'ചായപ്പൊടികിട്ടിയപ്പോള്‍ ആശയക്കുഴപ്പത്തിലായി; പിന്നാലെ ചൂടുവെള്ളം എത്തി; ആ ചായ രുചികരമായിരുന്നു; ഞങ്ങളുടെ ഭക്ഷണ ട്രേയില്‍ അഞ്ച് സാധനങ്ങളും; നാലുപേര്‍ക്ക് ടിക്കറ്റിന് വെറും 11 പൗണ്ട്, അടിപൊളി യാത്ര'; വന്ദേഭാരതിനെ പുകഴ്ത്തി ബ്രിട്ടീഷ് കുടുംബം; ഇന്ത്യയുടെ നല്ല വശങ്ങള്‍ കാണിച്ചതിന് നന്ദിയെന്ന് കമന്റുകള്‍
വന്ദേഭാരതിനെ പുകഴ്ത്തി ബ്രിട്ടീഷ് കുടുംബം
മുംബൈ: ഇന്ത്യയിലെ ട്രെയിന്‍ യാത്രകള്‍ വിദേശിയരായ വിനോദ സഞ്ചാരികള്‍ക്ക് പ്രത്യേക അനുഭവമാണ്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക് പലപ്പോഴും അവര്‍ ട്രെയിനിനെ ആശ്രയിക്കാറുമുണ്ട്. ഇന്ത്യയിലെ പ്രീമിയം ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിലെ യാത്ര അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു ബ്രിട്ടീഷ് കുടുംബം. അഞ്ചംഗ ബ്രീട്ടീഷ് കുടുംബം വന്ദേഭാരതില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രാവല്‍ വ്ളോഗുകള്‍ ചെയ്യുന്ന ദി ഹച്ചിന്‍സണ്‍ ഫാമിലി എന്ന കുടുംബമാണ് വന്ദേഭാരത് യാത്രയെ കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ അധികം വൈകാതെ വൈറലായി. ഇതുവരെ 14 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.
ഭാര്യയും ഭര്‍ത്താവും പെണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബമാണ് യാത്ര നടത്തിയത്. വന്ദേഭാരതില്‍ ലഭിച്ച ഭക്ഷണം ഇവര്‍ ആസ്വദിച്ച് കഴിച്ചു. കുറഞ്ഞ ചെലവിലുള്ള മികച്ച യാത്രാനുഭവമാണ് വന്ദേഭാരത് എന്നാണ് വീഡിയോയിലൂടെ ഇവര്‍ അടിവരയിടുന്നത്. നാല് മണിക്കൂര്‍ നേരമാണ് തങ്ങള്‍ വന്ദേഭാരതില്‍ യാത്ര ചെയ്തതെന്നും കുടുംബം പറയുന്നു.
'ഈ ടിക്കറ്റുകള്‍ക്കായി ഞങ്ങള്‍ നാലുപേര്‍ക്കും വെറും 11 പൗണ്ട് വീതമേ ചെലവായുള്ളൂ. ഇതില്‍ ഭക്ഷണവും ഉള്‍പ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം ഇതിനകം ലഭിച്ചുകഴിഞ്ഞു.' -വീഡിയോയില്‍ സ്ത്രീ പറഞ്ഞു. തുടര്‍ന്ന് ഇവരുടെ ഭക്ഷണം എത്തി. ഡയറ്റ് മിക്സ്ചര്‍, കാരമല്‍ പോപ്കോണ്‍, പാറ്റി, മാങ്ങാ ജ്യൂസ്, ജിഞ്ചര്‍ ടീ സാഷെ എന്നിവയെല്ലാമാണ് ലഭിച്ചത്. 'ഇന്ത്യന്‍ ട്രെയിനിലെ ഭക്ഷണം. നിങ്ങളെന്താണ് പ്രതീക്ഷിക്കുന്നത്? ചായപ്പൊടികിട്ടിയപ്പോള്‍ ഞങ്ങള്‍ അല്‍പ്പം ആശയക്കുഴപ്പത്തിലായി. എന്നാല്‍ പിന്നീട് ചൂടുവെള്ളം എത്തി. ചായ രുചികരമായിരുന്നു.' -ഇതാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.
വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 1.4 മില്യണ്‍ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി പേരാണ് ഹച്ചിന്‍സണ്‍ ഫാമിലിയുടെ വീഡിയോയ്ക്ക് ലൈക്കും കമന്റുമായി രംഗത്തെത്തുന്നത്. ഇന്ത്യയുടെ നല്ല വശം കാണിച്ചതിന് നന്ദിയുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തു. വളരെ സൗകര്യപ്രദമായ ട്രെയിനുകളില്‍ ഒന്നാണ് വന്ദേഭാരതെന്നും കൂടുതല്‍ നല്ല യാത്ര അനുഭവം ഇത് നല്‍കുന്നുവെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. പലരും ഇന്ത്യയുടെ നല്ല വശങ്ങള്‍ കാണിച്ചതിന് നന്ദി പറഞ്ഞു. രാജധാനി, തേജസ് തുടങ്ങിയ ട്രെയിനുകളില്‍ കൂടി യാത്ര ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്യണമെന്നാണ് ഒരാള്‍ പറഞ്ഞത്.
