താഴ്ന്ന് പറന്ന വിമാനത്തെ കണ്ട് ആളുകൾക്ക് നെഞ്ചിടിപ്പ്; എയർപോർട്ടിനെ നടുക്കി എമർജൻസി കോൾ; ടാക്സി വെയിലേക്ക് കുതിച്ച് ഫയർഫോഴ്സ്; ഒടുവിൽ രണ്ടുംകല്പിച്ച് പൈലറ്റ് ചെയ്തത്; ചെന്നൈ വിമാനത്താവളത്തെ മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ

Update: 2025-08-12 09:23 GMT

ചെന്നൈ: ലാൻഡിങിന് തയ്യാറെടുക്കുന്നതിനിടെ ചരക്ക് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് എത്തിയ വിമാനം നിലത്തിറക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും എല്ലാം തയ്യാറായി നിന്ന അഗ്നിരക്ഷാസേന ഉടൻ തീയണക്കുകയും ചെയ്തു.

വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പടർന്നത്. ലാൻഡിംഗിന് തയ്യാറെടുക്കുന്നതിനിടെ തീ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. പൈലറ്റിന്റെ മനസന്നിധ്യം മൂലം എമർജൻസി ലാൻഡിംഗ് ഒഴിവാക്കി വിമാനം സാധാരണ നിലയിൽ തന്നെ റൺവേയിലിറക്കാൻ സാധിച്ചത് .

സംഭവത്തിൽ വിമാനത്തിലെ ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് എയർപോർട്ട് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.

അതേസമയം, മറ്റൊരു സംഭവത്തിൽ അമേരിക്കയിലെ മൊണ്ടാനയിലെ കാലിസ്പെല്‍ വിമാനത്താവളത്തില്‍ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണു. തുടര്‍ന്ന് അപകടത്തില്‍ പെട്ട വിമാനം ഒരു വലിയ തീഗോളമായി മാറി. രണ്ട് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. ദൃശ്യങ്ങളില്‍ ആകാശത്തേക്ക് ഒരു വലിയ തീഗോളം പൊട്ടിത്തെറിച്ച് കറുത്ത പുകയുടെ ഒരു വലിയ മേഘമായി മാറുന്നത് കാണാം. ഈ ചെറിയ വിമാനം റണ്‍വേയിലേക്ക് അടുക്കുമ്പോള്‍ തീ പടരുകയായിരുന്നു. തീ റണ്‍വേയുടെ ഉള്‍ഭാഗത്തേക്കും പടര്‍ന്നിരുന്നു.

തീപിടിച്ച വിമാനം തുടര്‍ന്ന് റണ്‍വേയില്‍ ഉണ്ടായിരുന്ന മറ്റൊരു വിമാനത്തില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പെട്ട വിമാനത്തില്‍ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇടിച്ച രണ്ടാമത്തെ വിമാനത്തില്‍ ആരും ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. പോലീസ് ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും അടിയന്തരമായി സംഭവ സ്ഥലത്ത് എത്തിയിരുന്നു.

Tags:    

Similar News