2026നു ശേഷമുള്ള ആദ്യ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ അടുത്ത മണ്ഡലം പുനര്‍നിര്‍ണയം എന്ന വാജ്‌പേയ് കാല ഭേദഗതി നിര്‍ണ്ണായകമായി; 2021ലെ സെന്‍സസ് നീട്ടിക്കൊണ്ടു പോയത് നാലാം ടേം ലക്ഷ്യമിട്ടുള്ള മോദി തന്ത്രം; ഉത്തരേന്ത്യ കനിഞ്ഞാല്‍ 2029ലും ബിജെപി ഭരണം; സെന്‍സസിന് പിന്നില്‍ അധികാര തുടര്‍ച്ചാ മോഹം?

Update: 2024-10-30 07:18 GMT

ന്യൂഡല്‍ഹി: സെന്‍സസ് 2025ലേക്ക് നീട്ടിയതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ഭരണ ലക്ഷ്യമോ? അടുത്തവര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്ന സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2029ല്‍ വീണ്ടും അധികാരം പിടിക്കാനുള്ള ബിജെപി തന്ത്രമായി ഇതിനെ വിലയിരുത്തുന്നുണ്ട്. ജനസംഖ്യാടിസ്ഥാനത്തില്‍ മാത്രം മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മണ്ഡലങ്ങളുടെ എണ്ണം വന്‍തോതില്‍ കൂടും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധന നാമമാത്രമാകും. ഇതിന്റെ നേട്ടം ബിജെപിക്കുണ്ടാകും. അവരുടെ ശക്തികേന്ദ്രങ്ങളില്‍ സീറ്റുയര്‍ത്തി 2029ലെ വിജയമാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് സെന്‍സസ് 2021ല്‍ നിന്നും 2025ലേക്ക് നീട്ടിയതെന്നാണ് വിലയിരുത്തല്‍.

2028ല്‍ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, പുതിയ മണ്ഡലക്രമീകരണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്താനാണ് ആലോചന. രാജ്യത്തിന്റെ രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മിഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണിന്റെ കാലാവധി 2026 ഓഗസ്റ്റ് വരെ നീട്ടിയത് സെന്‍സസ് നടത്തിപ്പ് ലക്ഷ്യമിട്ടാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ജാതി സെന്‍സസും ഇതിനൊപ്പം നടത്തണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും സാധ്യതയില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍. മണ്ഡല പുനര്‍നിര്‍ണയത്തിനൊപ്പം നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കുമുള്ള വനിതാ സീറ്റ് സംവരണം നടപ്പാക്കാനും നീക്കമുണ്ട്.

ലോക്സഭ, നിയമസഭ മണ്ഡല പുനര്‍നിര്‍ണയം 25 വര്‍ഷത്തേക്ക് നീട്ടി വാജ്പേയ് സര്‍ക്കാര്‍ 2002ല്‍ കൊണ്ടുവന്ന 84-ാം ഭരണഘടന ഭേദഗതിയ്ക്ക് അനുസൃതമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. 2026നുശേഷം നടക്കുന്ന ആദ്യ സെന്‍സസിന്റെ അടിസ്ഥാനത്തില്‍വേണം അടുത്ത മണ്ഡലം പുനര്‍നിര്‍ണയം എന്നതാണ് ഭേദഗതിയിലെ വ്യവസ്ഥ. ഇതിന് വേണ്ടിയാണ് സെന്‍സസ് നീട്ടിക്കൊണ്ടു പോയത്. 1951ലെ ആദ്യ സെന്‍സസിനുശേഷം 10 വര്‍ഷം കൂടുമ്പോള്‍ ജനസംഖ്യാ കണക്കെടുപ്പ് മുടങ്ങാതെ നടത്തി. 2021ല്‍ കോവിഡ് കാരണം നീട്ടിവച്ചു. തുടര്‍ന്ന് സെന്‍സസ് നടത്താന്‍ മോദി സര്‍ക്കാര്‍ മുതിര്‍ന്നില്ല. ഇതിന് കാരണം 2002ല്‍ കൊണ്ടുവന്ന 84-ാം ഭരണഘടന ഭേദഗതിയാണ്. പുതിയ നീക്കമനുസരിച്ച് 2025ല്‍ സെന്‍സസ് തുടങ്ങിയാല്‍ 2026ല്‍ പൂര്‍ത്തിയാക്കാം. അങ്ങനെ വരുമ്പോള്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനര്‍നിര്‍ണ്ണയവും സാധ്യം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം അടക്കം മുമ്പില്‍ കണ്ടാണ് നീക്കങ്ങള്‍. 2021ല്‍ സെന്‍സസ് നടന്നിരുന്നുവെങ്കില്‍ പിന്നെ 2031ല്‍ മാത്രമേ അതു നടക്കൂ. അങ്ങനെ വന്നാല്‍ മണ്ഡല പുനര്‍നിര്‍ണ്ണയം അതു കഴിഞ്ഞ് മാത്രമേ നടപ്പാക്കാനാകൂവെന്നതായിരുന്നു യഥാര്‍ത്ഥ്യം. ഇത് മനസ്സിലാക്കി സെന്‍സ് വൈകിപ്പിച്ച് 2026ലേക്ക് അതിനെ കൊണ്ടു വ്ന്നു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം പിടിക്കാനാകുമെന്നും തുടര്‍ന്ന് സെന്‍സസ് നടത്തി എന്‍പിആര്‍ പുതുക്കിയശേഷം ദേശീയ പൗരത്വ രജിസ്റ്ററിനുകൂടി രൂപം നല്‍കാം എന്നുമായിരുന്നു പദ്ധതി. പുതിയ സെന്‍സസ് കണക്കുകളുടെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്സഭാ സീറ്റുകള്‍ കൂടുംവിധം മണ്ഡല പുനര്‍നിര്‍ണയവും പദ്ധതിയിട്ടുന്നുണ്ട് ബിജെപി. അതുകൊണ്ട് തന്നെ 2026ല്‍ പൂര്‍ത്തിയാക്കുന്ന തരത്തിലേക്കോ 2026ല്‍ തുടങ്ങുന്ന രീതിയിലേക്കോ സെന്‍സസിനെ കൊണ്ടു പോകുമെന്നാണ് വിലയിരുത്തല്‍. ആ റിപ്പോര്‍ട്ട് വന്നാല്‍ ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള നടപടികള്‍ ഡീ ലിമിറ്റേഷന്‍ കമ്മിഷന്‍ ആരംഭിക്കും.

