നെഹ്റുവും ഇന്ദിരയും ഭരിച്ച സൗത്ത് ബ്ലോക്ക് ചരിത്രമാകുന്നു! 77 വര്‍ഷത്തെ ചരിത്രം മാറ്റിമറിച്ച് മോദി സര്‍ക്കാര്‍; പഴയ ബ്രിട്ടീഷ് കെട്ടിടം വിട്ട് പിഎംഒ ഇനി സേവാ തീര്‍ത്ഥില്‍; മോദിയും ഡോവലും പുതിയ താവളത്തിലേക്ക്! വിദേശ അതിഥികളെ സ്വീകരിക്കാന്‍ ഇന്ത്യ ഹൗസ്; സേവാ തീര്‍ത്ഥും കര്‍ത്തവ്യ ഭവനും കേന്ദ്രഭരണത്തിന് കുതിപ്പേകും

Update: 2026-02-13 10:40 GMT

ന്യൂഡല്‍ഹി: അഞ്ച് പതിറ്റാണ്ടിലേറെയായി കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പ്രധാന തീരുമാനങ്ങളുടെയും കേന്ദ്രമായ സൗത്ത് ബ്ലോക്കില്‍ നിന്ന് ഇനി അധികാര കേന്ദ്രം പുതുതായി നിര്‍മിച്ച സേവ തീര്‍ഥ് എന്ന കെട്ടിടത്തിലേക്ക്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് (പിഎംഒ) സ്ഥിതി ചെയ്യുന്ന പുതിയ സംയോജിത സമുച്ചയമായ സേവതീര്‍ത്ഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. 'സേവാ തീര്‍ഥ്' എന്നാണ് പുതിയ ഓഫീസിന്റെ പേര്. വൈകുന്നേരം ആറിനാണ് ഉദ്ഘാടനം നടക്കുക. സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ നിന്നാണ് സേവാ തീര്‍ഥ് എന്ന പുതിയ ഓഫീസിലേക്ക് മാറുന്നത്. സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി പണികഴിപ്പിച്ചതാണ് പുതിയ ഓഫീസ് സമുച്ചയം. പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ സെക്രട്ടറി അജിത് ഡോവലിന്റെ ഓഫീസും ഇവിടെയാണ്.

ഇന്ത്യ ഹൗസ് എന്ന പേരില്‍ വിദേശത്തു നിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്നതിനായുള്ള പ്രത്യേക മന്ദിരവും ഒരുക്കിയിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടേറിയേറ്റും ഈ ഓഫീസ് മന്ദിരങ്ങളുടെ ഭാഗമായി വരുന്നുണ്ട്. സെന്‍ട്രല്‍ വിസ്ത എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് ഓഫീസുകളുടെയെല്ലാം നവീകരണം കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. അതിന്റെ ഭാഗമായാണ് പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ കെട്ടിടങ്ങള്‍ മാറുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും ഭരണപരമായ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ആധുനികവും അത്യാധുനികവുമായ ഒരു സൗകര്യത്തിലേക്കുള്ള മാറ്റമാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

നിരവധി പ്രധാന മന്ത്രാലയങ്ങളെ ഉള്‍ക്കൊള്ളുന്ന കര്‍തവ്യ ഭവന്‍ 1, 2 എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. പലയിടത്തായി ചിതറിക്കിടക്കുകയായിരുന്നു പ്രധാന സര്‍ക്കാര്‍ ഓഫീസുകളും മന്ത്രാലയങ്ങളും ആധുനിക സൗകര്യങ്ങളും ഉള്ള പുതിയ സമുച്ചയത്തിലേക്കെത്തും. ഏകോപനങ്ങളില്ലാത്തത്, പരിപാലന ചെലവുകള്‍ കൂടുന്നത്, കാലാഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, മോശം തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയില്‍നിന്നുള്ള മോചനവും കൂടിയാകും പുതിയ ഓഫീസ് വരുന്നതോടെ ഉണ്ടാകുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റ്, കാബിനറ്റ് സെക്രട്ടറിയേറ്റ് തുടങ്ങിയവ ഇനി സേവാതീര്‍ത്ഥിലാണ് സ്ഥിതി ചെയ്യുക. നിയമം, പ്രതിരോധം, ധനകാര്യം, ആരോഗ്യം, കൃഷി, മറ്റ് നിരവധി പ്രധാന മന്ത്രാലയങ്ങള്‍ എന്നിവ കാര്‍ത്തവ്യ ഭവന്‍ 1, 2 എന്നിവയില്‍ ഉള്‍ക്കൊള്ളുന്നു. രണ്ട് കെട്ടിട സമുച്ചയങ്ങളിലും ഡിജിറ്റലായി സംയോജിപ്പിച്ച ഓഫീസുകളാണുള്ളത്. കൂടാതെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. പുതിയ ഓഫീസായ സേവാതീര്‍ഥിന്റെ പേര് അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കര്‍ത്തവ്യഭവനുകളുടെയടക്കം ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം സൗത്ത് ബ്ലോക്കില്‍ തന്റെ നിലവിലെ ഓഫീസില്‍ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. വൈകുന്നേരം ആറുമണിക്ക് സേവാ തീര്‍ഥത്തില്‍ നടക്കുന്ന പൊതു പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

കാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സൗത്ത് ബ്ലോക്കില്‍ നിന്ന് സേവ തീര്‍ഥിലേക്ക് എത്തും. പ്രധാനമന്ത്രിയുടെ ഓഫിസ് അടങ്ങിയ സേവാ തീര്‍ഥ് 1, കാബിനറ്റ് സെക്രട്ടേറിയറ്റ് അടങ്ങുന്ന സേവാ തീര്‍ഥ് 2, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫിസും അടങ്ങുന്ന സേവാ തീര്‍ഥ് 3യും പദ്ധതിയുടെ ഭാഗമാണ്. പുതിയ പാര്‍ലമെന്റ് മന്ദിരവും സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമാണ്. കാബിനറ്റ് സെക്രട്ടേറിയറ്റ് ഇതിനകം രാഷ്ട്രപതി ഭവനില്‍ നിന്ന് സേവ തീര്‍ഥ് -2 ലേക്ക് മാറി. പിഎംഒയുടെ മാറ്റത്തെത്തുടര്‍ന്ന് പ്രതിരോധ - വിദേശകാര്യ മന്ത്രാലയങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സൗത്ത് ബ്ലോക്കില്‍ നിന്ന് ഒന്നിലധികം ഓഫീസുകളിലേക്ക് മാറും. നോര്‍ത്ത് ബ്ലോക്ക് പൂര്‍ണമായും ഒഴിപ്പിച്ച് മന്ത്രാലയങ്ങള്‍ ഐക്കണിക് കെട്ടിടത്തില്‍ നിന്ന് രാജ് പഥ് എന്നറിയപ്പെട്ടിരുന്ന കര്‍ത്തവ്യ പാതയിലെ പുതിയ കെട്ടിടങ്ങളിലേക്ക് മാറി.

അഞ്ച് പതിറ്റാണ്ടിലേറെയായി കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പ്രധാന തീരുമാനങ്ങളുടെയും കേന്ദ്രമായിരുന്നു ബ്രിട്ടീഷ് കാലഘട്ടത്തിലെ കെട്ടിടമായ സൗത്ത് ബ്ലോക്ക്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കീഴിലുള്ള ആദ്യ മന്ത്രിസഭാ യോഗം സൗത്ത് ബ്ലോക്കിലാണ് നടന്നത്. റെയ്സിന കുന്നിലെ സൗത്ത് ബ്ലോക്കും നോര്‍ത്ത് ബ്ലോക്കും 1931ല്‍ നിര്‍മിച്ചതാണ്. പ്രധാനമന്ത്രിക്ക് അടിസ്ഥാന ഭരണപരമായ സഹായം നല്‍കുന്നതിനായി 1947ല്‍ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് (പിഎംഎസ്) ആയി പിഎംഒയുടെ ചരിത്രം ആരംഭിക്കുന്നു. 1964ല്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായതിനുശേഷം പിഎംഎസിന് നിയമപരമായ പദവി ലഭിച്ചതോടെയാണ് ആദ്യ ഘടനാപരമായ മാറ്റം സംഭവിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഓഫീസിന്റെ അധികാരം ഗണ്യമായി വര്‍ധിച്ചു. 1977 ല്‍ മൊറാര്‍ജി ദേശായിയുടെ കാലത്ത് ഇത് പിഎംഒ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

സേവാ തീര്‍ഥ് കെട്ടിടത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഉള്‍പ്പെടുന്നു. ധനകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം, കോര്‍പറേറ്റ് കാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, നിയമ - നീതി മന്ത്രാലയം, വിവര - പ്രക്ഷേപണ മന്ത്രാലയം, കൃഷി - കര്‍ഷക ക്ഷേമ മന്ത്രാലയം, രാസവസ്തുക്കള്‍ - വളങ്ങള്‍ മന്ത്രാലയം, ഗോത്രകാര്യ മന്ത്രാലയം എന്നിവയുള്‍പ്പെടെ നിരവധി പ്രധാന മന്ത്രാലയങ്ങള്‍ കര്‍ത്തവ്യ ഭവന്‍-1 & 2 ഉള്‍ക്കൊള്ളുന്നു. പതിറ്റാണ്ടുകളായി നിരവധി പ്രധാന ഓഫീസുകളും മന്ത്രാലയങ്ങളും സെന്‍ട്രല്‍ വിസ്റ്റ മേഖലയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ വ്യാപിച്ചുകിടക്കുകയായിരുന്നു. ഈ ചിതറിക്കിടക്കല്‍ പ്രവര്‍ത്തന കാര്യക്ഷമതയില്ലായ്മ, ഏകോപന വെല്ലുവിളികള്‍, അറ്റകുറ്റപ്പണി ചെലവുകള്‍, അനുയോജ്യമല്ലാത്ത പ്രവര്‍ത്തന അന്തരീക്ഷം എന്നിവയ്ക്ക് കാരണമായിയിരുന്നു.

Tags:    

Similar News