ഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ; ഖദര്‍ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്; വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല; ഖദറിനെ ചൊല്ലിയുള്ള സീനിയര്‍-ജൂനിയര്‍ പോരില്‍ ന്യൂജന്മാര്‍ക്കൊപ്പം നിന്ന് അജയ് തറയിലിന് വി ഡി സതീശന്റെ മറുപടി; കോട്ടും സ്യൂട്ടും അണിഞ്ഞ് ഹൈബിയുടെ പൂഴിക്കടക്കന്‍
ഖദര്‍ വിവാദത്തില്‍ ന്യൂജന്മാരെ പിന്തുണച്ച് വി ഡി സതീശന്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഖദര്‍ വസ്ത്രം ധരിക്കുന്നതിനെ ചൊല്ലി സീനിയര്‍ ജൂനിയര്‍ പോര് മുറുകയിരിക്കുകയാണ്. കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഖദര്‍ ഉപേക്ഷിച്ച് കളര്‍ ഡ്രസ് ഇടുന്നതിന് എതിരെ അജയ് തറയിലാണ് ആദ്യം രംഗത്ത് വന്നത്. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്നും എന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നതെന്നുമായിരുന്നു അജയ് തറയിലിന്റെ വിമര്‍ശനം. വസ്ത്രം ഏതായാലും മനസ് നന്നായാല്‍ മതിയെന്ന മറുപടിയുമായി കെ എസ് ശബരീനാഥ് തിരിച്ചടിച്ചു. എന്തായാലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മറ്റുപല കാര്യങ്ങളിലും എന്ന പോലെ യൂത്തന്മാര്‍ക്കൊപ്പമാണ്. ഇപ്പോള്‍ സ്വാതന്ത്ര്യസമരമൊന്നും നടക്കുന്നില്ലല്ലോ എന്നായിരുന്നു സതീശന്റെ പ്രതികരണം.
'ഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ. അന്നത്തെ കാലത്ത് ഒരു പ്രതീകമായിട്ടാണ് ഖദര്‍ ധരിച്ചത്. ഖദര്‍ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്. വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഞാനും എല്ലാത്തരത്തിലുള്ള വസ്ത്രവും ഉപയോഗിക്കുന്നുണ്ട്'- സതീശന്‍ പറഞ്ഞു.
'സത്യ സേവാ സംഘര്‍ഷ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജൂണ്‍ 29 മുതല്‍ മൂന്നു ദിവസം ആലപ്പുഴയില്‍ നടന്ന യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠന ക്യാമ്പില്‍ പങ്കെടുത്ത സംസ്ഥാന നേതാക്കളടക്കം ഭൂരിപക്ഷം പേരും ഖദറിന് പകരം കളര്‍ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് യുവനേതാക്കളെ വിമര്‍ശിച്ച് അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ, ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി അടക്കമുള്ളവര്‍ കളര്‍ വസ്ത്രം ധരിച്ചാണ് ഉദ്ഘാടന ദിവസം ക്യാമ്പില്‍ പങ്കെടുത്തത്. അതേസമയം, ഉദ്ഘാടന ദിവസം കഴിഞ്ഞുള്ള ദിവസങ്ങളില്‍ സംസ്ഥാന നേതാക്കള്‍ ഖദര്‍ ധരിച്ചും എത്തിയിരുന്നു.
യുവതലമുറക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അജയ് തറയില്‍ ചോദിച്ചു. ഖദര്‍ വസ്ത്രവും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്ഥിത്വം. ഖദര്‍ ഒരു വലിയ സന്ദേശവും ആദര്‍ശവുമാണ്. മുതലാളിത്തത്തിനെതിരായ ഏറ്റവും വലിയ ആയുധവുമാണ്. ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ഡി.വൈ.എഫ്.ഐക്കാരെ എന്തിന് അനുകരിക്കണമെന്നും അജയ് തറയില്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതാക്കളുടെ ഐഡന്റിറ്റിയായ ഖദര്‍ വസ്ത്രം ധരിക്കുന്നില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന്റെ വിമര്‍ശനത്തിനാണ് മറുപടിയുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, മുന്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥന്‍, കെ.പി.സി.സി മുന്‍ വര്‍ക്കിങ് പ്രസിഡന്റ് വി.ടി. ബല്‍റാം അടക്കമുള്ളവരാണ് പ്രതികരിച്ചത്.
