പാക് ഉപപ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രി പോയിട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പോലുമില്ല; റെഡ് കാര്‍പ്പറ്റും കൊടുക്കാതെ ബീജിങ്; പുറത്തുകൊണ്ടുവന്നത് കാറിനുപകരം ബസില്‍; സ്വന്തം നേതാവിനെ ട്രോളി ഒരുവിഭാഗം പാകിസ്ഥാനികളും; നയതന്ത്രരംഗത്ത് ചൈന പാക്കിസ്ഥാനെ കൈയൊഴിയുന്നോ?
ചൈന പാക്കിസ്ഥാനെ കൈയൊഴിയുന്നോ?
വര്‍ഷങ്ങളായി സുദൃഢമായിട്ടുള്ള ബന്ധമാണ് ചൈനയും പാക്കിസ്ഥാനും തമ്മില്‍. ഒരുകാലത്ത് പാക്കിസ്ഥാന് ആയുധങ്ങളും പണവും നല്‍കിയിരുന്നത് അമേരിക്കയായിരുന്നു. എന്നാല്‍ വാളെടുത്തവന്‍ വാളാല്‍ എന്ന രീതിയില്‍ ഭീകരവാദം ബുമറാങ്ങായതോടെ അമേരിക്ക പാക്കിസ്ഥാനെ സഹായിക്കുന്നത് നിര്‍ത്തി. അപ്പോഴും ചൈനയായിരുന്നു പാക്കിസ്ഥാന്റെ വിശ്വസ്ത പങ്കാളികള്‍. പക്ഷേ പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോള്‍, ചൈന തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചത്. തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് കരുതിയിരുന്ന ഒരു രാജ്യം ഈ രീതിയില്‍ പ്രതികരിച്ചത് ശരിക്കും പാക്കിസ്ഥാനെ ഞെട്ടിച്ചിരുന്നു. പാക്കിസ്ഥാന് ഒപ്പമാണെങ്കിലും ചൈന ഒരിക്കലും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല എന്ന് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാരണം അവര്‍ക്ക് കോടികളുടെ നിക്ഷേപമാണ് പാക്കിസ്ഥാനിലുള്ളത്. ഒരു യുദ്ധം വന്നാല്‍ ഇതെല്ലാം വെള്ളത്തിലാവും.
പക്ഷേ ഈ സാമ്പത്തിക താല്‍പ്പര്യം മാത്രമല്ല, നയതന്ത്രപരമായ പല പ്രശ്നങ്ങളും പാക്കിസ്ഥാനും ചൈനക്കുമിടയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പാക് ഉപ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചൈന സന്ദര്‍ശിച്ചപ്പോള്‍ തീര്‍ത്തും തണുത്ത പ്രതികരണമാണ് ബീജിങ്ങിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
അപമാനിതനായി പാക് ഉപപ്രധാനമന്ത്രി
ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം, ചൈനയുടെ പിന്തുണ തേടിയാണ് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ മൂന്ന് ദിവസത്തെ ചൈന സന്ദര്‍ശനത്തിന് തിരിച്ചത്. എന്നാല്‍ അദ്ദേഹം അവിടെ അപമാനിക്കപ്പെട്ടുവെന്നാണ് പാക് പ്രതിപക്ഷത്തെ ചിലരും, പ്രമുഖ വ്ളോഗര്‍മാരും പറയുന്നത്. ഒരു രാഷ്ട്രത്തിന്റെ രണ്ടാമന് ലഭിക്കുന്ന യാതൊരു സ്വീകരണവും അദ്ദേഹത്തിന് ലഭിച്ചില്ല. ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ വിമാനത്താവളത്തില്‍ ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥനോ മന്ത്രിയോ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയില്ല. സംഭവസ്ഥലത്ത് കുറച്ച് ജൂനിയര്‍ ഓഫീസര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഉപപ്രധാനമന്ത്രിയെ സ്വീകരിച്ച ശേഷം, ചൈനീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിമാനത്താവളത്തിന് പുറത്തേക്ക് ഒരു ബസില്‍ കൊണ്ടുപോയി എന്നാണ് വാര്‍ത്തകള്‍. സാധാരണയായി വിദേശ അതിഥികള്‍ക്ക് ആഡംബര ബുള്ളറ്റ് പ്രൂഫ് കാറുകളാണ് നല്‍കാറുള്ളത്. റെഡ് കാര്‍പെറ്റ് ഇല്ലാത്തതും വിവാദമായി. പല പാകിസ്ഥാനികളും സ്വന്തം ഉപപ്രധാനമന്ത്രിയെ ട്രോള്‍ ചെയ്യുന്നുണ്ട്. ഇഷാഖ് ദാര്‍ ചൈനയില്‍ എത്തിയതിന്റെ വീഡിയോ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അത് ട്രോളായി.
