യു ആര്‍ അണ്ടര്‍ ഡിജിറ്റല്‍ അറസ്റ്റ്: വീട്ടമ്മയെ തട്ടിപ്പുകാര്‍ മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ടു ദിവസം; അക്കൗണ്ടില്‍ കിടക്കുന്ന 21 ലക്ഷം തട്ടിപ്പുകാര്‍ക്ക് കൈമാറാന്‍ എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരുടെ ഇടപെടല്‍; വയോധിക രക്ഷപ്പെട്ടത് വന്‍ തട്ടിപ്പില്‍ നിന്ന്

Update: 2025-11-06 04:35 GMT

തിരുവല്ല: കേരളത്തിലും വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്. രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്റ്റിലായിരുന്ന വീട്ടമ്മയുടെ 21 ലക്ഷം രൂപ ബാങ്ക് ഉദ്യോഗസ്ഥരുടെ ജാഗ്രത ഒന്നു കൊണ്ടു മാത്രം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറാതെ തടഞ്ഞു. വിദേശ ജോലിക്കു ശേഷം നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന വയോധികയെ(68) യാണ് രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്റ്റാണെന്ന് പറഞ്ഞ് പറ്റിച്ചത്.

ഞായര്‍ ഉച്ചയ്ക്കാണ് ഇവരുടെ ഫോണിലേക്ക് വീഡിയോ കോള്‍ വരുന്നത്. മുംബൈ ക്രൈം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ കാനറ ബാങ്കിലെ അക്കൗണ്ട് ആധാര്‍ കാര്‍ഡില്‍ തിരിമറി നടത്തിയതായി വിവരം കിട്ടി. ഇതേപ്പറ്റി അറിയാനാണെന്ന് വിളിച്ചയാള്‍ പറഞ്ഞു. തനിക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാത്രമേ അക്കൗണ്ട് ഉള്ളുവെന്നു പറഞ്ഞപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. മറ്റാരോടും പറയരുതെന്നും നിര്‍ദേശിച്ചു. രാ ത്രി 11.30 ആയപ്പോള്‍ ഫോണ്‍ ചൂടായി എന്നു പറഞ്ഞപ്പോഴാണ് നിര്‍ത്തിയത്. പിറ്റേദിവസം പുലര്‍ച്ചെ അഞ്ചിന് വീണ്ടും വിളിച്ചു. അക്കൗണ്ടിലെ പണം മുഴുവന്‍ അയച്ചു കൊടുത്താല്‍ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് അറിയിച്ചു.

ചൊവ്വ രാവിലെയാണ് ഇവര്‍ ബാങ്കിലെത്തിയത്. ഇവരുടെ മൂന്നു സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്ന് ജീവനക്കാരോട് പറഞ്ഞു. അക്കൗണ്ടില്‍ 21.5 ലക്ഷം രൂപയാണുണ്ടായിരുന്നത്. ബാങ്കുകാര്‍ വിവരം ചോദിച്ചപ്പോള്‍ മക്കള്‍ക്ക് കൊടുക്കാനാണെന്നു പറഞ്ഞു. എഫ്ഡി പിന്‍വലിച്ച് അക്കൗണ്ടില്‍ ഇട്ടു. തുടര്‍ന്ന് തുക ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കാനാവശ്യപ്പെട്ടു. തുക മാറാന്‍ അവര്‍ കാണിച്ച അക്കൗണ്ട് പ്രൈവറ്റ് കമ്പനിയുടെ പേരിലായിരുന്നു. അപ്പോഴാണ് ബാങ്കിലെ ഉദ്യോഗസ്ഥന് സംശയം തോന്നിയത്. ഈ സമയത്തെല്ലാം ഇവരുടെ ഫോണിലേക്ക് ഡിജിറ്റല്‍ അറസ്റ്റ് നടത്തിയവര്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ടായിരുന്നു. ഫോണില്‍ വന്ന സന്ദേശം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം ഇവര്‍ വിസമ്മതിച്ചെങ്കിലും പിന്നീട് കാണിച്ചു.

സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ എന്ന് മുകളില്‍ എഴുതിയിരിക്കുന്നതു കണ്ടതോടെ തട്ടിപ്പാണെന്നു മനസ്സിലായി. തുടര്‍ന്ന് ഇവരുടെ ഇവരുടെ ഫോണ്‍ വാങ്ങി വിളിച്ച നമ്പര്‍ ബ്ലോക്ക് ആക്കി. ഇത്രയും സമയം ഇവര്‍ കഠിനമായ സമ്മര്‍ദത്തിലായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലമാണ് ഇവരുടെ പണം നഷ്ടപ്പെടാതിരുന്നത്. സൈബര്‍ മാഫിയ ഇപ്പോള്‍ വയോധികരെയാണ് കൂടുതലായി ലക്ഷ്യമിടുന്നതെന്നതാണ് ഈ സംഭവവും വ്യക്തമാക്കുന്നത്.

ദിവസങ്ങള്‍ക്ക മുമ്പ് പൂനയിലും സമാന തട്ടിപ്പ് നടന്നു. പോലീസിന്റേയും മറ്റും അറിയിപ്പുകള്‍ വയോധികരില്‍ എത്താനുള്ള സാധ്യത കുറവാണെന്ന തിരിച്ചറിവാണ് ഇതിന് കാരണം.

Tags:    

Similar News