മെട്രോ തടസ്സപ്പെട്ടു, ലിഫ്റ്റ് കേടായി, ഒടുവിൽ പുലർച്ചെ ഒന്നരയ്ക്ക് ആ നാടകീയ നിമിഷം; കൊച്ചിയിൽ മെട്രോ തൂണിൽ രണ്ടാഴ്ച കുടുങ്ങിയ പൂച്ചയ്ക്ക് മോചനം; 'മിഷൻ സുഭാഷിന്' ശുഭാന്ത്യം; ദൗത്യത്തിനൊടുവിൽ സന്തോഷം പങ്കിട്ട് നാട്ടുകാരും രക്ഷാപ്രവർത്തകരും

Update: 2026-02-22 00:25 GMT

കൊച്ചി: മെട്രോ പില്ലറിലെ ഇടുങ്ങിയ വിടവിൽ രണ്ടാഴ്ചയായി ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പർ പില്ലറിൽ കുടുങ്ങിയ പൂച്ചയെ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് താഴെയെത്തിച്ചത്. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിലെ കഥാപാത്രത്തെ ഓർമ്മിപ്പിച്ച് ഓട്ടോ ഡ്രൈവർമാർ 'സുഭാഷ്' എന്ന് പേരിട്ട ഈ പൂച്ചയെ രക്ഷിക്കാൻ ഒരു നഗരം മുഴുവൻ ഉറക്കമൊഴിച്ച് കാത്തിരുന്നു.

ദൗത്യം തുടങ്ങിയത് ശനിയാഴ്ച രാവിലെ

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വൻ സജ്ജീകരണങ്ങളുമായി രക്ഷാദൗത്യം ആരംഭിച്ചത്. ഗാന്ധിനഗർ അഗ്നിരക്ഷാസേനയിലെ എട്ടംഗ സംഘവും ആനിമൽ റെസ്‌ക്യൂ ടീമും സ്ഥലത്തെത്തി. ഹൈഡ്രോളിക് ലിഫ്റ്റുകൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പില്ലറിന് മുകളിലേക്ക് എത്തിയെങ്കിലും ഭയന്ന പൂച്ച തൂണിന്റെ വിടവിലേക്ക് ഓടിമറഞ്ഞത് ദൗത്യം ദുഷ്കരമാക്കി.

മെട്രോ സർവീസും ഗതാഗതവും തടസ്സപ്പെട്ടു

പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ കാരണങ്ങളാൽ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നു. ഇത് 17 മിനിറ്റോളം മെട്രോ സർവീസ് തടസ്സപ്പെടുന്നതിന് കാരണമായി. ബാനർജി റോഡിലും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും ജനങ്ങൾ തന്നെ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിച്ചു. ഇതിനിടെ രക്ഷാപ്രവർത്തകർ ഉപയോഗിച്ച ലിഫ്റ്റ് കേടായതും അല്പസമയം ആശങ്ക പരത്തി.

രാത്രിയിലെ നാടകീയ നിമിഷങ്ങൾ

പകൽ സമയത്തെ പരിശ്രമം പരാജയപ്പെട്ടതോടെ, മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ ദൗത്യം തുടരാൻ തീരുമാനിക്കുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ പൂച്ചയെ വലയിലാക്കി താഴെയെത്തിച്ചപ്പോൾ തടിച്ചുകൂടിയ ജനക്കൂട്ടം ആവേശത്തോടെയാണ് പ്രതികരിച്ചത്. ആനിമൽ റെസ്‌ക്യൂ ടീം പൂച്ചയെ ഏറ്റെടുത്ത് ആവശ്യമായ പരിചരണം നൽകുന്നതിനായി കൊണ്ടുപോയി.

Tags:    

Similar News