ലോകത്തിലെ തന്നെ ഇത്തരമൊരു കാഴ്ച്ച ആദ്യം! ഒറ്റത്തൂണില്‍ വരുന്നത് അഞ്ച് ട്രാക്കുകള്‍; എഞ്ചിനിയറിങ്ങില്‍ വിസ്മയിപ്പിക്കാന്‍ ഒരുങ്ങി ചെന്നൈ മെട്രോ; രണ്ടാംഘട്ടം പോരൂര്‍-പൂനമല്ലി പാത നിര്‍മാണം അന്തിമഘട്ടത്തില്‍; സ്റ്റേഷന്‍ നിര്‍മ്മാണം ജൂണിലും പൂര്‍ത്തിയാകും

ലോകത്തിലെ തന്നെ ഇത്തരമൊരു കാഴ്ച്ച ആദ്യം!

Update: 2025-02-04 08:53 GMT

ചെന്നൈ: മാറുന്ന കാലത്തിനനുസരിച്ച് മുഖഛായ മാ്റ്റുന്ന നഗരമാണ് ചെന്നൈ. ദിനംപ്രതി തിരക്കേറുന്ന നഗരത്തില്‍ യാത്രാക്കുരുക്കും വാഹനപ്പെരുപ്പവും വര്‍ധിച്ചതോടെ ഭൂരിഭാഗം തങ്ങളുടെ ആശ്രയം ചെന്നൈ മെട്രോയിലേക്കാക്കി മാറ്റി. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ

ചെന്നൈയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചെന്നൈ മെട്രോ.ചെന്നൈ നഗരത്തില്‍ കൂടുതലാളുകള്‍ യാത്രയ്ക്കായി ആശ്രയിക്കുന്നത് മെട്രോ - സമ്പര്‍ബന്‍ റെയില്‍ സര്‍വീസുകളെയാണ്. പുതിയ റോഡുകള്‍ക്കുള്ള സാധ്യത വിരളമായതിനാല്‍ മെട്രോ റെയില്‍ സംവിധാനം ശക്തിപ്പെടുത്തുകയാണ് ചെന്നൈ മെട്രോ റെയില്‍ കോര്‍പറേഷന്‍.

നിലവില്‍ ചെന്നൈ മെട്രോയ്ക്ക് രണ്ടു പാതകളാണുള്ളത്.രണ്ടാം ഘട്ടത്തില്‍ മൂന്നുപാതകള്‍കൂടി വരും.ഇതോടെയാണ് ഒറ്റത്തൂണില്‍ അഞ്ച് പാതകളെന്ന വിസ്മയം യാഥാര്‍ത്ഥ്യമാവുക.ചെന്നൈ സെന്‍ട്രലില്‍നിന്ന് സെയ്ന്റ് തോമസ് മൗണ്ട് വരെയും വിംകോ നഗറില്‍ നിന്ന് വിമാനത്താവളം വരെയുമാണ് നിലവിലുള്ള ഒന്നും രണ്ടും പാതകള്‍. മാധാവരം മുതല്‍ സിപ്‌കോട്ട് വരെയാണ് മൂന്നാംപാത വരുന്നത്.

പൂനമല്ലിയില്‍നിന്ന് ലൈറ്റ് ഹൗസ് വരെയാണ് നാലാം പാത. മാധാവരം മുതല്‍ ഷോളിങ്കനല്ലൂര്‍ വരെയാണ് അഞ്ചാം പാത.

ആഴ് വാര്‍തിരുനഗര്‍, വല്‍സരവാക്കം, കാരമ്പാക്കം, ആലപ്പാക്കം, പോരൂര്‍ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പാതകളാണ് ഒറ്റത്തൂണില്‍ ഘടിപ്പിക്കുക. മൂന്ന്, നാല്, അഞ്ച് പാതകളുടെ നിര്‍മാണം 2026 അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ഭൂനിരപ്പില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന നാല്,അഞ്ച് പാതകള്‍ പോരൂര്‍ മുതല്‍ ആഴ്വാര്‍തിരുനഗര്‍ വരെയുള്ള അഞ്ച് സ്റ്റേഷനുകള്‍ പങ്കുവെക്കും.സ്ഥലപരിമിതി കണക്കിലെടുത്ത് ഇത്രയും ഭാഗത്തെ പാതകളായിരിക്കും ഒറ്റത്തൂണില്‍ രണ്ടു തട്ടുകളായി ഒരുക്കുക.താഴെയായിരിക്കും സ്റ്റേഷനുകള്‍.

ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തില്‍ പോരൂര്‍ മുതല്‍ ആഴ്വാര്‍തിരുനഗര്‍ വരെയുള്ള നാലു കിലോമീറ്റര്‍ ഭാഗത്താണ് ഒരൊറ്റത്തൂണില്‍ അഞ്ച് റെയില്‍പ്പാളങ്ങള്‍.ലോകത്തുതന്നെ ആദ്യമായിരിക്കും ഇത്തരമൊരു നിര്‍മിതിയെന്ന് ചെന്നൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രോജക്ട് ഡയറക്ടര്‍ ടി. അര്‍ജുനന്‍ പറയുന്നു.

