ജന്മസ്ഥലം ഡാര്‍ജിലിങ്ങോ തിരുവെളികാണിയോ? രണ്ട് പാസ്പോര്‍ട്ടില്‍ രണ്ട് സ്ഥലങ്ങള്‍; പലയിടത്ത് പല പേരുകള്‍; ട്രസ്റ്റിന്റെ പ്രസിദ്ധീകരണത്തില്‍ യുഎസ് പൗരന്‍; ലൈംഗികാതിക്രമത്തിന് പിടിയിലായ ചൈതന്യാനന്ദ കേരളത്തിലും പ്രവര്‍ത്തിച്ചു; വനിതാ സഹായികള്‍ കൂടി അറസ്റ്റില്‍

ചൈതന്യാനന്ദ കേരളത്തിലും പ്രവര്‍ത്തിച്ചു

Update: 2025-09-30 11:39 GMT

ന്യൂഡല്‍ഹി: വസന്ത്കുഞ്ച് ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി കേരളത്തിലും പ്രവര്‍ത്തിച്ചിരുന്നു എന്ന് അന്വേഷണസംഘം. 2000 2001 കാലത്ത് ശ്രീരാമകൃഷ്ണ മഠത്തിന്റെ എറണാകുളം ആശ്രമത്തിന്റെ ചുമതലക്കാരനായിരുന്ന ഇയാളെ സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. രാമകൃഷ്ണ മഠത്തിലാണ് ഇയാള്‍ ആദ്യം പ്രവര്‍ത്തിച്ചത്. കേരളത്തില്‍ ഇവരുടെ എറണാകുളത്തെ ആശ്രമത്തിലായിരുന്നു കുറച്ചുകാലം. എന്നാല്‍, ആശ്രമത്തിന്റെ അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് 2001-02ല്‍ മഠത്തില്‍നിന്ന് പുറത്താക്കിയത്. പിന്നീട് 2009-10 കാലത്ത് ശ്രീ ശ്രീ ജഗദ്ഗുരു ശങ്കരാചാര്യ മഹാസംഥാനം ദക്ഷിണാംന്യ ശ്രീ ശാരദ പീഠവുമായി ബന്ധപ്പെട്ട് ഇയാള്‍ പ്രവര്‍ത്തിച്ചു. ഇതുവഴിയാണ് വസന്ത്കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിന്റെ ചെയര്‍മാനായി നിയമിതനാകുന്നതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

അതേസമയം പീഡനക്കേസില്‍ കേസില്‍ ചൈതന്യാനന്ദയുടെ രണ്ട് വനിതാ സഹായികളെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചൈതന്യാനന്ദയ്‌ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളെ വിളിച്ചു ഭീഷണിപ്പെടുത്തിയ സഹായിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ സ്വദേശി ഹരി സിങ് കോക്‌പോതിയാണു പിടിയിലായത്. ചൈതന്യാനന്ദയുടെ നിര്‍ദേശമനുസരിച്ചാണു താന്‍ കുട്ടിയുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍, ചൈതന്യാനന്ദയുടെ അറസ്റ്റിനു പിന്നില്‍ വമ്പന്‍മാര്‍ ഉള്‍പ്പെട്ട വലിയ സംഘത്തിന്റെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അഭിഭാഷകന്‍ മനീഷ് ഗാന്ധി പറഞ്ഞു. അതിനു പിന്നിലുള്ള പ്രമുഖരുടെ പേരുകള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി ശാരദാപീഠത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലലെ നിരവധി പെണ്‍കുട്ടികള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയിലാണ് ചൈതന്യാനന്ദ അറസ്റ്റിലായത്. രണ്ടു മാസത്തെ വേട്ടയാടലിന് ഒടുവിലാണ് ചൈതന്യാനന്ദയെ ആഗ്രയില്‍നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍നിന്നു രക്ഷപ്പെടാന്‍ ചൈതന്യാനന്ദ 50 ദിവസത്തിനിടെ വൃന്ദാവന്‍, മഥുര, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലായി 15 ഹോട്ടലുകളില്‍ മാറിത്താമസിച്ചിരുന്നു. സിസിടിവി ക്യാമറകളില്ലാത്ത ചെലവുകുറഞ്ഞ ലോഡ്ജുകളിലാണു താമസിച്ചിരുന്നത്. ചൈതന്യാനന്ദയെ തെളിവെടുപ്പിനായി ഇന്നലെ വസന്ത്കുഞ്ചിലെ സ്ഥാപനത്തിലെത്തിച്ചിരുന്നു. പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്ന, ഇന്‍സ്റ്റിറ്റ്യൂട്ടിലെ താഴത്തെ നിലയിലുള്ള ചൈതന്യാനന്ദയുടെ 'പീഡനമുറിയിലും' തെളിവെടുപ്പു നടത്തി. പെണ്‍കുട്ടികളുടെ ശുചിമുറികളുടെ മുന്നില്‍ സിസിടിവി ക്യാമറ വച്ചു എന്നതുള്‍പ്പെടെ പരാതിയിലുള്ള ഒട്ടുമിക്ക ആരോപണങ്ങളും ശരിയാണെന്നു കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

