കടുത്ത ദാരിദ്ര്യത്തില്‍ കഴിയവേ 12ാം വയസില്‍ വിവാഹം; വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഗര്‍ഭിണിയായി; പീഡകനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതിയായ ബാലവധുവിന് വധശിക്ഷ; ബ്ലഡ്മണി നല്കിയില്ലെങ്കില്‍ വധശിക്ഷ നടപ്പിലാക്കും; വധശിക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന ഇറാനില്‍ നിന്നൊര വാര്‍ത്ത

കടുത്ത ദാരിദ്ര്യത്തില്‍ കഴിയവേ 12ാം വയസില്‍ വിവാഹം; വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഗര്‍ഭിണിയായി

Update: 2025-11-04 07:43 GMT

ടെഹ്‌റാന്‍: ഭര്‍ത്താവിനെ കൊലപ്പടുത്തിയ കേസില്‍ അയാളുടെ കുടുംബത്തിന് 80,000 പൗണ്ട് ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ ഇറാനില്‍ ഒരു ബാലവധു വധശിക്ഷ നേരിടേണ്ടി വരുമെന്ന ഭീഷണിയില്‍ കഴിയുകയാണ്. വടക്കന്‍ ഇറാനിലെ ഗോര്‍ഗനില്‍ ഏഴ് വര്‍ഷമായി മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയാണ് ഗോളി കൗഖാന്‍ എന്ന ഈ പെണ്‍കുട്ടി. ഡിസംബര്‍ വരെ ഈ വലിയ തുക സ്വരൂപിക്കാനായി സമയപരിധി നല്‍കിയിട്ടുണ്ട്.

അവര്‍ കടുത്ത ദാരിദ്ര്യത്തിലാണ് വളര്‍ന്നതെന്നും 12 വയസ്സുള്ളപ്പോള്‍ അവരുടെ ബന്ധുവിനെ വിവാഹം കഴിപ്പിച്ചതാണെന്നുമാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അവള്‍ ഗര്‍ഭിണിയായി. പതിമൂന്നാമത്തെ വയസില്‍ അങ്ങനെ അവള്‍ ഒരമ്മയായി മാറി. ഇപ്പോള്‍ അവള്‍ക്ക് 25 വയസാണ് പ്രായം. 2018 ലാണ് അവരുടെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് കൗഖാന്‍ അറസ്റ്റിലാകുകയായിരുന്നു. കൂഖാന് 18 വയസുളളപ്പോള്‍ അവരുടെ ഭര്‍ത്താവ് അവരുടെ അഞ്ച് വയസുകാരനായ മകനെ തല്ലുന്നതായി കണ്ടു.

മകനെ രക്ഷിക്കുന്നതിനായി അവര്‍ ഒരു ബന്ധുവിനെ സഹായത്തിനായി വിളിച്ചിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെടുകയായിരുന്നു. പോലീസ് ബന്ധുവിനോടൊപ്പം കൂഖാനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൂഖാന് സ്വന്തമായി അഭിഭാഷകന്‍ ഇല്ലായിരുന്നു. അവര്‍ക്ക് എഴുതാനോ വായിക്കാനോ അറിയില്ലെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. കുറ്റസമ്മത മൊഴിയില്‍ ഒപ്പിടാന്‍ അവളെ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് കോടതി ഒരു അഭിഭാഷകനെ അവളുടെ ചുമതല ഏല്‍പ്പിച്ചു. തുടര്‍ന്ന് കോടതി അവളെ തൂക്കിക്കൊല്ലാന്‍ വിധിച്ചു.

ഇറാനിയന്‍ നിയമപ്രകാരം, ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ കൊലയാളിക്ക് മാപ്പ് ലഭിക്കും. കൂഖാന്റെ മകന് 11 വയസാണ് പ്രായം. തുക സ്വരൂപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവളുടെ വധശിക്ഷ നടപ്പിലാക്കുമെന്ന് കരാറിലെ വ്യവസ്ഥ സൂചിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നമായ സമൂഹങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ബലൂച്ച് സമുദായത്തില്‍ നിന്നുള്ളയാളാണ് കൗഖാന്‍. ഭര്‍ത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാനാകാതെ ഒരിക്കല്‍ വീട്ടിലേക്ക് പോയി എങ്കിലും വീട്ടുകാര്‍ അവളെ മടക്കി അയയ്ക്കുകയായിരുന്നു.

സെപ്റ്റംബറില്‍, ഇറാന്റെ വധശിക്ഷകളുടെ വന്‍ വര്‍ദ്ധനവിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചിരുന്നു. 2025 ല്‍ മാത്രം 1,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി സംഘടന റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ സ്ത്രീകളെ ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയരാക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍, മുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ 29 കാരിയായ നസ്രിന്‍ ബരാനിയെ രാജ്യം വധശിക്ഷയ്ക്ക് വിധേയയാക്കി.

കഴിഞ്ഞ മാസം, നഹാവന്ദ് ജയിലില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് തൂക്കിലേറ്റപ്പെട്ട നാദിദ് ഹെമതി ഈ വര്‍ഷം വധശിക്ഷയ്ക്ക് വിധേയയാകുന്ന 33-ാമത്തെ സ്ത്രീയായി. ഇറാന്‍ മനുഷ്യാവകാശങ്ങളുടെ കണക്കനുസരിച്ച്, മയക്കുമരുന്നുമായി ബന്ധപ്പെട്ട, കൊലപാതകം, സുരക്ഷാ സംബന്ധമായ കുറ്റങ്ങള്‍ എന്നിവയ്ക്ക് ഇറാനില്‍ കുറഞ്ഞത് 31 സ്ത്രീകളെയെങ്കിലും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

Tags:    

Similar News