മണികണ്ഠനും അയ്യപ്പനും ചരിഞ്ഞത് ഒറ്റ ദിവസം: ഓമല്ലൂര്‍ മണികണ്ഠന് എരണ്ടകെട്ട്; കോന്നി കൊച്ചയ്യപ്പന് ഹെര്‍പിസ്; ആന പ്രേമികളെ കണ്ണീരിലാഴ്ത്തി കുറുമ്പുകാരന്‍ ഓമല്ലൂര്‍ക്കാരനും കോന്നിയുടെ കുട്ടിത്തവും
മണികണ്ഠനും അയ്യപ്പനും ചരിഞ്ഞത് ഒറ്റ ദിവസം: ഓമല്ലൂര്‍ മണികണ്ഠന് എരണ്ടകെട്ട്
പത്തനംതിട്ട: ജില്ലയിലെ ആനപ്രേമികളെ കണ്ണീരിലാഴ്ത്തിയ ദിനമായിരുന്നു ഇന്നലെ. രണ്ട് ആനകളാണ് ഒന്നിന് പിറകേ ഒന്നായി ചരിഞ്ഞത്. കോന്നി ആനത്താവളത്തിന്റെ കൗതുകമായിരുന്ന കൊച്ചയ്യപ്പന്‍ രാവിലെയും അപകടകാരിയാണെങ്കിലും നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന ദേവസ്വം ബോര്‍ഡിന്റെ ആന ഓമല്ലൂര്‍ മണികണ്ഠന്‍ വൈകിട്ടുമാണ് ചരിഞ്ഞത്. അയ്യപ്പന്റെ തിടമ്പേറ്റിയിരുന്ന മണികണ്ഠന്‍ ഭഗവാന്റെ ജന്മനാളായ ഉത്രം നക്ഷത്രത്തിലാണ് ചരിഞ്ഞതെന്നതും പ്രത്യേകതയായി.
നാലു വയസായിരുന്നു കോന്നി കൊച്ചയ്യപ്പന്. ആനക്കൂട്ടത്തില്‍ നിന്ന് വേര്‍പിരിഞ്ഞെത്തിയ കുട്ടിക്കൊമ്പന്‍ കോന്നി എക്കോടൂറിസം സെന്ററിലെ സഞ്ചാരികളുടെ പ്രിയ കഥാപാത്രമായിരുന്നു. നടി കെ.ആര്‍. വിജയ ബീഹാറില്‍ നിന്ന് വാങ്ങി നടയ്ക്കിരുത്തിയ മണികണ്ഠന്‍ പിന്നെ സംഹാരരൂപം പൂണ്ട് നിരവധി പേരെ വകവരുത്തിയ കൊമ്പനാണ്. സ്ഥിരം പ്രശ്നക്കാരന്‍ ആയതിനാല്‍ ഏറെ നാളായി ഓമല്ലൂര്‍ ക്ഷേത്ര വളപ്പില്‍ ബന്ധനത്തിലായിരുന്നു. എരണ്ടകെട്ട് ബാധിച്ചാണ് ചരിഞ്ഞത്. കൊച്ചയ്യപ്പന്റെ മരണത്തിന് കാരണമായത് ഹെര്‍പിസ് ആണെന്ന്ന സംശയിക്കുന്നു.
അയ്യപ്പന്റെ പേരിലെത്തിയ മണികണ്ഠന്‍, പാപ്പാന്മാരുടെ പേടി സ്വപ്നം
നാല്‍പ്പതു വര്‍ഷത്തോളം മുന്‍പാണ് ബീഹാറില്‍ നിന്ന് കൊണ്ടു വന്ന ആനയെ നടി കെ.ആര്‍. വിജയ ശബരിമല നടയ്ക്ക് ഇരുത്തിയത്. അയ്യപ്പന്റെ തിടമ്പേറ്റിയിരുന്ന ആനയാണ് മണികണ്ഠന്‍. അക്രമകാരിയായതോടെ മണികണ്ഠനെ ശബരിമലയില്‍ നിന്നും മാറ്റി. വൈക്കം ക്ഷേത്രത്തിലേക്കായിരുന്നു മാറ്റം. അഷ്ടമി എഴുന്നള്ളിപ്പ് വരെ അലങ്കോലപ്പെടുത്തിയതോടെ മണികണ്ഠനെ ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടു വന്നു. പക്ഷേ, മണികണ്ഠന്റെ സ്വഭാവത്തിന് മാറ്റമൊന്നും വന്നില്ല.