രാജ്യത്തെ വിശദവും സമഗ്രവുമായ ജനസംഖ്യാപരമായ വിവരശേഖരണമാണ് സെന്‍സസ് അഥവാ കനേഷുമാരി. കുറ്റമറ്റ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കുന്നതില്‍ സെന്‍സസിന് മുഖ്യ പങ്കുണ്ട്. ഒരു രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ ജനസംഖ്യയുടെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള വിവരശേഖരണം അത്യാവശ്യമാണ്. 1948-ലെ സെന്‍സസ് ആക്ട് പ്രകാരം ഇന്ത്യയില്‍ ഓരോ പത്ത് വര്‍ഷവും സെന്‍സസ് നടത്തുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ജനസംഖ്യയെയും സാമൂഹിക-സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും പറ്റിയുള്ള അടിസ്ഥാന വിവരങ്ങളാണ് സെന്‍സസില്‍ ശേഖരിക്കുന്നത്.

സാക്ഷരത, വിദ്യാഭ്യാസം, താമസസൗകര്യങ്ങള്‍, ആസ്തികള്‍, വീടുകളിലെ ഭൗതികസൗകര്യങ്ങള്‍, നഗരവത്കരണം, ജനനം, ഭാഷ, മതം, കുടിയേറ്റം, ചേരിനിവാസികള്‍-ദളിതര്‍-അംഗ-വൈകല്യമുള്ളവര്‍ തുടങ്ങി സെന്‍സസ് ചോദ്യാവലിയിലൂടെ ഒരോ വീടുകളില്‍ നിന്നും വിപുലമായ വിവരശേഖരണമാണ് നടത്തുന്നത്. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് ദേശീയ-സംസ്ഥാന-ജില്ല അടിസ്ഥാനത്തില്‍ ലഭ്യമാക്കാറുമുണ്ട്. ദേശീയ, അന്താരാഷ്ട്രതലങ്ങളില്‍ ഗവേഷണത്തിനും അതുപോലെ ത്രിതല പഞ്ചായത്ത് തലത്തില്‍ ഭരണനിര്‍വഹണത്തിനുമുള്‍പ്പെടെ ഫലപ്രദമായ രീതിയില്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. കാലാകാലങ്ങളില്‍ സെന്‍സസില്‍ ശേഖരിക്കുന്ന വിവരങ്ങളില്‍ ഉള്ളടക്കത്തിലും വ്യാപ്തിയിലും മാറ്റങ്ങളും വരുത്തി വരുന്നു.

2025ല്‍ സെന്‍സസ് നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു. 2025ല്‍ സെന്‍സസ് നടത്തിയാല്‍ 2035, 2045 എന്നീ വര്‍ഷങ്ങളിലാകും തുടര്‍ന്നുള്ള ജനസംഖ്യാ കണക്കെടുപ്പുകള്‍. 2011 ലെ സെന്‍സസ് കണക്കുകള്‍പ്രകാരം 121 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ആയിരം പുരുഷന്‍മാര്‍ക്ക് 940 സ്ത്രീകള്‍ എന്നതാണ് സ്ത്രീ- പുരുഷ അനുപാതം. 74.04 ശതമാനമായിരുന്നു സാക്ഷരതാ നിരക്ക്.

Tags:    

Similar News