ആവേശം അതിരുവിട്ടു, സ്റ്റേജിൽ നർത്തകിക്ക് നേരെ പൈശാചികത; ബലമായി നാണയം വിഴുങ്ങിച്ച് കാണികളുടെ 'വിനോദം'; ശ്വാസം കിട്ടാതെ പിടഞ്ഞ് വീണ യുവതി ഗുരുതരാവസ്ഥയിൽ; ഭോജ്പൂരിലെ ആ സാംസ്കാരിക പരിപാടിയിൽ അരങ്ങേറിയത്

Update: 2026-02-13 13:36 GMT

ഭോജ്പൂർ: ബീഹാറിലെ ഭോജ്പൂരിൽ സ്റ്റേജ് പ്രോഗ്രാമിനിടെ നർത്തകിയെക്കൊണ്ട് നിർബന്ധിപ്പിച്ച് നാണയം വിഴുങ്ങിച്ചതായി പരാതി. സംഭവത്തെത്തുടർന്ന് നില ഗുരുതരമായ യുവതിയെ ആരാ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ യുവതിയുടെ തൊണ്ടയിൽ കുടുങ്ങിയ നാണയങ്ങൾ പുറത്തെടുത്തുവെങ്കിലും ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

അരങ്ങേറിയത് ക്രൂരത

ചന്ദ്‌വ തോല മേഖലയിൽ നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് നടുക്കുന്ന സംഭവം നടന്നത്. യുവതി നൃത്തം ചെയ്യുന്നതിനിടെ ആവേശഭരിതരായ ചില കാണികൾ സ്റ്റേജിലേക്ക് കയറുകയും യുവതിയുടെ വായിലേക്ക് ബലമായി നാണയങ്ങൾ തിരുകിക്കയറ്റുകയുമായിരുന്നു. ഇതിനിടെ നർത്തകി ഒരു നാണയം വിഴുങ്ങുകയും ശ്വാസം മുട്ടൽ അനുഭവപ്പെടുകയുമായിരുന്നു. ഇതോടെ പരിപാടി തടസ്സപ്പെടുകയും സ്ഥലത്ത് പരിഭ്രാന്തി പടരുകയും ചെയ്തു.

ഭർത്താവിന്റെ വെളിപ്പെടുത്തൽ

"എന്റെ ഭാര്യ സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനിടെ ചിലർ സ്റ്റേജിലേക്ക് ഇരച്ചുകയറുകയും അവളുടെ വായിൽ ബലമായി നാണയങ്ങൾ വെക്കുകയുമായിരുന്നു. അവർ നിർബന്ധിപ്പിച്ചതോടെ അവൾ ഒരു നാണയം വിഴുങ്ങി. നില വഷളായതോടെയാണ് ഞങ്ങൾ ആശുപത്രിയിൽ എത്തിച്ചത്," നർത്തകിയുടെ ഭർത്താവ് രാജു കുമാർ പറഞ്ഞു. യുവതിയുടെ ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കൂടുതൽ ടെസ്റ്റുകൾ നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അന്വേഷണം ആരംഭിച്ച് പോലീസ്

സംഭവത്തിൽ ബീഹാർ പോലീസ് അന്വേഷണം ആരംഭിച്ചു. പരിപാടിയുടെ സംഘാടകർ, ദൃക്‌സാക്ഷികൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തി വരികയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് വീഴ്ച പറ്റിയോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കലാകാരന്മാരുടെ സുരക്ഷയെക്കുറിച്ചും കാണികളുടെ മോശം പെരുമാറ്റത്തെക്കുറിച്ചും വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.

Tags:    

Similar News