ലോകാവസാനം ഭയന്ന് വിചിത്രമായ ജീവിതം! പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്‌നറുകളിലായി താമസിച്ചു ഒരു ജനസമൂഹം; കോണ്‍ക്രീറ്റ് ബങ്കറുകളില്‍ കഴിയുന്നത് 200ഓളം കുടുംബങ്ങള്‍; പ്രെപ്പര്‍ കമ്മ്യൂണിറ്റിയെ കുറിച്ചു എഫ്.ബി.ഐ അന്വേഷണം തുടങ്ങി
ലോകാവസാനം ഭയന്ന് വിചിത്രമായ ജീവിതം!
ന്യൂയോര്‍ക്ക്: ലോകാവസാനം വരുമെന്ന് കരുതി ഇപ്പോള്‍ തന്നെ അതിനായി തയ്യാറെടുപ്പ് നടത്തുന്ന പല സംഘങ്ങളും ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ട ഒരു സമൂഹമാണ് അമേരിക്കയിലെ സൗത്ത് ഡെക്കോട്ട ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രെപ്പര്‍ കമ്മ്യൂണിറ്റി. ലോകാവസാനം ഭയന്ന് ഇവര്‍ വളരെ വിചിത്രമായ ജീവിതമാണ് നയിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ കണ്ടെയിനറുകളിലാണ് ഇവര്‍ താമസിക്കുന്നത്.
ഇവരെ കുറിച്ച് ഇപ്പോള്‍ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ സംഘത്തിനുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതകള്‍ രൂപം കൊണ്ടതായും ഇവര്‍ തമ്മില്‍ വെടിവെയ്പ് വരെ നടന്നതായും പല കോടതികളിലും കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ ഇവരെ പറ്റി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 200 ഓളം കുടംബങ്ങളാണ് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ച ബങ്കറുകളിലായി ഇവിടെ കഴിയുന്നത്. വിവോസ് എക്സ്പോയിന്റ് ഡൂംസ് ഡേ കോംപ്ലക്സ് എന്നാണ് അവര്‍ ഇതിന് പേരിട്ടിരിക്കുന്നത്.
ലോകത്ത് ഇന്ന് നടക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും യുദ്ധങ്ങളിലും നിന്ന് രക്ഷ നേടാനാണ് ഇത്തരത്തില്‍ ഒരു ജീവിതം നയിക്കുന്നതെന്നാണ് ഇവടെ താമസിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇവിടെ സമാധാനം ആഗ്രഹിച്ച് എത്തിയ വ്യക്തികള്‍ പലരും ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. അതിന്റെ പ്രധാന കാരണം ഇവിടുത്തെ അംഗങ്ങള്‍ തമ്മിലുള്ള പോരാണ്. 1942 മുതല്‍ 1967 വരെ അമേരിക്കന്‍ സൈന്യത്തിന്റെ രാസായുധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് ഇവരെല്ലാം ഇപ്പോള്‍ താമസിക്കുന്നത്.
കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ വ്യവസായിയായ റോബര്‍ട്ട്.കെ.വിസിനോ ആണ് ഇപ്പോള്‍ പ്രസ്ഥാനത്തിന്റെ നേൃതസ്ഥാനത്തുള്ളത്. എന്നാല്‍ കഴിഞ്ഞ നാല് മാസമായി വിസിനോക്കെതിരെ അന്തേവാസികളും നേരത്തേ ഇവിടെ താമസിച്ചിരുന്നവരും നിരവധി കേസുകളാണ് വിവിധ കോടതികളില്‍ നല്‍കിയിരിക്കുന്നത്. നേരത്തേ ഇവിടെ താമസിച്ചിരുന്ന രണ്ട് പേരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇവിടെ താമസിക്കാനായി ബങ്കറുകള്‍ വാങ്ങിയവര്‍ക്ക് വാഗ്ദാനം നല്‍കിയത് അനുസരിച്ചുള്ള ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് വിസിനോക്ക് എതിരെയുള്ള പ്രധാന പരാതി. ഇവിടെ താമസിക്കാനായി എത്തുന്നവര്‍ 55000 ഡോളറാണ് വാടകയായി നല്‍കേണ്ടത്. കൂടാതെ വാട്ടര്‍ച്ചാര്‍ജ്ജായി മൂവായിരം ഡോളറും പ്രതിമാസം നല്‍കണം. ഇത്തരത്തില്‍ പല ഇനങ്ങളിലായി വന്‍ തുകയാണ് വിസിനോ
ഈടാക്കുന്നത്. ബങ്കര്‍ വാങ്ങുന്നവര്‍ക്ക് 99 വര്‍ഷത്തേക്ക് ലീസി്ന നല്‍കുന്നതായിട്ടാണ് രേഖകളില്‍ ഉള്ളത്. ഇവിടുത്തെ അസൗകര്യങ്ങളെ കുറിച്ചോ സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചോ മാധ്യമങ്ങളോട് സംസാരിക്കുന്നവര്‍ കനത്ത പിഴയും നല്‍കണം. ചിലപ്പോള്‍ അവരെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്യും.
ഇത്തരത്തില്‍ ഇറങ്ങിപ്പോകാന്‍ വിസമ്മതിച്ച ഒരാള്‍ തോക്ക് ചൂണ്ടിയതായും പരാതിയുണ്ട്. എന്നാല്‍ തന്റെ നേരേ ഉയരുന്ന ആരോപണങ്ങളേയും പരാതികളേയും എല്ലാം തള്ളിക്കളയുകയാണ് വിസിനോ. അങ്ങനെ ലോകാവസാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒത്തുകൂടിയവര്‍ ഇപ്പോള്‍ തമ്മില്‍ തല്ലി പിരിയുന്ന ലക്ഷണമാണ് കാട്ടുന്നത്. പോലീസ് അന്വേഷണം കൂടി ശക്തമാകുന്നതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.