തങ്ങളുടെ ഉപപ്രധാനമന്ത്രിയെ ചൈന സ്വീകരിച്ച രീതിയെ പരിഹസിച്ച് കുറിപ്പുകള്‍ കമന്റുകള്‍ വരാന്‍ തുടങ്ങി. 'ഇങ്ങനെയാണ് നമ്മുടെ ബഹുമാനം നഷ്ടപ്പെടുന്നത്' എന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. വെടിനിര്‍ത്തലിനായി പാകിസ്ഥാന്‍ അമേരിക്കയെ സമീപിക്കുന്നതില്‍ ചൈനയ്ക്ക് ദേഷ്യമുണ്ടെന്ന് അടുത്തിടെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ചൈനയുടെ സമവായത്തിന് പിന്നില്‍
പാക്കിസ്ഥാനിലെ പ്രധാന തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും ശതകോടികളുടെ നിക്ഷേപമാണ് ചൈനക്കുള്ളത്. തങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് നില്‍ക്കുന്നൊരു സര്‍ക്കാരും സൈന്യവും ഉള്ളതാണ് ചൈനയെ ഇത്രയധികം നിക്ഷേപത്തിന് പ്രേരിപ്പിച്ചത്. ബലൂചിസ്ഥാന്‍ എന്ന പാക്കിസ്ഥാന്റെ 40 ശതമാനം ഭൂമി വരുന്ന പ്രവിശ്യയില്‍, പാക് പട്ടാളത്തെ പിന്‍തള്ളി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ കൊടി ഉയര്‍ന്നുവെന്നത് ഞെട്ടലോടെയാണ്, ചൈനയും കാണുന്നത്. വിവിധ റോഡ് നിര്‍മ്മാണത്തിനും തുറമുഖ നിര്‍മ്മാണത്തിനും, ഒക്കെയായി ബലുചിസ്ഥാനില്‍ എത്തിയ ചൈന ഇപ്പോള്‍ അവിടം അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്നപോലെ ചൈന തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന സ്ഥലങ്ങളില്‍ ഔട്ട്പോസ്റ്റുകളും ചെക്ക് പോസ്റ്റുകളും വെച്ചിരിക്കയാണ്. അവിടെ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ബലൂചികള്‍ക്ക് ചൈനയുടെ പരിശോധന കൂടാതെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പോകാന്‍ കഴിയില്ല എന്ന അവസ്ഥ വന്നിരിക്കയാണ്. കടക്കെണിയിലായ പാക്കിസ്ഥാന് ആകട്ടെ ഇതില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല.
60 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക ഇടനാഴി പണിയുന്നതും ചൈനയാണ്. ഒമാന്‍ ഉള്‍ക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ ഖ്വാദിര്‍ തുറമുഖം ഇപ്പോള്‍ ചൈനയുടെ കൈയിലാണ്. ഇത് പാക്കിസ്ഥാന്‍ ചൈനക്ക് 40 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തിരിക്കയാണ്. ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖം പിടിച്ചതിന് സമാനമായാണ് ഇവിടെ ചൈന പ്രവര്‍ത്തിച്ചത്. കടം തിരിച്ചുകൊടുക്കാന്‍ പാക്കിസ്ഥാന് കഴിയാതെ ആയതോടെ പോര്‍ട്ട് ചൈന ഏറ്റെടുത്തു. അതോടെ തദ്ദേശീയര്‍ പ്രതിസന്ധിയിലായി. ഇതിനെതിരെ നാട്ടുകാര്‍ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. സിന്ധിലും ഇതേ പ്രശ്നം ഉണ്ട്. ഇപ്പോള്‍ കറാച്ചിയിലെ രണ്ട് ദ്വീപികള്‍ ചൈനക്ക് വിട്ടുകൊടുക്കാന്‍ പോകയാണ്. അതിനെതിരെയും പ്രദേശവാസികള്‍ പ്രശ്നം ഉണ്ടാക്കുന്നുണ്ട്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും പാക്കിസ്ഥാനില്‍ സ്വാധീനം ഉറപ്പിക്കുന്നതിനുമായി 2015-ല്‍ ചൈന മുന്‍കൈയെടുത്ത് ആരംഭിച്ചതാണ് ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. ഇതുപ്രകാരം ഖ്വാദര്‍, കറാച്ചി തുറമുഖങ്ങളുടെ നവീകരണത്തിന് ചൈന വലിയ സാമ്പത്തികസഹായം നല്‍കുന്നു. ദക്ഷിണേഷ്യന്‍ വ്യാപാരം സുഗമമാക്കുകയാണ് ലക്ഷ്യം. ഒരുയുദ്ധമുണ്ടാവുകയാണെങ്കില്‍ ചൈനയുടെ ഈ സാമ്പത്തിക താല്‍പ്പര്യങ്ങളെല്ലാം വെള്ളത്തിലാവും. അതുകൊണ്ടാണ് ചൈന ഇപ്പോള്‍ ഒന്ന് പിറകോട്ടടിച്ച രീതിയില്‍ പ്രതികരിക്കുന്നത്. പക്ഷേ ഇപ്പോഴും രാഷ്ട്രീയപരമായി ചൈന പാക്കിസ്ഥാന് ഒപ്പം തന്നെയാണ്. പക്ഷേ സാഹചര്യങ്ങള്‍ അവരെ വിലക്കുകയാണ്.