ഒറ്റത്തൂണിലൊരുങ്ങുന്ന അഞ്ച് പാതകള്‍..ഡബിള്‍ ഡക്കറില്‍ ലിഫ്റ്റ് സംവിധാനവും

ചെന്നൈ നഗരത്തിലെ ഏറെ തിരക്കുള്ള ഭാഗമായതിനാല്‍ സ്ഥലപരിമിതി കണക്കിലെടുത്താണ് ഇത്രയും ഭാഗത്തെ പാതകള്‍ ഒറ്റത്തൂണില്‍ തട്ടുകളായി നിര്‍മിക്കാന്‍ സിഎംആര്‍എല്‍ തീരുമാനിച്ചത്.അത്യാധുനിക എന്‍ജിനീയറിങ് ഉള്‍പ്പെടുത്തിക്കൊണ്ട് വര്‍ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സിഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. ഇതുവഴി ചെന്നൈ മെട്രോ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനാകും.

ഏറ്റവും താഴെയായിരിക്കും സ്റ്റേഷനുകള്‍ നിര്‍മിക്കുക. രണ്ടാം നിലയില്‍ നാലാം പാതയിലെ രണ്ട് പാളങ്ങളും മൂന്നാം നിലയില്‍ അഞ്ചാം പാതയിലെ രണ്ട് പാളങ്ങളും ഉണ്ടാകും. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി നടുവില്‍ ലൂപ് ലൈന്‍ നിര്‍മിക്കും.

മാധവാരംസിരുശേരി (മൂന്നാം ഇടനാഴി),ലൈറ്റ് ഹൗസ്പൂനമല്ലി (നാലാം ഇടനാഴി),മാധവാരംഷോളിംഗനല്ലൂര്‍ (അഞ്ചാം ഇടനാഴി) എന്നീ 3 ഇടനാഴികളാണു രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്നത്.ആല്‍വാര്‍തിരുനഗര്‍,വല്‍സരവാക്കം,കാരമ്പാക്കം, ആലപ്പാക്കം, പോരൂര്‍ എന്നീ സ്റ്റേഷനുകള്‍ 4, 5 ഇടനാഴികളുടെ ഭാഗമാണ്.പോരൂര്‍ മുതല്‍ ആല്‍വാര്‍തിരുനഗര്‍ വരെയുള്ള ഉയരപാതകള്‍ ഒറ്റത്തൂണിലാണു നിര്‍മിക്കുക

.ഈ പാതകളിലൂടെ 4, 5 ഇടനാഴികളിലെ ട്രെയിനുകള്‍ക്കാണ് ഇരു വശങ്ങളിലേക്കും ഒരേ സമയം പോകാന്‍ കഴിയുക.മാധവാരംഷോളിംഗനല്ലൂര്‍, ലൈറ്റ്ഹൗസ്പൂനമല്ലി ഇടനാഴികളിലെ ഏതു ഭാഗത്തേക്കും 5 സ്റ്റേഷനുകളില്‍ ഏതില്‍ നിന്നു വേണമെങ്കിലും യാത്ര ചെയ്യാം.

പ്ലാറ്റ്ഫോമുകളിലേക്ക് യാത്രക്കാര്‍ക്ക് എത്തുന്നതിനായി ലിഫ്റ്റ്, എസ്‌കലേറ്റര്‍ സംവിധാനവും ഒരുക്കുന്നുണ്ട്.ഇവയുടെ സഹായത്തോടെ യാത്രക്കാര്‍ക്ക് മുകളിലെ 2 നിലകളിലെ പ്ലാറ്റ്ഫോമുകളിലെത്താം.രണ്ട് ഇടനാഴികളിലേക്കും ടിക്കറ്റ് എടുക്കുന്നതിനും മറ്റുമുള്ള കോണ്‍കോഴ്സ് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കും.ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമുള്ള സൗകര്യത്തിനായി വല്‍സരവാക്കത്തിനും കാരമ്പാക്കത്തിനും ഇടയിലായി ലൂപ് ലൈന്‍ നിര്‍മിക്കും.മെട്രോ രണ്ടാം ഘട്ടത്തിലെ 26.1 കിലോമീറ്റര്‍ ലൈറ്റ് ഹൗസ്പൂനമല്ലി ഇടനാഴിയുടെ (നാലാം ഇടനാഴി) ഭാഗമാണ് പൂനമല്ലിപോരൂര്‍ എലിവേറ്റഡ് പാത. രണ്ടാം ഘട്ടത്തില്‍ ഈ പാതയിലാണ് ഏറ്റവും ആദ്യം സര്‍വീസ് ആരംഭിക്കുക.

