അരുണാചല്‍ ഇന്ത്യയുടെ സംസ്ഥാനം അല്ലേ എന്ന് ചോദ്യം; എന്റെ അറിവിന് അപ്പുറം; മറ്റെന്തെങ്കിലും സംസാരിക്കാമെന്ന് ചൈനയുടെ ഡീപ്‌സീക്കിന്റെ മറുപടി; ടിബറ്റിനെക്കുറിച്ചുള്ള ചോദ്യത്തിനും ഇതേ മറുപടി; ചൈനയുടെ വിവാദ വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പ്രതികരണം; മറുപടികള്‍ ചര്‍ച്ചയാക്കി സാമൂഹ്യ മാധ്യമങ്ങള്‍
അരുണാചലിനെക്കുറിച്ചുള്ള ചോദ്യത്തിന് ഡീപ്‌സീക്ക് നല്‍കിയ മറുപടി വൈറല്‍
ബീജിംഗ്: നിര്‍മിത ബുദ്ധി അരങ്ങുവാഴുന്ന ലോകത്തേക്ക് വലിയ മത്സരത്തിന് വഴിതുറന്ന ചൈനയുടെ എഐ പ്ലാറ്റ്‌ഫോമായ ഡീപ്സീക്ക് ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നും വ്യക്തമായ മറുപടി നല്‍കാതെ ഡീപ്‌സീക്ക് ഒഴിഞ്ഞുമാറുകയായിരുന്നു. ''ക്ഷമിക്കണം, ഈ ചോദ്യം എന്റെ അറിവിന് അപ്പുറമാണ്. നമ്മള്‍ക്ക് മറ്റെന്തെങ്കിലും സംസാരിക്കാം'' എന്നാണ് ഡീപ്‌സീക്ക് മറുപടി നല്‍കിയത്. വടക്കു-കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളെ കുറിച്ചുള്ള മറ്റൊരു ചോദ്യത്തിനും ഇതേ മറുപടിയാണ് ഡീപ്‌സീക്കിന്റെ ചാറ്റ് ബോട്ട് മറുപടി നല്‍കിയത്.
ചാറ്റ്ജിപിടി, ജെമിനി, ക്ലോഡ് എഐ തുടങ്ങിയ പ്രമുഖ എഐ പ്ലാറ്റ്‌ഫോമുകള്‍ക്കു ബദലായാണ് ചൈന ഡീപ്സീക്ക് പുറത്തിറക്കിയത്. സാങ്കേതിക ലോകത്തെ വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഡീപ്സീക്കിന്റെ ചാറ്റ്ബോട്ട് നല്‍കിയ വിചിത്ര മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദങ്ങള്‍ക്കിടെയാണ് അവരുടെ തന്നെ എഐ ചാറ്റ് ബോട്ട് ഇത്തരം മറുപടി നല്‍കിയിരിക്കുന്നത്.
അതേസമയം വിഷയത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ''അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഞങ്ങളുടെ അടിസ്ഥാന സൗകര്യ പദ്ധതികളിലും വികസന പദ്ധതികളിലും അരുണാചലിലെ ജനങ്ങള്‍ക്കു തുടര്‍ന്നും പ്രയോജനം ലഭിക്കും'' വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
2023-ല്‍ ചൈനയിലെ ഹാങ്ഷൗവിലാണ് 40 കാരനായ ലിയാങ് വെന്‍ഫെങ് നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമായ ഡീപ്സീക്ക് സ്ഥാപിച്ചത്. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഡീപ്‌സീക്കിന്റെ സൗജന്യ സോഫ്റ്റ്വെയര്‍ യുഎസില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് എന്ന നിലയില്‍ ചാറ്റ് ജിപിടിയെ മറികടന്നിരുന്നു. ഡീപ്‌സീക്കിന്റെ ദ്രുതഗതിയിലുള്ള ഉയര്‍ച്ച യുഎസ് ടെക് വിപണിയില്‍ വലിയ തരംഗങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാക്കുന്ന ഡീപ്സീക് എന്ന എഐ മേഡലാണ് ചൈനയില്‍ നിന്ന് എത്തിയിരിക്കുന്നത്. വിലക്കുറവിനൊപ്പം കുറച്ചുമാത്രം നിയന്ത്രണങ്ങളും പ്ലാറ്റ്ഫോമിന്റെ സവിശേഷതയാണ്. ഈ എഐ സംവിധാനം എത്രത്തോളം പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഒരു ഉപയോക്താവ്. ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിനെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ചൈനീസ് ചാറ്റ്ബോട്ട് വിസമ്മതിച്ചെന്നാണ് ഉപയോക്താവ് ചൂണ്ടിക്കാണിക്കുന്നത്. ടിബറ്റിനെക്കുറിച്ചും ടിയാനന്‍മെന്‍ സ്‌ക്വയറിനെക്കുറിച്ചുമുള്ള ചോദ്യങ്ങളില്‍ നിന്നും സമാനമായ രീതിയില്‍ ഡീപ് സീക്ക് ഒഴിഞ്ഞുമാറുകയായിരുന്നു.
ഒരു പോസ്റ്റില്‍, സംസ്ഥാനത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചാറ്റ്ബോട്ട് വിസമ്മതിച്ചതായി ഒരു എക്സ് ഉപയോക്താവ് അവകാശപ്പെട്ടു.ക്ഷമിക്കണം, അത് എന്റെ നിലവിലെ പരിധിക്കപ്പുറമാണ്. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം. ' 'ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പേര് പറയൂ' എന്ന് ചോദിച്ചപ്പോള്‍ എഐ ഇതേ ഉത്തരവുമായി എത്തി. അതേ സമയം ഇന്ത്യയുടെ 28 സംസ്ഥാനങ്ങളില്‍ ഒന്നാണ് അരുണാചല്‍ പ്രദേശ് എന്നായിരുന്നു ചാറ്റ്ജിപിടി നല്‍കിയ മറുപടി.
ആര്‍1 എന്നാണു ഡീപ്സീക്കിന്റെ പുതിയ പതിപ്പിന്റെ പേര്. ഓപ്പണ്‍ എഐ, മെറ്റ തുടങ്ങിയ കമ്പനികള്‍ ഹാര്‍ഡ്വെയറില്‍ ചെലവഴിക്കുന്നതിനെക്കാള്‍ വളരെക്കുറച്ചു തുക മാത്രമാണു ഡീപ്സീക്ക് ചെലവഴിക്കുന്നത്. ഇതാണു വിലക്കുറവിനുള്ള പ്രധാനകാരണം.