ഭാര്യയ് ക്കൊപ്പം നടന്നു വന്ന വയോധികന്‍ ജീപ്പിടിച്ചു മരിച്ചു; നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ കഴിയാതെ പോലീസ്; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് ബന്ധുക്കള്‍; അപകടം എം.സി റോഡില്‍ കൊട്ടാരക്കര കുന്നക്കരയില്‍
ഭാര്യയ്ക്കൊപ്പം സാധനം വാങ്ങി മടങ്ങിയ വയോധികന്‍ ജീപ്പിടിച്ചു മരിച്ചു
കൊട്ടാരക്കര: ഭാര്യയ്ക്കൊപ്പം സാധനം വാങ്ങി മടങ്ങിയ വയോധികന്‍ ജീപ്പിടിച്ചു മരിച്ചു. അപകടമുണ്ടാക്കിയ വാഹനം സിസിടിവികളില്‍ ദൃശ്യമാണെങ്കിലും പോലീസിന് ഇതു വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊട്ടാരക്കര പള്ളിക്കല്‍ കരിമ്പില്‍ ഭാഗം മകയിരത്തില്‍ ജി. രാജനാ(52)ണ് മരിച്ചത്. കഴിഞ്ഞ 11 ന് രാത്രി 9.33 ന് എം.സി റോഡില്‍ കുന്നക്കര പെട്രോള്‍ പമ്പിന് സമീപം പ്രൈസ്ലെസ് ഫാഷന്‍ എന്ന സ്ഥാപനത്തിന് മുന്നിലായിരുന്നു അപകടം.
ഭാര്യ രേഖാമോള്‍ക്കൊപ്പം നന്തിലത്ത് ജി മാര്‍ട്ടില്‍ പോയി മടങ്ങി വരികയായിരുന്നു രാജന്‍. പിന്നാലെ വന്ന ജീപ്പ് രാജനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര പരുക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രാജന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ജീപ്പ് വരുന്നതും രാജനെ ഇടിച്ചു വീഴ്ത്തുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്. വേഗം കുറച്ച് വന്ന വാഹനമാണ് ഭാര്യയ്ക്കൊപ്പം നടന്നു നീങ്ങുകയായിരുന്ന രാജനെ ഇടിച്ചു തെറിപ്പിച്ചത്.
ഉടന്‍ തന്നെ കൊട്ടാരക്കര വിജയാ ഹോസ്പിറ്റലില്‍ എത്തിച്ചു. അവിടെ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ഇന്നലെ പുലര്‍ച്ചെ രണ്ടിന് കൊല്ലത്തെ എന്‍.എസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികില്‍സയില്‍ ഇരിക്കേയാണ് അന്ത്യം. വിവരമറിഞ്ഞ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ഇടിച്ച വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. രാജന്റെ ബന്ധുക്കള്‍ അപകടമുണ്ടായ സ്ഥലം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
സാധാരണ വേഗത്തില്‍ വന്ന വാഹനമാണ് റോഡിന്റെ ഇടതു വശത്തു കൂടി സഞ്ചരിച്ചിരുന്ന രാജനെ ഇടിച്ചു വീഴ്ത്തിയത്. അപകടം നടന്നതിന് ശേഷം ഈ വാഹനം കുതിച്ചു പായുകയാണ്. എംസി റോഡിന്റെ വശങ്ങളിലുള്ള സിസിടിവിയിലെല്ലാം ഈ ചുവന്ന ജീപ്പ് കാണാം. അപകടമുണ്ടാക്കിയ ശേഷം അമിത വേഗത്തിലാണ് വാഹനം പായുന്നത്. അപകടകരമായ രീതിയില്‍ വാഹനം ഓവര്‍ ടേക്ക് ചെയ്യുന്നതടക്കം ദൃശ്യങ്ങളിലുണ്ട്.
ഇടിച്ച വാഹനം ദൃശ്യങ്ങളില്‍ ഉണ്ടെങ്കിലും പോലീസിന് കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോഴാണ് ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങിയിരിക്കുന്നത്. ഇവര്‍ ശേഖരിച്ച് സിസിടിവി ദൃശ്യങ്ങളിലെല്ലാം വാഹനമുണ്ട്. എന്നാലും പോലീസിന് ഇതു വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വാഹനമോടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതു കൊണ്ടാകാം നിര്‍ത്താതെ പോയത് എന്നാണ് കരുതുന്നത്. എന്നാല്‍, അപകടം ഉണ്ടാക്കിയ ശേഷം അമിതവേഗതയില്‍ ആണ് വാഹനം പോകുന്നത്. ഇതും സംശയത്തിന് ഇട നല്‍കുന്നുണ്ട്. പോലീസ് ഉടന്‍ പ്രതിയെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് രാജന്റെ ഭാര്യ രേഖാ മോ്ളും മകന്‍ അനന്തു രാജനും.