ആദ്യം നിര്‍മാണം ആരംഭിച്ചതും ഇതേ പാതയിലാണ്. നിലവില്‍ പൂനമല്ലി ഡിപ്പോയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.വൈദ്യുത സംവിധാനം,സിഗ്‌നല്‍ സംവിധാനം അടക്കമുള്ള ജോലികള്‍ അവസാന ഘട്ടത്തിലുമാണ്.ഡ്രൈവറില്ലാ ട്രെയിനുകളാണ് രണ്ടാം ഘട്ടത്തില്‍ സര്‍വീസ് നടത്തുക.പോരൂര്‍പൂനമല്ലി റൂട്ടില്‍ സര്‍വീസ് നടത്തേണ്ട ഡ്രൈവറില്ലാ ട്രെയിനുകളുടെ ഒരു സെറ്റ് നഗരത്തിലെത്തിച്ചിട്ടുണ്ട്. ഈ കോച്ചിന്റെ പരീക്ഷണവും പൂനമല്ലി ഡിപ്പോയില്‍ നടക്കുന്നുണ്ട്.പാത മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയ ശേഷം പാളത്തിലൂടെയുള്ള പരീക്ഷണം നടത്തും.മാര്‍ച്ച് മുതല്‍ തുടര്‍ച്ചയായി 4 മാസം പരീക്ഷണം നടത്തിയ ശേഷമാകും സര്‍വീസിനു സജ്ജമാണെന്ന് ഉറപ്പാക്കുക.

ബാക്കിയുള്ള ട്രെയിന്‍ കോച്ചുകള്‍ ഈ മാസാവസാനം എത്തുമെന്നും സിഎംആര്‍എല്‍ വൃത്തങ്ങള്‍ പറഞ്ഞു.ആന്ധ്രയിലെ ശ്രീ സിറ്റിയിലാണു കോച്ചുകള്‍ നിര്‍മിക്കുന്നത്.സ്റ്റേഷനുകളുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുന്നുണ്ട്. അവയടക്കം എല്ലാ പ്രവൃത്തികളും ജൂണില്‍ പൂര്‍ത്തിയാക്കുമെന്നാണു സിഎംആര്‍എലിന്റെ വാഗ്ദാനം.മുകളിലും താഴെയുമായി ഒരേ സമയം 5 ട്രെയിനുകള്‍ ഒരുമിച്ചു കടന്നുപോകുന്ന കാഴ്ച്ചയാകും പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കാണാനാവുക.

പാര്‍ക്കിങ്ങിനും പുതിയ രീതി.. ആദ്യമെത്തുന്നവര്‍ക്ക് സൗകര്യം

പദ്ധതി വ്യാപിപ്പിക്കുന്നതോടെ മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിങ് കേന്ദ്രത്തിലും പുതിയ നടപടിയുമായി എത്തിയിരിക്കുകയാണ് സിഎംആര്‍എല്‍.വാഹനം നിര്‍ത്തിയിടുന്നതിനുള്ള പ്രതിമാസ പാസ് വിതരണം നിര്‍ത്തലാക്കി.ഈ മാസം മുതല്‍ ആദ്യം വരുന്നവര്‍ക്കാണ് പാര്‍ക്കിങ് ലഭിക്കുക.നിലവില്‍ പാസ് കൈവശമുള്ളവര്‍ക്ക് അതിന്റെ കാലാവധി കഴിയുന്നതു വരെ അത് ഉപയോഗിക്കാം.ആദ്യ ഘട്ടത്തില്‍ ന്യൂ വാഷര്‍മാന്‍പെട്ട്, കാലടിപ്പെട്ട്, തിരുവൊട്ടിയൂര്‍ തേരടി, തിരുവൊട്ടിയൂര്‍, നന്ദനം, ലിറ്റില്‍ മൗണ്ട്, ഒടിഎനങ്കനല്ലൂര്‍ റോഡ്, മീനമ്പാക്കം, എഗ്മൂര്‍, കില്‍പോക്, ഷെണോയ് നഗര്‍ എന്നിവിടങ്ങളിലാണിത് നടപ്പാക്കുക.

തുടര്‍ന്നു മറ്റു സ്റ്റേഷനുകളിലും നടപ്പാക്കും.യാത്രയ്ക്കുള്ള ട്രാവല്‍ കാര്‍ഡ് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി കാര്‍ഡിന്റെ വില്‍പനയും ടോപ്അപ്പും ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.ഏപ്രില്‍ 1 മുതല്‍ സിങ്കാര ചെന്നൈ നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് മാത്രമാണ് അനുവദിക്കുക.ട്രാവല്‍ കാര്‍ഡ് കൈവശമുള്ളവര്‍ ഏപ്രില്‍ ഒന്നിനു മുന്‍പ് അതിലെ തുക ഉപയോഗിച്ച് യാത്ര, പാര്‍ക്കിങ് എന്നിവ നടത്തണമെന്ന് സിഎംആര്‍എല്‍ നിര്‍ദേശിച്ചു.

Tags:    

Similar News