അര്‍ജുനെ കാത്ത് നാട്..! മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍; ഡിഎന്‍എ പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കും; ഷിരൂരില്‍ തുണയായത് നാവികസേനയുടെ രേഖാചിത്രം; സോണാര്‍ സിഗ്നല്‍ സാങ്കേതികവിദ്യ ഉപകാരപ്പെട്ടു
അര്‍ജുനെ കാത്ത് നാട്..!
കോഴിക്കോട്: ഷിരൂരില്‍ നിന്ന് അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. അര്‍ജുനായുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു മലയാളികള്‍ മുഴുവനും. അര്‍ജുന്റെ മൃതദേഹം വാഹനത്തിനുള്ളില്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ വന്നതോടെ കോഴിക്കോട്ട് വീട്ടിലും നിലവിളികളായിരുന്നു. യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കുടുംബം തയ്യാറായെങ്കിലും തീരാത്ത നൊമ്പരമായി മാറുകയാണ് അര്‍ജുന്‍.
ലോറിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ ഇന്ന് തന്നെ ഡിഎന്‍എ പരിശോധനയ്ക്കായി അയക്കും. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ എട്ടിന് ആരംഭിക്കും. ഇന്നലെ ക്രെയിന്‍ ഉപയോഗിച്ച് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു.
കാണാതായ മറ്റ് രണ്ട് പേര്‍ക്കായുളള തെരച്ചില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായുള്ള തെരച്ചിലാണ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോറിയും അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയത് തെരച്ചിലിന്റെ 72ാംദിനത്തിലാണ്. മൂന്നാം ഘട്ട തെരച്ചിലില്‍ ആണ് ഈ നിര്‍ണായക കണ്ടെത്തലുണ്ടായത്. അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയതില്‍ നിര്‍ണായകമായത് നാവികസേനയുടെ രേഖാചിത്രമാണ്. ഇതുപ്രകാരമുള്ള നാലുപോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് തുടക്കത്തില്‍ ദൗത്യസംഘം പരിശോധന നടത്തിയത്. ഇതില്‍ കോണ്‍ടാക്ട് പോയിന്റ് രണ്ടില്‍ നിന്നാണ് ട്രക്കിന്റെ ഭാഗം കണ്ടെത്തുന്നത്. സോണാര്‍ സിഗ്‌നലുകളുടെ അടിസ്ഥാനത്തിലാണ് നാവികസേന രേഖാചിത്രം തയാറാക്കിയത്. മുങ്ങല്‍വിദഗ്ധരുടെ കയ്യില്‍നിന്നും ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ അന്തിമമായി രേഖാചിത്രം നാവികസേന കൈമാറി. മൂന്നു പോയിന്റുകളാണ് തിരച്ചിലിനായി സേന നിര്‍ദേശിച്ചത്. അതില്‍ ഒന്നിനും രണ്ടിനും ഇടയിലാണ് ട്രക്ക് എന്നു രേഖപ്പെടുത്തിയിരുന്നു.
''ലോറി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ലഭിക്കുന്ന സിഗ്‌നലുകള്‍ വ്യാഖ്യാനിച്ചാണ് നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുക. കോണ്‍ടാക്ട് പോയിന്റ് നാലില്‍ കേന്ദ്രീകരിക്കാനാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് കണ്ടെത്തിയ വാഹനഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നിനും രണ്ടിനുമിടയില്‍ പരിശോധന നടത്താന്‍ പറഞ്ഞു.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോണ്‍ടാക്‌സ് പോയിന്റ് രണ്ടില്‍നിന്ന് ലോറിയുടെ ഭാഗം കണ്ടെത്തിയത്. സാങ്കേതികവിദ്യ ഉപയോഗിച്ച് നല്ല കാര്യം ചെയ്യാന്‍ പറ്റി. ഇത്രയും വിജയം ഉണ്ടാകുമെന്ന് കരുതിയില്ല. അര്‍ജുന്റെ കുടുംബത്തിന്റെ വലിയൊരു വിഷമത്തിനാണ് പരിഹാരം കാണാനായത്. ഭാവിയിലും ഇത് നമുക്ക് ഗുണം ചെയ്യും.'' റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ വ്യക്തമാക്കി.