ് എന്നിവര്‍ പരുക്കേറ്റവരുടെ ചികിത്സ നല്‍കുന്നതിന് ആശുപത്രികള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി. ഇരിഞ്ചയവും സമീപ പ്രദേശങ്ങളും സ്ഥിരം അപകടമേഖലയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയര്‍ത്തുകയായിരുന്നു. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.