കോണ്‍ഗ്രസുകാര്‍ ഖദര്‍ ധരിക്കുന്നത് കുറവാണെന്ന് അജയ് തറയില്‍ പറഞ്ഞത് സത്യമാണ് എന്നാല്‍ അതിനൊരു കാരണമുണ്ട്. ഞാന്‍ വസ്ത്രധാരണത്തില്‍ അത്ര കാര്‍ക്കശ്യം പാലിക്കുന്ന ഒരാള്‍ അല്ല. ഖദറും വഴങ്ങും കളറും വഴങ്ങും. എന്നാല്‍ നേര് പറഞ്ഞാല്‍ തൂവെള്ളഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാന്‍ കഴിയില്ല. ഒന്ന്, ഖദര്‍ ഷര്‍ട്ട് സാധാരണ പോലെ വീട്ടില്‍ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. കളര്‍ ഷര്‍ട്ട് എന്നാലോ എളുപ്പമാണ്.രണ്ട്, ഒരു ഖദര്‍ ഷര്‍ട്ട് ഡ്രൈക്ലീന്‍ ചെയ്യുന്ന ചിലവില്‍ അഞ്ച് കളര്‍ ഷര്‍ട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ട്. അതിനാല്‍ വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതി, അല്ലെ? എന്ന് പറഞ്ഞാണ് ശബരിനാഥ് പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
ഖാദിയോടോ പുത്തല്‍ വസ്ത്രങ്ങളോടോ വിരക്തിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി പ്രതികരിച്ചു. ഖാദി എന്നും കോണ്‍ഗ്രസിന്റെ ഐഡന്റിറ്റിയുടെയും സ്വാതന്ത്ര്യ സമരത്തിന്റെയും പ്രതീകമാണ്. ടീഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രവര്‍ത്തനവും ജീവിതവും നയിക്കുന്നത്. അജയ് തറയിലിന്റെ പ്രസ്താവനയോട് വിയോജിക്കുകയാണ്. ഒരു ദിവസം വെള്ള ഖദര്‍ ധരിക്കണമെങ്കില്‍ 150 രൂപ ചെലവ് വരുമെന്നും അബിന്‍ വ്യക്തമാക്കി.
ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഖദര്‍ ധരിക്കാറുണ്ട്. ഖദര്‍ ധരിക്കുന്നവരോട് ആദരവും ബഹുമാനവും ഉണ്ട്. അല്ലാത്തവരെ തള്ളിപ്പറയേണ്ട കാര്യമില്ലെന്നും ഷാഫി വ്യക്തമാക്കി.
ഖദറിനോട് യാതൊരു വിയോജിപ്പുമില്ലെന്ന് കെ.പി.സി.സി മുന്‍ വര്‍ക്കിങ് പ്രസിഡന്റ് വി.ടി. ബല്‍റാം പ്രതികരിച്ചു. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായവരുടെ രീതിക്കനുസരിച്ച് മുന്നോട്ട് പോകുകയാണ് അനുയോജ്യം. ഏതാണ് അനുയോജ്യമായ വസ്ത്രം എന്ന് മനസിലാക്കി ധരിക്കുകയാണ് വേണ്ടത്. അതില്‍ അനാവശ്യ പിടിവാശിയോ പ്രത്യയശാസ്ത്ര തര്‍ക്കങ്ങളോ വേണ്ടെന്നും വി.ടി. ബല്‍റാം ചൂണ്ടിക്കാട്ടി.
അതേസമയം, കോട്ടും സ്യൂട്ടും ധരിച്ചുള്ള ചിത്രമാണ് ഹൈബി ഈഡന്‍ പ്രതികരിച്ചത്.
അജയ് തറയിലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
'യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം ഖദര്‍ വസ്ത്രവും മതേതരത്വവുമാണ്. കോണ്‍ഗ്രസിന്റെ അസ്ഥിത്വം. ഖദര്‍ ഒരു വലിയ സന്ദേശമാണ്, ആദര്‍ശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് അനുകരിക്കുന്നത് കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നത്.'
ശബരീനാഥിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
യൂത്ത് കോണ്‍ഗ്രസ്‌കാര്‍ ഖദര്‍ ധരിക്കുന്നത് കുറവാണ് എന്നൊരു പരാമര്‍ശം പ്രിയപ്പെട്ട അജയ് തറയില്‍ ചേട്ടന്‍ പറയുന്നത് കേട്ടു. അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നാല്‍ അതിനൊരു കാരണമുണ്ട്.
ഞാന്‍ വസ്ത്രധാരണത്തില്‍ അത്ര കാര്‍ക്കശ്യം പാലിക്കുന്ന ഒരാള്‍ അല്ല; ഖദറും വഴങ്ങും കളറും വഴങ്ങും. എന്നാല്‍ നേര് പറഞ്ഞാല്‍ തൂവെള്ള ഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാന്‍ കഴിയില്ല
ഒന്ന്, ഖദര്‍ ഷര്‍ട്ട് സാധാരണ പോലെ വീട്ടില്‍ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. കളര്‍ ഷര്‍ട്ട് എന്നാലോ എളുപ്പമാണ്.
രണ്ട്, ഒരു ഖദര്‍ ഷര്‍ട്ട് ഡ്രൈക്ലീന്‍ ചെയ്യുന്ന ചിലവില്‍ അഞ്ച് കളര്‍ ഷര്‍ട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ട്.
അതിനാല്‍ വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതി, അല്ലെ?