ആ കുഞ്ഞ് മാലാഖയുടെ കരള്‍ സ്വീകരിക്കുന്നത് ആറ് മാസം പ്രായമുള്ള കുഞ്ഞ്; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍; തീരാനൊമ്പരത്തിനിടെ അഞ്ച് പേര്‍ക്ക് പുതു ജീവനേകി അരുണും ഷെറിനും; അവയവങ്ങളുമായി ആംബുലന്‍സ് തലസ്ഥാനത്തേക്ക്; ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പൊലീസ്; KL07 DF 3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം
കൊച്ചി: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാന്‍ നിര്‍ദേശവുമായി പൊലീസ്. അവയവങ്ങളുമായി യാത്ര ചെയ്യുന്ന KL07DF3177 നമ്പര്‍ ആംബുലന്‍സിന് ജനങ്ങള്‍ വഴിയൊരുക്കി സഹകരിക്കാനാണ് പൊലീസ് സംഘത്തിന്റെ നിര്‍ദേശം. അവയവങ്ങളുമായുള്ള യാത്ര പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് പൊലീസ് നീക്കം. ഇടപ്പള്ളി- വൈറ്റില വഴി കുണ്ടന്നൂര്‍, മിനി ബൈപ്പാസ് - തൃപ്പൂണിത്തുറ- പുത്തന്‍കാവ്- ഏറ്റുമാനൂര്‍- കോട്ടയം - വെഞ്ഞാറമൂട്, കഴക്കൂട്ടം വഴി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്കാണ് അവയവങ്ങള്‍ എത്തിക്കുന്നത്. വൈകുന്നേരം ഏഴുമണിയോടെയാണ് ഇടപ്പള്ളി ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് യാത്ര തിരിച്ചത്. വഴിയിലുടനീളം ട്രാഫിക് പൊലീസും പൊലീസും ഗതാഗത ക്രമീകരണം നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം ആംബുലന്‍സിനെ അനുഗമിക്കുന്നുണ്ട്. അതേസമയം, കിംസ് ആശുപത്രിയില്‍ അതിസങ്കീര്‍ണ അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇവിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിതെന്ന് മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിനും കരള്‍ സ്വീകരിക്കുന്ന കുഞ്ഞും ചരിത്രത്തിന്റെ ഭാഗമാകും. കിംസില്‍ എത്തിച്ച ശേഷം ആംബുലന്‍സ് നേരെ എസ്എടി ആശുപത്രിയിലേക്ക് തിരിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിന്‍ ഷെറിന്‍ അബ്രഹാം. ആലിന്റെ വൃക്കയും, കരളും, ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിയ്ക്കാണ് നല്‍കുന്നത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്.
10 മാസമുള്ള ഏക മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയില്‍ അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണുമാണ് ദാനം ചെയ്തത്. പ്രിയപ്പെട്ടവള്‍ എന്നെന്നേയ്ക്കുമായി വേര്‍പിരിഞ്ഞതിന്റെ തീരാനൊമ്പരത്തിനിടയിലും അവയവദാനമെന്ന മഹാദാനത്തിലേക്ക് കടക്കാന്‍ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നുകരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാം ഇനി 5 പേരിലൂടെ ജീവിക്കും.
ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു.
അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയും ചെയ്തു. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്.
കൊച്ചി അമൃത ആശുപത്രിയിലെ ശസ്ത്രക്രിയ വൈകിട്ട് ആറരയോടെ പൂര്‍ത്തിയായി. അതിനുശേഷം അവയവങ്ങള്‍ റോഡു മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇടപ്പള്ളി-തൃപ്പൂണിത്തുറ-കോട്ടയം വഴിയാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. അവയവങ്ങള്‍ കൊണ്ടുപോകുന്നത് KL 07 DF 3177 എന്ന നമ്പരിലുള്ള ആംബുലന്‍സില്‍. ഇന്നു രാത്രി തന്നെ അവയവമാറ്റ ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കരള്‍ മാറ്റിവയ്ക്കുന്നത്. എസ്എടിയില്‍ ചികിത്സയിലുള്ള പത്തുവയസു പ്രായമുള്ള പെണ്‍കുട്ടിക്ക് രണ്ടു വൃക്കകളും നല്‍കും.
എട്ടു ദിവസമായി കുട്ടി വെന്റിലേറ്ററില്‍ ആയിരുന്നുവെന്ന് സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു. മാതാപിതാക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ആഗ്രഹം ഡോക്ടര്‍മാരെ അറിയിച്ചതോടെ സര്‍ട്ടിഫിക്കേഷന്‍ നടപടി ക്രമങ്ങളിലേക്കു കടന്നു. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ ബ്രെയിന്‍ സ്റ്റെം ഡെത്ത് സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ രണ്ടു ടെസ്റ്റുകള്‍ തമ്മില്‍ 24 മണിക്കൂര്‍ വ്യത്യാസം വേണം. ഇന്നലെ രാവിലെയായിരുന്നു ആദ്യ ടെസ്റ്റ്. ഇന്നു രാവിലെ രണ്ടാമത്തെ ടെസ്റ്റും കഴിഞ്ഞു. ഈ രണ്ടു ടെസ്റ്റും കഴിഞ്ഞാണ് അവയവ സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നത്.
അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ആറു മാസം പ്രായമുള്ള കുട്ടി കരള്‍ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന വിവരം അറിഞ്ഞു. എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ആറു മാസമായി ഡയാലിസിസ് നടത്തുന്ന കുട്ടികളുടെ വിവരങ്ങളും ലഭിച്ചു. ആലിനിന്റെ വൃക്കകള്‍ 5 സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ളതായതിനാല്‍ രണ്ടു വൃക്കകളും ഒരു കുട്ടിക്കു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശസ്ത്രക്രിയ നടത്തുന്നതു മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരിക്കും. ഹൃദയവാല്‍വ് ശ്രീചിത്രയിലും നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലുമാണ് കൊടുക്കുന്നത്. ഹൃദയവാല്‍വിന്റെ സ്വീകര്‍ത്താവിനെ പിന്നീടാവും തീരുമാനിക്കുകയെന്നും ഡോ. നോബിള്‍ പറഞ്ഞു. വൈകിട്ട് അഞ്ചു മണിക്കു ശേഷം ഹെലികോപ്ടര്‍ പറത്തുന്നതില്‍ സാങ്കേതിക പ്രശ്നമുള്ളതിനാലാണ് റോഡ് മാര്‍ഗം അവയവം എത്തിക്കാന്‍ തീരുമാനിച്ചത്.