ചൈതന്യാനന്ദയുടെ ഫോണ്‍ പരിശോധിച്ച പൊലീസ് സ്ത്രീകളുമായുള്ള നിരവധി ചാറ്റുകള്‍ കണ്ടെടുത്തിരുന്നു. വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിച്ചതായി ചാറ്റുകളില്‍ വ്യക്തമാണ്. വനിതാ ക്യാബിന്‍ ക്രൂ അംഗങ്ങളുമൊത്തുള്ള ഫോട്ടോകള്‍, സ്ത്രീകളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവയും ഫോണില്‍ കണ്ടെത്തി. വ്യാജ വിസിറ്റിംഗ് കാര്‍ഡുകളും പാസ്പോര്‍ട്ടുകളും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഐക്യരാഷ്ട്രസഭയുടെയും ബ്രിക്സിന്റെയും അംബാസഡറാണെന്ന് അവകാശപ്പെടുന്നവയും ഇക്കൂട്ടത്തിലുണ്ട്. ചൈതന്യാനന്ദ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത രണ്ട് വനിത സഹായികള്‍ക്കൊപ്പം ഇരുത്തിയാണ് നിലവില്‍ ചോദ്യം ചെയ്യുന്നത്.

ദുരൂഹത ഒഴിയാതെ

ചൈതന്യാനന്ദയുടെ പൂര്‍വകാലത്തെ സംബന്ധിച്ച് ദുരൂഹതകള്‍ ഒഴിയുന്നില്ല. പതിറ്റാണ്ടുകളായി പല പേരുകള്‍ ഉപയോഗിച്ചാണു ഇയാള്‍ ജീവിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. ചൈതന്യാനന്ദയ്ക്ക് രണ്ടു പാസ്‌പോര്‍ട്ടുകളുള്ളതായും പൊലീസ് പറഞ്ഞു. ജനന സമയത്തെ പേര്, പിതാവിന്റെ പേര്, ജന്മസ്ഥലം തുടങ്ങിയ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ലഭ്യമായ രേഖകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ പ്രകാരം, രുദ്ര പാര്‍ഥസാരഥി എന്ന പേരില്‍ ബംഗാളിലെ സിലിഗുരിയിലാണ് ഇയാളുടെ ജനനം. ഇവിടുന്ന് കൊല്‍ക്കത്തയിലും ഒഡീഷയിലും താമസിച്ച ശേഷം ഡല്‍ഹിയിലെത്തി. ഡോ.സ്വാമി പാര്‍ഥസാരഥി എന്നും ഒടുവില്‍ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്നും പേരു മാറ്റി. ജന്മസ്ഥലം സംബന്ധിച്ചും വൈരുധ്യങ്ങളുണ്ട്. പഴയ പാസ്പോര്‍ട്ടില്‍ ബംഗാളിലെ ഡാര്‍ജിലിങ്ങും പുതിയതില്‍ തമിഴ്നാട്ടിലെ തിരുവെളികാണിയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം സ്ഥാപിച്ചതായി പറയപ്പെടുന്ന ട്രസ്റ്റിന്റെ പ്രസിദ്ധീകരണത്തില്‍, ചൈതന്യാനന്ദ യുഎസ് പൗരനാണെന്നു വിശേഷിപ്പിച്ചിട്ടുള്ളതായും എഫ്ഐആറില്‍ പറയുന്നു. സരസ്വതി പലപ്പോഴും താന്‍ ഒരു യുഎസ് പൗരനാണെന്നും ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമാണെന്നും അവകാശപ്പെട്ടിരുന്നതായി നിരവധി വിദ്യാര്‍ഥികളും മാധ്യമങ്ങളോടു പറഞ്ഞു.

2025ന്റെ തുടക്കത്തില്‍, വഞ്ചന ആരോപിച്ച് പീഠം ചൈതന്യാനന്ദയ്‌ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. ജൂലൈ 23ന് സമര്‍പ്പിച്ച എഫ്ഐആറില്‍ ഇയാള്‍ക്കു രണ്ട് പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്നും ഓരോന്നിലും വ്യത്യസ്ത വിവരങ്ങളാണുള്ളതെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ഒന്നില്‍ പിതാവിന്റെ പേര് ദയാനന്ദ സരസ്വതി എന്നും അമ്മ ശാരദ അംബാള്‍ എന്നുമാണു രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, പേരു മാറ്റത്തെക്കുറിച്ചുള്ള ഒരു പത്ര ക്ലിപ്പിങ്ങില്‍ ചൈതന്യാനന്ദയുടെ പിതാവിന്റെ പേര് സ്വാമി ഗഹനാനന്ദ്ജി പുരി എന്നാണു നല്‍കിയിട്ടുള്ളത്.

ചൈതന്യാനന്ദയുടെ പക്കല്‍നിന്നു പൊലീസ് കണ്ടെടുത്ത വിസിറ്റിങ് കാര്‍ഡുകളില്‍ ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരം അംബാസഡര്‍, ബ്രിക്‌സ് ജോയിന്റ് കമ്മിഷന്‍ അംഗം, ഇന്ത്യയുടെ പ്രത്യേക പ്രതിനിധി എന്നൊക്കെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പരസ്പരവിരുദ്ധമായ രേഖകള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും കബളിപ്പിക്കാനും പുതിയ അവസരങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നത്. കേസിലെ പ്രധാന തെളിവാണു ചൈതന്യാനന്ദയുടെ മൊബൈല്‍ ഫോണുകള്‍. എന്നാല്‍, അവയുടെ പാസ്വേഡ് മറന്നുപോയെന്നാണ് പൊലീസിനോടു പറഞ്ഞിട്ടുള്ളത്. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നുണയാണെന്നു ചൈതന്യാനന്ദ ആവര്‍ത്തിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന 3 മൊബൈല്‍ ഫോണുകളും ഐപാഡും ഫൊറന്‍സിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.

Tags:    

Similar News