നെഹ്റുവിനെ ചൈന ചതിച്ചതോ? പഞ്ചശീല കരാറിന് പിന്നിലെ ആ വലിയ അബദ്ധം തുറന്നുപറഞ്ഞ് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍! അതിര്‍ത്തി തര്‍ക്കം തീരുമെന്ന് ഇന്ത്യ കരുതി, പക്ഷേ ചൈനയ്ക്ക് ലക്ഷ്യം മറ്റൊന്നായിരുന്നു; ടിബറ്റിനെ വിട്ടുകൊടുത്തിട്ടും തീരാത്ത ആര്‍ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: നെഹ്റുവിന്റെ പഞ്ചശീല മോഹം പാളിയോ?

Update: 2026-02-13 15:06 GMT

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ മഞ്ഞുരുകല്‍ ദൃശ്യമാണെങ്കിലും അതിര്‍ത്തിയില്‍ ഇപ്പോഴും പിരിമുറുക്കം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് 1954-ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ചൈനയുമായി പഞ്ച്ശീല കരാറില്‍ ഒപ്പിടാന്‍ കാണിച്ച താല്‍പ്പര്യത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി് (CDS) ജനറല്‍ അനില്‍ ചൗഹാന്‍ നിര്‍ണ്ണായകമായ ചില നിരീക്ഷണങ്ങള്‍ നടത്തിയത്. ഈ കരാറോടെ വടക്കന്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് നെഹ്റു കരുതിയിരുന്നതായും എന്നാല്‍ ചൈനയുടെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡെറാഡൂണില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് പ്രതിരോധ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയതിനുശേഷം രാജ്യത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുക എന്നത് നെഹ്റു സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.

'കിഴക്കന്‍ മേഖലയിലെ മക്മഹന്‍ രേഖയെക്കുറിച്ചും ലഡാക്കിലെ ഇന്ത്യയുടെ അവകാശവാദങ്ങളെക്കുറിച്ചും നെഹ്റുവിന് അറിവുണ്ടായിരുന്നു. എങ്കിലും അവിടെ ചില അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പഞ്ച്ശീല കരാറിലേക്ക് പോകാന്‍ ആഗ്രഹിച്ചത്-ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു.

എന്താണ് മക്മഹന്‍ രേഖ? (The McMahon Line)

ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാര്‍ത്ഥ അതിര്‍ത്തി രേഖയാണിത്. ഇതിന് ഏകദേശം 890 കിലോമീറ്റര്‍ നീളമുണ്ട്. ഇത് അരുണാചല്‍ പ്രദേശിനും ടിബറ്റിനും ഇടയിലുള്ള അതിര്‍ത്തി അടയാളപ്പെടുത്തുന്നു. 1913-ലെ ഷിംല കണ്‍വെന്‍ഷനില്‍ ബ്രിട്ടീഷ് ചര്‍ച്ചാ പ്രതിനിധിയായിരുന്ന സര്‍ ഹെന്റി മക്മഹന്റെ നേതൃത്വത്തിലാണ് ഈ അതിര്‍ത്തി നിശ്ചയിച്ചത്.

എന്നാല്‍, ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും ചേര്‍ന്ന് അടിച്ചേല്‍പ്പിച്ചതാണ് ഈ രേഖയെന്ന് ആരോപിച്ച് ചൈന ഇതുവരെ ഇത് അംഗീകരിച്ചിട്ടില്ല.

പ്രതിരോധ മേധാവി പറഞ്ഞത് എന്ത്?

ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിക്കുന്നതോടെ അതിര്‍ത്തി പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാകുമെന്ന് ഇന്ത്യ കരുതിയിരുന്നതായി ജനറല്‍ ചൗഹാന്‍ പറഞ്ഞു. ടിബറ്റിന്റെ 'മോചനത്തിന്' ശേഷം ചൈന മേഖലയില്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ വിശ്വാസം.

'ചൈന ല്ഹാസയിലേക്കും സിന്‍ജിയാങ്ങിലേക്കും നീങ്ങിയിരുന്നു. ഈ പ്രദേശം രണ്ട് അറ്റത്തുനിന്നും വളരെ അകലെയായതിനാല്‍ അവര്‍ക്ക് അവിടെ സ്ഥിരത ആവശ്യമായിരുന്നു,' അദ്ദേഹം പറഞ്ഞു. ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സ്വതന്ത്ര ഇന്ത്യയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് 1954-ല്‍ പഞ്ച്ശീല കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിടുന്നത്. ഇതിലൂടെ വടക്കന്‍ അതിര്‍ത്തി തര്‍ക്കം ഒരു ഔദ്യോഗിക ഉടമ്പടിയിലൂടെ പരിഹരിക്കപ്പെട്ടുവെന്ന് ഇന്ത്യ അനുമാനിച്ചു.

പരസ്പര ബഹുമാനത്തിലും സമാധാനപരമായ സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ അഞ്ച് തത്വങ്ങളാണ് പഞ്ച്ശീല കരാറിലുള്ളത്. എന്നാല്‍ ചൈന ഇതിനെ കണ്ടത് മറ്റൊരു രീതിയിലായിരുന്നു.'ഈ കരാര്‍ വെറും വ്യാപാരത്തിന് വേണ്ടി മാത്രമുള്ളതാണെന്നും അതിര്‍ത്തിയിലെ തങ്ങളുടെ നിലപാടിനെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നുമാണ് ചൈന കരുതിയിരുന്നത്.- ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ബീജിംഗില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ പഞ്ച്ശീല തത്വങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ഷി ജിന്‍പിംഗ് ഊന്നിപ്പറഞ്ഞിരുന്നു. ഏഴു വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുകയും അതിര്‍ത്തിയിലെ അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് ബന്ധം പുനഃസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശം ശ്രദ്ധേയമാകുന്നത്.

Tags:    

Similar News