മദപ്പാടും അക്രമസ്വഭാവവും പതിവാക്കിയ മണികണ്ഠനെ ദേവസ്വം ബോര്‍ഡ് ഉത്സവം എഴുന്നള്ളിപ്പുകള്‍ക്ക് അയയ്ക്കാതായി. ചെല്ലുന്നിടത്തെല്ലാം ആന കുഴപ്പം സൃഷ്ടിക്കുന്നതോടെ മണികണ്ഠനെ ഓമല്ലൂരില്‍ സ്ഥിരമായി തളച്ചിട്ടു. അഴിച്ചു വിട്ടപ്പോഴൊക്കെ അവന്‍ കുറുമ്പു കാട്ടി. നിരവധി പേരെ മണികണ്ഠന്‍ കൊലപ്പെടുത്തി. ഇടയ്ക്ക് വീണ്ടും ശബരിമലയില്‍ തിടമ്പേറ്റാന്‍ കൊണ്ടു പോയെങ്കിലും സ്ഥിരം മദപ്പാട് ആയതോടെ ഓമല്ലൂരിലേക്ക് മടക്കി.
13 കൊല്ലം മുന്‍പ് കുളിപ്പിക്കാന്‍ അഴിച്ചപ്പോള്‍ ഓമല്ലൂര്‍ ക്ഷേത്രമുറ്റത്ത് ഇടഞ്ഞ മണികണ്ഠന്റെ തുമ്പിക്കും കൊമ്പിനും ഇടയില്‍ നിന്ന് പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. അതിന് ശേഷവും മണികണ്ഠനെ എഴുന്നള്ളിപ്പിന് അയച്ചു നോക്കി. അക്രമസ്വഭാവം കാരണം പിന്നീട് വിട്ടിട്ടില്ല. ചികില്‍സയും മറ്റുമായി ഓമല്ലൂരില്‍ തന്നെ തുടര്‍ന്നു. എരണ്ടകെട്ടാണ് മരണത്തിലേക്ക് നയിച്ചത്.
കൊച്ചയ്യപ്പനെ കൊണ്ടു പോയത് ഹെര്‍പിസ്
കോന്നി ആനത്താവളത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ കൊച്ചയ്യപ്പന്‍ എന്ന കുട്ടിക്കൊമ്പന്‍ ഇന്നലെ രാവിലെ ആറരയോടെ ആണ് ചരിഞ്ഞത്. ഹെര്‍പിസ് രോഗബാധയെ തുടര്‍ന്നാണ് ആനക്കുട്ടി ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസവും പതിവായുള്ള പ്രഭാത നടത്തം ഉള്‍പ്പെടെ ഉള്ള വ്യായാമങ്ങള്‍ക്ക് ശേഷം തറിയില്‍ കെട്ടിയിരുന്ന ആനക്കുട്ടിയാണ് ചരിഞ്ഞത്. കോന്നി വനം വകുപ്പ് അസിസ്റ്റന്റ് വെറ്റിനറി സര്‍ജന്‍ ഡോ സിബി, കോട്ടൂര്‍ ആനത്താവളത്തിലെ വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ കുമാര്‍, പത്തനംതിട്ടയിലെ വെറ്റിനറി ഡോക്ടര്‍മാരായ രാഹുല്‍, ഷബീന തുടങ്ങിയവര്‍ അടങ്ങിയ ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജഡം കുമ്മണ്ണൂര്‍ വനത്തില്‍ മറവ് ചെയ്തു.
അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, ഡി.എഫ്. ഒ ആയുഷ് കുമാര്‍ കോറി അടക്കമുള്ളവര്‍ സ്ഥലത്തെത്തി. പ്രിയദര്‍ശനി(42),മീന (34),ഈവ(23),കൃഷ്ണ (13) എന്നീ ആനകള്‍ മാത്രമാണ് കോന്നിയില്‍ അവശേഷിക്കുന്നത്. 2015 ല്‍ കുട്ടിയാന ലക്ഷ്മി, 2020ല്‍ പിഞ്ചുവും അമ്മുവും മുതിര്‍ന്ന ആനകളായ മണിയനും 2024 ല്‍ കോടനാട് നീലകണ്ഠനും മണിയും കല്പനയും അടക്കമുള്ള കേരളം അറിയപ്പെടുന്ന ആനകളാണ് ആനത്താവളത്തില്‍ ചരിഞ്ഞത്. ഇവിടെ ആനകള്‍ തുടര്‍ച്ചയായി ചരിയുന്ന സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
ഒരു വര്‍ഷത്തിന് ഇടയില്‍ മൂന്ന് ആനകള്‍ ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. 24 വയസ് മാത്രം പ്രായമുണ്ടായിരുന്ന മണി എന്ന കൊമ്പനാന എരണ്ടകെട്ടിനെ തുടര്‍ന്നാണ് ചരിഞ്ഞത്. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് കുട്ടിയാന പിഞ്ചു ചരിഞ്ഞത്. ജൂനിയര്‍ സുരേന്ദ്രനും കല്പനയും കുട്ടിയായിരുന്നപ്പോള്‍ ചരിഞ്ഞു. ഹെര്‍പിസ് രോഗബാധയെ തുടര്‍ന്നാണ് ലക്ഷ്മി, അമ്മു എന്നീ കുട്ടിയാനകള്‍ ചെരിഞ്ഞത്. മണി ചരിഞ്ഞത് സ്വാഭാവികം എന്ന് കരുതി എങ്കിലും കുട്ടിയാനകള്‍ തുടര്‍ച്ചയായി ചരിഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ പോലും സംശയമുളവാക്കിയിരുന്നു.
കൊച്ചയ്യപ്പനെ കാണാനും അവന്റെ കുസൃതികള്‍ അനുഭവിക്കുന്നതിനുമായിട്ടാണ് സഞ്ചാരികള്‍ ആനത്താവളത്തില്‍ എത്തിയിരുന്നത്. കുട്ടിയാന ചരിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ ഇക്കോ ടൂറിസം കേന്ദ്രം പ്രവര്‍ത്തിച്ചില്ല. കോന്നി വനമേഖലയിലെ കൊച്ചു കോയിക്കല്‍ ഭാഗത്തു നിന്നുമാണ് കുട്ടിക്കൊമ്പനെ ലഭിച്ചത്. ആനക്കൂട്ടം തേടി വരാതിരുന്നതു കൊണ്ട് ആനക്കൂട്ടിലേക്ക് മാറ്റി സംരക്ഷണം നല്‍കി. ഇടയ്ക്കിടെ കുട്ടിയാന രോഗബാധിതനായിരുന്നു. കുട്ടിയാനയെ ചട്ടം പഠിപ്പിച്ചു വരുന്നതേ ഉള്ളൂ. ആറു വയസ്സ് കഴിഞ്ഞാല്‍ മറ്റ് ആനകളുടെ കൂടെ പാര്‍പ്പിക്കൂ. ആന ചട്ടം നന്നായി പഠിച്ചു വരുന്നതിനു ഇടയിലാണ് ചരിഞ്ഞത്. എരണ്ട കെട്ടു മൂലം ഇതിനു മുന്‍പും ഏറെ കുട്ടിയാനകള്‍ ഇവിടെ ചരിഞ്ഞിട്ടുണ്ട്.
ഇവയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറംലോകം കണ്ടിട്ടില്ല. കോന്നി ആനത്താവളം പിന്നീട് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ആസ്ഥാനമാക്കി. ആനകളെ നോക്കാന്‍ സ്ഥിരവും താല്‍ക്കാലികവുമായി നിരവധി ജീവനക്കാര്‍ ഉണ്ട്. നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ ആണ് ആനകളെ അടുത്ത് കാണുവാന്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായ കോന്നി ആനത്താവളത്തില്‍ എത്തുന്നത്. അശാസ്ത്രീയമായ പരിപാലനമാണ് കാട്ടാനകളുടെ മരണത്തിലേക്ക് നയിക്കുന്നത് എന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. അവയുടെ ആവാസവ്യവസ്ഥയില്‍ നിന്നും നാട്ടിലേക്ക് എത്തുന്നതോടെ ഇവയുടെ പ്രതിരോധശേഷി അടക്കം നഷ്ടമാകും. തെറ്റായ ചികില്‍സാ രീതികളും ആനകളുടെ മരണത്തിന് കാരണമാകുന്നുവെന്നാണ് ആക്ഷേപം.