'രണ്ടെണ്ണം അടിച്ചാല്‍ മിണ്ടാതിരുന്നോണം'; മദ്യപിച്ചതിന്റെ പേരില്‍ ബസില്‍ കയറ്റാതിരിക്കാനാകില്ല; 'മദ്യപിച്ച് കയറുന്നയാള്‍ സഹയാത്രക്കാരോടോ സ്ത്രീകളോടോ മോശമായി പെരുമാറിയാല്‍, അക്കാര്യം കണ്ടക്ടറെ അറിയിക്കാം'; വര്‍ക്കല സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം ഇങ്ങനെ
'രണ്ടെണ്ണം അടിച്ചാല്‍ മിണ്ടാതിരുന്നോണം'; മദ്യപിച്ചതിന്റെ പേരില്‍ ബസില്‍ കയറ്റാതിരിക്കാനാകില്ല
കൊല്ലം: മദ്യപിച്ചതിന്റെ പേരില്‍ ഒരാളെ ബസില്‍ കയറ്റാതിരിക്കാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. എന്നാല്‍ കെഎസ്ആര്‍ടിസി ബസില്‍ മദ്യപിച്ച് കയറി അഭ്യാസം കാണിച്ചാല്‍ അത്തരക്കാരെ അടുത്ത പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഇതിന് ജീവനക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുകവലിച്ചത് ചോദ്യം ചെയ്തതിന് 19 കാരിയെ വര്‍ക്കലയില്‍ വെച്ച് മദ്യപന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
രണ്ടെണ്ണം അടിച്ചാല്‍ അവിടെ മിണ്ടാതിരുന്നോളണം. അവിടെയിരുന്ന് യാത്ര ചെയ്യുന്നതിന് ഒരു വിരോധവുമില്ല. രണ്ടെണ്ണം അടിച്ചിട്ട് അടിത്തിരുന്ന സ്ത്രീകളെ ശല്യം ചെയ്യുക, അടുത്തിരിക്കുന്നവരുടെ തോളിലോട്ട് കിടന്നുറങ്ങുക ഇതൊക്കെ വന്നാല്‍ കണ്ടക്ടറോട് വിവരം പറയുക. കണ്ടക്ടര്‍ ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിടും. വേറെ കുഴപ്പമൊന്നുമില്ല.
മദ്യപിച്ചു എന്നതിന്റെ പേരില്‍ ഇറക്കി വിടുകയൊന്നുമില്ല. എന്നാല്‍ ബഹളം വെക്കുക, കണ്ടക്ടറെ ചീത്ത പറയുക തുടങ്ങിയവ ഉണ്ടായാല്‍ ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ അവര്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ടെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് പറഞ്ഞു.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും വിധത്തില്‍ മദ്യപിച്ചെത്തുന്നവരെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍ സ്ത്രീ സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത മന്ത്രിയുടെ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
മദ്യപിച്ച് ബസില്‍ കയറാന്‍ ശ്രമിക്കുന്നവരെ തുടക്കത്തില്‍ തന്നെ തടയണം എന്നാണ് നിര്‍ദേശം. മദ്യത്തിന്റെ മണം, മോശം സമീപനം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വനിതാ യാത്രികര്‍ പരാതിപ്പെട്ടാല്‍, ഉടന്‍ തന്നെ വണ്ടി സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണം എന്നും കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍്ട്ടു പുറത്തുവന്നിരുന്നു. ഇതോടെയാണ് ഗതാഗത മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത.
മദ്യപിച്ച് കയറിയയാള്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടതിനെത്തുടര്‍ന്ന് പരിക്കേറ്റ 19 കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. പുകവലിച്ചു കൊണ്ട് അടുത്തെത്തിയ ആളോട് മാറി നിന്നില്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതിനായിരുന്നു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി വീഴ്ത്തിയത്. ട്രെയിനുകളിലും മദ്യപന്മാരെ പിടികൂടാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
