ചേലക്കരയില്‍ ഇടതുപക്ഷത്തിന് രണ്ടുസ്ഥാനാര്‍ഥികള്‍? രമ്യ ഹരിദാസിന്റെ അപരനായ സ്വതന്ത്ര സ്ഥാനാര്‍ഥി ഹരിദാസന്‍ സജീവ സിപിഎം-സിഐടിയു പ്രവര്‍ത്തകന്‍; യു ആര്‍ പ്രദീപിനൊപ്പം ഫ്‌ളക്‌സ് ബോര്‍ഡിലും; സിപിഎം തന്നെ രംഗത്തിറക്കിയ സ്ഥാനാര്‍ഥിയോ?
ചേലക്കരയില്‍ ഇടതുപക്ഷത്തിന് രണ്ടുസ്ഥാനാര്‍ഥികള്‍?
ചേലക്കര: ചേലക്കരയില്‍ രമ്യ ഹരിദാസിന്റെ അപരനായി മത്സര രംഗത്തിറങ്ങിയ ഹരിദാസന്‍ സജീവ സിഐടിയു പ്രവര്‍ത്തകന്‍. ഇതോടെ ഇടതുപക്ഷത്തിന് മണ്ഡലത്തില്‍, ഫലത്തില്‍ രണ്ട് സ്ഥാനാര്‍ത്ഥികളായി. ഔദ്യോഗിക എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ യുആര്‍ പ്രദീപിന് പുറമേ സിപിഎമ്മിലും സിഐടിയുവിലും സജീവമായ ഹരിദാസന്‍ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.
ഇക്കാര്യത്തില്‍, സിപിഎം പ്രതികരിച്ചിട്ടില്ലെങ്കിലും പാര്‍ട്ടി തന്നെ രമ്യക്കെതിരെ രംഗത്തിറക്കിയതാണ് ഹരിദാസനെ എന്നാണ് സൂചന. യു ആര്‍ പ്രദീപിന് വോട്ട് അഭ്യര്‍ഥിച്ച് ബോര്‍ഡ് വെച്ച ശേഷമാണ് അപരനായ ഹരിദാസന്‍ സ്ഥാനാര്‍ത്ഥിയായത്. കുടം ചിഹ്നത്തിലാണ് ഹരിദാസന്‍ മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ചേട്ടന്‍ പറഞ്ഞുവെന്നാണ് ഹരിദാസന്റെ ഭാര്യ പറയുന്നത്. മത്സരിക്കുന്ന വിവരം അറിയില്ലെന്നാണ് അമ്മയുടെ പ്രതികരണം. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് തന്നെ ജയിക്കുമെന്നാണ് അമ്മ പറഞ്ഞത്. ഹരിദാസന്റെ മകന്‍ സജീവ സിപിഎം പ്രവര്‍ത്തകനാണ്. എന്നാല്‍, ഹരിദാസന്‍ മത്സരിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് സിഐടിയുവിലെ സുഹൃത്തുക്കള്‍ പറയുന്നത്.
ഔദ്യോഗിക സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് സിഐടിയു സ്ഥാപിച്ച ഫ്‌ലക്സിലും ഹരിദാസന്റെ ചിത്രമുണ്ട്. ഹരിദാസന്റെ സ്ഥാനാര്‍ത്ഥിത്വം വാര്‍ത്തയായതിന് പിന്നാലെ സിഐടിയു ഈ ഫ്‌ലക്സ് ബോര്‍ഡ് മാറ്റുകയും ചെയ്തു. മണ്ഡലത്തില്‍ മറ്റെവിടെയും ഹരിദാസന്റെ ചിത്രങ്ങള്‍ കാണാനില്ല. അപര സ്ഥാനാര്‍ത്ഥി ഹരിദാസന്റെ ചിത്രമടങ്ങിയ യുആര്‍ പ്രദീപിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് പഴയന്നൂര്‍ കോടത്തൂരില്‍ നിന്നാണ് നീക്കിയത്.
ചേലക്കരയില്‍ മത്സരിക്കാന്‍ ആറ് സ്ഥാനാര്‍ഥികളാണ് ഉള്ളത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഡിഎംകെ, രണ്ടു സ്വതന്ത്രര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍. യു.ആര്‍. പ്രദീപ് (സിപിഎം), കെ.ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) എന്നിവരാണ് ചേലക്കരയിലെ പ്രധാന സ്ഥാനാര്‍ഥികള്‍. ഡിഎംകെ സ്ഥാനാര്‍ഥി എന്‍ കെ സുധീറിന്റെ ചിഹ്നം ഓട്ടോറിക്ഷയാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഒരാള്‍ പത്രിക പിന്‍വലിച്ചു.