ഒരു കൊച്ചു പെണ്‍കുട്ടിയുടെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തെ തുടര്‍ന്നാണ് ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോയതെന്ന വെളിപ്പെടുത്തല്‍; ആരും അങ്ങനെ പറഞ്ഞിട്ടില്ല, ആരോപണങ്ങള്‍ക്ക് നേതൃത്വം മറുപടി പറയുമെന്ന് ചിന്ത ജെറോം; അങ്ങനെ ഒരു പരാമര്‍ശം ഉണ്ടതായി താന്‍ കേട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍; സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടിയെന്ന് ഡി.കെ മുരളി; സിപിഎമ്മിനെ വെട്ടിലാക്കി വി എസ് അനുസ്മരണ ലേഖനം

സിപിഎമ്മിനെ വെട്ടിലാക്കി വി എസ് അനുസ്മരണ ലേഖനം

Update: 2025-07-27 11:47 GMT

തിരുവനന്തപുരം: തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വി.എസ് അച്യുതാനന്ദനെതിരെ ഉയര്‍ന്ന ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശ വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മറ്റി അംഗം ചിന്ത ജെറോം. നേരത്തെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ വിമര്‍ശനം ഉയര്‍ത്തി കൊണ്ടുവരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചിന്താ ജെറോം പറഞ്ഞു. ആലപ്പുഴയിലേത് തന്റെ ആദ്യത്തെ സമ്മേളനം ആയിരുന്നു. ആ സമ്മേളനത്തില്‍ ഒരു പ്രതിനിധിയും ക്യാപ്പിറ്റല്‍ പണിഷ്മെന്റ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. പൂര്‍ണ്ണമായും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു, ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന വാക്ക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അത്തരത്തിലുള്ള പരാമര്‍ശം ഉയര്‍ന്ന് വന്നിട്ടില്ലെന്നും ചിന്താ ജെറോം പറഞ്ഞു.

ആലപ്പുഴ സമ്മേളനത്തില്‍ ആരും ക്യാപിറ്റല്‍ പണിഷ്മന്റ് എന്നൊരു വാക്ക് പോലും ആരും പറഞ്ഞിട്ടില്ലെന്ന് ചിന്ത ജെറോം പറഞ്ഞു. സഖാവ് വിഎസിനും പാര്‍ട്ടിക്കും ലഭിക്കുന്ന പിന്തുണയില്‍ അസ്വസ്ഥരാകുന്നതുക്കൊണ്ടായിരിക്കും ഇത്തരം കുപ്രചരണങ്ങള്‍ മാധ്യമ പിന്തുണയോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. സുരേഷ് കുറിപ്പ് ഏതു സാഹചര്യത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നറിയില്ല. സുരേഷ് കുറുപ്പിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പ്രതികരിച്ചു. വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ കേരളമാകെ പ്രയാസപ്പെട്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അനാവശ്യ വിവാദം ഉയര്‍ത്തികൊണ്ടുവരുന്നത് ദൗര്‍ഭാഗ്യകരമാണ്. ക്യാപ്പിറ്റല്‍ പണിഷ്മെന്റ് എന്ന വാക്ക് ആരും ഉയര്‍ത്തിക്കൊണ്ടുവന്നിട്ടില്ല. അത് അടിസ്ഥാനരഹിതമാണ്. ചിന്ത കൂട്ടിചേര്‍ത്തു.

ഒരിടവേളയ്ക്കു ശേഷമാണ് സംസ്ഥാന സിപിഎമ്മില്‍ വീണ്ടും ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം കത്തുന്നത്. ഒരു കൊച്ചു പെണ്‍കുട്ടിയുടെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തെ തുടര്‍ന്നാണ് ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വിഎസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോയതെന്ന് മുതിര്‍ന്ന് സിപിഎം നേതാവ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയതാണ് പുതിയ വിവാദം. വിഎസിന്റെ വിയോഗശേഷം ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം എടുത്തിട്ട പിരപ്പന്‍കോട് മുരളിയെ പല്ലും നഖവുമുപയോഗിച്ച് സിപിഎം നേതൃത്വം നേരിടുന്നതിനിടെയാണ് പുതിയ തുറന്നുപറച്ചില്‍.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടി വിഎസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാനാകാതെ വിഎസ് അച്യുതാനന്ദന്‍ വേദിവിട്ടു. ഏകനായി ദുഖിതനായി, പക്ഷേ തലകുനിക്കാതെ ഒന്നും മിണ്ടാതെ ആരേയും നോക്കാതെ വിഎസ് വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് ലേഖനത്തില്‍ പറയുന്നത്.

