'ഹോട്ട്‌പോട്ട് ബാത്തി'നായി മുളക് ചേർത്ത വെള്ളം; മറുവശത്ത് പാലും ഈത്തപ്പഴവും; പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സജ്ജീകരണം; ഒരു കുളിക്ക് നൽകേണ്ടത് 2000 രൂപ; ബാത്ത്ഹൗസുകളിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്

Update: 2025-10-30 10:11 GMT

ഹാർബിൻ: ചൈനയിൽ ഇളംചൂടുള്ള സൂപ്പ് പോലുള്ള ബാത്ത്ഹൗസുകളാണ് ഇപ്പോൾ വിനോദസഞ്ചാരികൾക്കിടയിൽ ശ്രദ്ധാകേന്ദ്രം. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തെ പ്രചോദനമാക്കിയുള്ള 'ഹോട്ട്‌പോട്ട് ബാത്ത്' ആണ് ഇപ്പോൾ ട്രെൻഡ് ആയിരിക്കുന്നത്. ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്ന വിചിത്ര ചേരുവകൾ ചേർത്ത ഇളംചൂടുള്ള സൂപ്പ് പോലുള്ള കുളങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹാർബിനിലുള്ള ഒരു റിസോർട്ടിലാണ് ഈ പ്രത്യേക ബാത്ത്ഹൗസ് ഒരുക്കിയിരിക്കുന്നത്. അഞ്ച് മീറ്റർ വീതിയുള്ള വൃത്താകൃതിയിലുള്ള ഈ കുളം ചുവപ്പ്, വെള്ള എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ചുവന്ന ഭാഗത്ത് മുളക്, വഴുതന, കാബേജ് എന്നിവ ചേർത്ത് എരിവുള്ള സൂപ്പ് രൂപത്തിലുള്ള വെള്ളമാണ്. അതേസമയം, വെളുത്ത ഭാഗത്ത് പാലും ഈത്തപ്പഴം, ഗോജി ബെറി തുടങ്ങിയവയും ചേർത്ത മിശ്രിതമാണ്.

പനിനീരിന്റെ ഇതളുകൾ കൊണ്ടാണ് ചുവന്ന ഭാഗം നിർമ്മിച്ചിരിക്കുന്നതെന്നും ദിവസവും ഇത് മാറ്റാറുണ്ടെന്നും ജീവനക്കാർ പറയുന്നു. ഉപയോഗിക്കുന്ന മുളക് അധികം എരിവില്ലാത്ത ഇനമാണെന്നും ഇത് മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അവർ വിശദീകരിക്കുന്നു. പാൽ ചർമ്മത്തിന് മൃദുത്വം നൽകാൻ സഹായിക്കുന്നു.

സമ്മർദ്ദം കുറയ്ക്കാനും ഉല്ലാസത്തിനും ഈ ബാത്ത് സഹായിക്കുമെന്നാണ് അവകാശവാദം. ടൂറിസ്റ്റുകളും പ്രാദേശികവാസികളുമായി നിരവധി പേരാണ് ഇതിനോടകം ഇവിടെയെത്തിയിട്ടുള്ളത്. 160 യുവാനാണ് (ഏകദേശം 2000 ഇന്ത്യൻ രൂപ) ഒരാൾക്ക് ഇവിടെ കുളിക്കാനായി നൽകേണ്ടത്. ഏത് പ്രായക്കാർക്കും ഈ ബാത്ത്ഹൗസിൽ പ്രവേശനമുണ്ടെങ്കിലും, 15-20 മിനിറ്റാണ് ഇതിൽ ചെലവഴിക്കാൻ നല്ലതെന്ന് നിർദ്ദേശിക്കപ്പെടുന്നു.

Tags:    

Similar News