നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള നിയമവിരുദ്ധമായ അന്വേഷണ രീതികള്‍; വസ്തുതകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു നിഗമനത്തെ പിന്തുണയ്ക്കാന്‍ വേണ്ടി ക്രമീകരിച്ചത്; അന്വേഷണം ഒരു 'ആസൂത്രിതമായ നടപടി'; ഈ ഉത്തരവ് സിബിഐക്ക് കനത്ത പ്രഹരം; കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍; ഊഹാപോഹങ്ങളുടെ 'കോട്ട' തകര്‍ന്നു; സിബിഐ അപ്പീലിന്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവാദമായ മദ്യനയ കേസില്‍ സിബിഐക്ക് നാണംകെട്ട തിരിച്ചടി. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും ഡല്‍ഹി റോസ് അവന്യൂ കോടതി വെറുതെ വിട്ടു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം വെറും 'ഊഹാപോഹങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും' കെട്ടുകഥയാണെന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേവലം അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ആസൂത്രിതമായി തയ്യാറാക്കിയ ഈ കേസ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ സിബിഐയുടെ പ്രധാന വാദമായ '12 ശതമാനം ഹോള്‍സെയില്‍ മാര്‍ജിന്‍' സിദ്ധാന്തത്തെ കോടതി തരിപ്പണമാക്കി. ഇതിനെ 'സാമ്പത്തിക നിരക്ഷരത' എന്നാണ് കോടതി വിശേഷിപ്പിച്ചത്. വസ്തുതകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില നിഗമനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടി സിബിഐ വളച്ചൊടിക്കുകയായിരുന്നു. സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നത് കുറ്റകൃത്യമായി കാണാനാവില്ലെന്നും, ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തിയ പൊതുപ്രവര്‍ത്തകരെ തെളിവുകളില്ലാതെ പ്രതിയാക്കിയ രീതി അപകടകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കോടതി വിധിക്കെതിരെ സിബിഐ അതിവേഗ അപ്പീലിന് പോയേക്കും.
അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികള്‍ നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തു. 'സൗത്ത് ഗ്രൂപ്പ്' എന്നതടക്കമുള്ള പ്രയോഗങ്ങള്‍ സിബിഐയുടെ ഭാവന മാത്രമാണെന്നും തെളിവുകളുടെ യാതൊരു പിന്‍ബലവും ഇതിനില്ലെന്നും വിധിയില്‍ പറയുന്നു. ലളിതമായ സാമ്പത്തിക ഇടപാടുകളെ ക്രിമിനല്‍ ഉദ്ദേശ്യത്തോടെ ചിത്രീകരിക്കാനാണ് ഏജന്‍സി ശ്രമിച്ചത്.
സിബിഐയുടെ വാദങ്ങള്‍ നിയമപരമായി ഒരിടത്തും നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണം ഒരു 'ആസൂത്രിത നടപടി' മാത്രമായിരുന്നുവെന്ന് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയിലുള്ള കാര്യങ്ങളില്‍ സിബിഐ കൈകടത്തിയതിനെയും കോടതി വിമര്‍ശിച്ചു. ഒടുവില്‍, വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കെജ്രിവാളും കൂട്ടരും കുറ്റവിമുക്തരായത് സിബിഐ എന്ന കേന്ദ്ര ഏജന്‍സിയുടെ വിശ്വാസ്യതയ്‌ക്കേറ്റ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും കോടതി വെള്ളിയാഴ്ച കുറ്റവിമുക്തരാക്കി. സിബിഐയുടെ അന്വേഷണം അപൂര്‍ണവും മുന്‍വിധികള്‍ നിറഞ്ഞതുമാണെന്നും റോസ് അവന്യൂ കോടതി നിരീക്ഷിച്ചു. മതിയായ തെളിവുകളില്ലാതെ കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി കുറ്റപത്രം തയ്യാറാക്കിയതെന്ന് പറഞ്ഞ കോടതി, അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള നിയമവിരുദ്ധമായ അന്വേഷണ രീതികളാണ് സിബിഐ നടത്തിയതെന്നാണ് കോടതി വിമര്‍ശിച്ചത്. ഇത്തരത്തിലൊരു വിമര്‍ശനം സിബിഐയ്ക്ക് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല.
മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള 23 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവില്‍, പ്രോസിക്യൂഷന്റെ വിവരണം തെളിവുകള്‍ക്ക് പകരം ഊഹാപോഹങ്ങളെയും നിയമപരമായി നിലനില്‍ക്കാത്ത അനുമാനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് കോടതി പറഞ്ഞു. ഈ കേസ് ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ലെന്നും അത് പൂര്‍ണമായും തള്ളിക്കളയേണ്ടതാണെന്നും കോടതി വിധിച്ചു. സിബിഐ ഉപയോഗിച്ച 'സൗത്ത് ഗ്രൂപ്പ്' എന്ന പദം ഏകപക്ഷീയമാണെന്നും തെളിവുകളുടെ അടിസ്ഥാനമില്ലാത്തതാണെന്നും കോടതി വ്യക്തമാക്കി.