'ഇങ്ങനെ ഒക്കെയായിരുന്നു എന്റെ വിഎസ്' എന്ന തലക്കെട്ടില്‍ മാതൃഭൂമി വാരാന്തപ്പതിപ്പിലെഴുതിയ അനുസ്മരണ ലേഖനത്തിലാണ് അറിയപ്പെടുന്ന വിഎസ് പക്ഷക്കാരനായ സുരേഷ് കുറിപ്പിന്റെ വിവാദ പരാമര്‍ശം. കൊച്ചു മക്കളുടെ പ്രായം മാത്രമുള്ളവര്‍ സമ്മേളനങ്ങളില്‍ വിഎസിനെതിരെ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചെന്ന മുഖവുരയോടെയാണ് തുറന്നുപറച്ചില്‍. വിഎസ് പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെ പാവയാണെന്നും പരമാവധി നടപടി വിഎസിനെതിരെ വേണമെന്നും യുവനേതാക്കള്‍ അടക്കം പൊതു ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതും വിഎസിന് പാര്‍ട്ടി വിരുദ്ധ മനോഭാവം ഉണ്ടെന്ന് പിണറായി വിജയന്‍ തുറന്നടിച്ചതും ആലപ്പുഴ സമ്മേളനകാലത്ത് വലിയ വാര്‍ത്തയായിരുന്നു.

അതെല്ലാം നിലനില്‍ക്കെയാണ് ആലപ്പുഴയിലും ക്യാപിറ്റല്‍ പണിഷ്‌മെന്റ് ആവര്‍ത്തിച്ചിരുന്നെന്ന സുരേഷ് കുറിപ്പിന്റെ വെളിപ്പെടുത്തല്‍. 12 വര്‍ഷമായി പാര്‍ട്ടി വിഭാഗീയതയില്‍ നിറഞ്ഞു നിന്ന ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിഎസിന്റെ വിയോഗശേഷം വീണ്ടും എടുത്തിട്ടത് പിരപ്പിന്‍കോട് മുരളിയാണ്. ഒരുമയവുമില്ലാതെയാണ് സിപിഎം പിരപ്പിന്‍കോട് മുരളിയെ നേരിട്ടത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുതല്‍ സൈബര്‍ സഖാക്കളുടെ വരെ വിചാണക്കിടക്കാണ് സുരേഷ് കുറിപ്പിന്റെ വെളിപ്പെടുത്തലില്‍ സിപിഎം വെട്ടിലാകുന്നത്.

അതേ സമയം സിപിഎം നേതാവും മുന്‍ എം.പിയുമായ സുരേഷ് കുറുപ്പിനെ തള്ളി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് വന്നു. വി.എസിനെതിരേ ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് കടകംപളളി സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് എം.സ്വരാജ് തന്നെ പലകുറി വ്യക്തമാക്കിയിട്ടുണ്ടെന്ന് കടകംപള്ളി പറഞ്ഞു. അങ്ങനെ ഒരു പരാമര്‍ശം ഉണ്ടതായി താന്‍ കേട്ടിട്ടില്ലെന്നും തിരുവനന്തപുരം സമ്മേളനത്തിലും ആലപ്പുഴ സമ്മേളനത്തിലും താന്‍ പങ്കെടുത്തിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കെ സുരേഷ് കുറുപ്പിന്റെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം തള്ളി ഡി കെ മുരളി എംഎല്‍എയും രംഗത്ത് വന്നു. സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടിയാണെന്ന് ഡി.കെ മുരളി പറഞ്ഞു. ആലപ്പുഴയില്‍ സമ്മേളനത്തില്‍ പങ്കെടുത്ത ആളാണ് താനും. ഒരു വാസ്തവവും ഇല്ലാത്ത കാര്യമാണ് ഇപ്പോള്‍ സുരേഷ് കുറുപ്പ് പറഞ്ഞിരിക്കുന്നത് . സമ്മേളനത്തില്‍ വി എസിനെ കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. സമ്മേളനത്തില്‍ വിമര്‍ശനവും സ്വയം വിമര്‍ശനവും ഉണ്ടാകും എന്നാല്‍ ഇങ്ങനെ ഒരു പരാമര്‍ശം ആരും നടത്തിയിട്ടില്ലെന്ന് ഡി കെ മുരളി പറഞ്ഞു. എം സ്വരാജ് പറഞ്ഞു എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞിരുന്നത്. വ്യക്തി അധിക്ഷേപമുള്ള ഒരു ചര്‍ച്ചയും സമ്മേളനത്തിനിടെ വരാറില്ല. സുരേഷ് എന്ത് സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലേഖനത്തിലെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സുരേഷ് കുറുപ്പ് തയ്യാറായിട്ടില്ല. 2015ലെ ആലപ്പുഴയിലെ സമ്മേളനത്തിനിടെയാണ് സംഭവം. പറയാനുള്ളതെല്ലാം ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സുരേഷ് കുറുപ്പ് വ്യക്തമാക്കിയത്.

Tags:    

Similar News