തൊട്ടടുത്ത് വലിയ സ്ഫോടന ശബ്ദം; എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ ഓടി; ചുറ്റും ഭീതിപ്പെടുത്തുന്ന അവസ്ഥ; ദൈവ ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല!! ലണ്ടനിൽ കളിക്കാൻ പോകാനിറങ്ങിയ ഇന്ത്യൻ താരം; കണക്റ്റിങ്ങ് ഫ്ലൈറ്റ് പിടിക്കാൻ ദുബായിൽ ഇറങ്ങിയപ്പോൾ എങ്ങും യുദ്ധ ഭീതി; പി.വി സിന്ധു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടനമുണ്ടായതായും താനും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും വെളിപ്പെടുത്തി ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു. ലണ്ടനിൽ നടക്കാനിരിക്കുന്ന ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സിന്ധുവും പരിശീലകനും ദുബായിൽ കുടുങ്ങിയത്. എക്സ് (X) പോസ്റ്റിലൂടെയാണ് താരം ഭീതിജനകമായ ഈ അനുഭവം പങ്കുവെച്ചത്.
കണക്ഷൻ ഫ്ലൈറ്റിനായി വിമാനത്താവളത്തിൽ കാത്തിരിക്കുമ്പോഴാണ് തൊട്ടടുത്ത് സ്ഫോടനമുണ്ടായതെന്ന് സിന്ധു പറഞ്ഞു. "ഓരോ മണിക്കൂർ കഴിയുന്തോറും സാഹചര്യം ഭയപ്പെടുത്തുന്ന രീതിയിൽ മാറുകയാണ്. ഞങ്ങൾ ഇരുന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ വലിയൊരു സ്ഫോടനമുണ്ടായി. പ്രദേശം മുഴുവൻ പുകയും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞു. തൊട്ടടുത്ത് നിന്നിരുന്ന എന്റെ കോച്ചിന് ജീവൻ രക്ഷിക്കാൻ അവിടെനിന്ന് വേഗത്തിൽ ഓടി മാറേണ്ടി വന്നു. അങ്ങേയറ്റം സമ്മർദ്ദവും ഭയവും നിറഞ്ഞ നിമിഷമായിരുന്നു അത്," താരം കുറിച്ചു.
നിലവിൽ വിമാനത്താവള അധികൃതർ തങ്ങളെ അതീവ സുരക്ഷാ മേഖലയിലേക്ക് മാറ്റിയതായും തങ്ങൾ സുരക്ഷിതരാണെന്നും സിന്ധു വ്യക്തമാക്കി. സഹായഹസ്തവുമായി കൂടെയുള്ള ദുബായിലെ ഇന്ത്യൻ ഹൈക്കമ്മീഷനോട് താരം നന്ദി രേഖപ്പെടുത്തി.
താൻ ഏറെ സ്നേഹിച്ചിരുന്നതും സുരക്ഷിതമെന്ന് കരുതിയിരുന്നതുമായ ദുബായ് നഗരം ഈ അവസ്ഥയിലായത് ഉൾക്കൊള്ളാൻ പ്രയാസമാണെന്ന് സിന്ധു പറഞ്ഞു.ആകാശത്ത് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കുന്ന ശബ്ദങ്ങൾ നിരന്തരം കേൾക്കാം.
എല്ലാം ഇത്ര വേഗത്തിൽ വഷളായത് ഭയപ്പെടുത്തുന്നു. സാധാരണ ജീവിതം എത്രത്തോളം ദുർബലമാണെന്ന് ഇത്തരം നിമിഷങ്ങൾ ഓർമ്മിപ്പിക്കുന്നുവെന്നും എല്ലാവരുടെയും സമാധാനത്തിനായി പ്രാർത്ഥിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
മാർച്ച് 3-ന് ലണ്ടനിൽ ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സിന്ധുവിന് കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോൾ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്. വിമാനത്താവളം പൂർണ്ണമായും അടച്ച സാഹചര്യത്തിൽ അവിടെനിന്ന് പുറത്തുകടക്കുക എന്നത് നിലവിൽ അസാധ്യമാണ്.യുഎസ്-ഇസ്രായേൽ സഖ്യം ഇറാന് മേൽ ആക്രമണം ശക്തമാക്കിയതോടെയാണ് സുരക്ഷാ കാരണങ്ങളാൽ ദുബായ് വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചത്.
യുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ഭീഷണി നിലനിൽക്കുന്നതിനാൽ രാജ്യത്തെ വ്യോമപാതകൾ പൂർണ്ണമായും അടച്ചു. ഡ്രോണുകൾ പറത്തുന്നതിനും കർശന വിലക്കുണ്ട്.
എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ പശ്ചിമേഷ്യയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചു. ദുബായ്, അബുദാബി, ദോഹ, റിയാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതോടെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളി സമൂഹവും വലിയ ആശങ്കയിലാണ്.
അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ, പൗരന്മാർക്കും താമസക്കാർക്കും കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NCEMA). ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയാണ് അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ മിസൈൽ അവശിഷ്ടങ്ങൾ ജനങ്ങൾക്ക് അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ കാണുന്ന പക്ഷം യാതൊരു കാരണവശാലും അതിന്റെ അടുത്തേക്ക് പോകരുത്. ഉടൻ തന്നെ സുരക്ഷിതമായ അകലത്തിലേക്ക് മാറിനിൽക്കുക.
വീണുകിടക്കുന്ന മിസൈൽ ഭാഗങ്ങളുടെയോ തകർന്ന കെട്ടിടങ്ങളുടെയോ ചിത്രങ്ങൾ പകർത്താനോ വീഡിയോ എടുക്കാനോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനോ ശ്രമിക്കരുത്. ഇത്തരം പ്രവൃത്തികൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നടപടികളെയും രക്ഷാപ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും.
സംശയാസ്പദമായ വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുക. ഉദ്യോഗസ്ഥർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം.
ഇറാനിൽ നിന്നുള്ള രണ്ട് ഘട്ടങ്ങളായുള്ള മിസൈൽ ആക്രമണങ്ങളെയും യുഎഇയുടെ പ്രതിരോധ സൈന്യം വിജയകരമായി തടഞ്ഞു. എന്നാൽ ആകാശത്തുവെച്ച് മിസൈലുകൾ തകർക്കപ്പെട്ടതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ചിട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ യുഎഇ സർക്കാർ അനുശോചനം രേഖപ്പെടുത്തി.
ചില കെട്ടിടങ്ങൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് എൻസിഇഎംഎ അറിയിച്ചു. അമേരിക്കയും ഇസ്രായേലും ശനിയാഴ്ച ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിന്റെ ഭാഗമായുള്ള പ്രത്യാക്രമണങ്ങളാണ് ഇപ്പോൾ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജമാണെന്നും രാജ്യം സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.
