സഹസ്രകോടികള്‍ മുടക്കി ലോകം കീഴടക്കാന്‍ ചൈന ഉണ്ടാക്കിയ ന്യൂക്ലിയര്‍ സബ്മറൈന്‍ വുഹാന്‍ തുറമുഖത്ത് മുങ്ങി! ലോകം അറിയാതിരിക്കാനുള്ള തത്രപ്പാട്; അമേരിക്ക പൊളിച്ചപ്പോള്‍ തലയില്‍ മുണ്ടിട്ട് ചൈന

ചൈന ഉണ്ടാക്കിയ ന്യൂക്ലിയര്‍ സബ്മറൈന്‍ വുഹാന്‍ തുറമുഖത്ത് മുങ്ങി!

Update: 2024-09-27 05:52 GMT

ബീജിംഗ്: ആഗോള ശക്തിയാകാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയ ചൈനക്ക് കനത്ത തിരിച്ചടിയായി അന്തര്‍വാഹിനി അപകടം. സഹസ്രകോടികള്‍ മുടക്കി ചൈന നിര്‍മ്മിച്ച ന്യൂക്ലിയര്‍ സബ് മറൈനാണ് വുഹാന്‍ തുറമുഖത്ത് മുങ്ങിപ്പോയത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഈ അപകടം തങ്ങള്‍ക്ക് മാനക്കേട് ഉണ്ടാക്കുമെന്ന കാരണം കൊണ്ട് ചൈനീസ് സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മൂടി വെച്ചിരിക്കുകയായിരുന്നു. വുചാങ് കപ്പല്‍ നിര്‍മ്മാണശാലയിലാണ് ഈ അന്തര്‍വാഹിനി നിര്‍മ്മിച്ചത്.

ഇത് സംബന്ധിച്ച വിവരം ആദ്യം ലഭിച്ചത് അമേരിക്കയ്ക്കാണ്. അന്തര്‍വാഹിനിക്ക് എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ദൃശ്യങ്ങളും അമേരിക്കയുടെ കൈവശമുണ്ട്. സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ചാണ് അവര്‍ ഇതെല്ലാം ചിത്രീകരിച്ചത്. കഴിഞ്ഞ മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആയിരിക്കാം അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അന്തര്‍വാഹിനിയുടെ അവസാനവട്ടം പരിശോധനക്കായി കടലില്‍ ഇറക്കിയപ്പോഴാണ് അപകടം നടന്നത് എന്ന് പറയപ്പെടുന്നു.

കപ്പലില്‍ അപകടം നടന്ന സമയത്ത് ആണവ ഇന്ധനം നിറച്ചിരുന്നോ എന്ന കാര്യം ഏതാണ്ട് ഉറപ്പാണ് എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് കടല്‍ വെള്ളം ചൈനീസ് ശാസ്ത്രജ്ഞര്‍ പരിശോധിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ അപകടത്തില്‍ സൈനികരോ മറ്റ് ജീവനക്കാരോ കൊല്ലപ്പട്ടതായി ഇനിയും വാര്‍ത്തകള്‍ പുറത്ത് വന്നിട്ടില്ല. ചൈനയെ പോലെ ശക്തമായ സാങ്കേതിക സംവിധാനങ്ങള്‍ ഉള്ള ഒരു രാജ്യത്തെ സംബന്ധിച്ച് ഇത്തരമൊരു സംഭവം വലിയൊരു തിരിച്ചടി തന്നെയാണ് എന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ചൈനയുടെ സൈനിക രംഗത്തെ നടപടികള്‍ പലപ്പോഴും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് തന്നെ ഭീഷണിയായി മാറുന്ന കാലഘട്ടത്തിലാണ് അവര്‍ക്ക് ഇത്ര വലിയൊരു തിരിച്ചടി ഉണ്ടാകുന്നത്. മുങ്ങിപ്പോയ അന്തര്‍വാഹിനി കടലില്‍ നിന്ന് പൊക്കിയെടുക്കാന്‍ കൂറ്റന്‍ ക്രെയിനുകള്‍ എത്തിച്ചു എങ്കിലും ഇപ്പോഴും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അന്തര്‍വാഹിനിയുടെ പ്രധാന ഉപകരണങ്ങളിലെല്ലാം വെള്ളം കയറിയതാണ് ഈ നടപടികള്‍ വൈകാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആണവ അന്തര്‍വാഹിനികള്‍ തുടര്‍ച്ചയായി നിര്‍മ്മിക്കാനുള്ള

ചൈനയുടെ പദ്ധതിക്കാണ് ഈ അപകടം തിരിച്ചടിയായിരിക്കുന്നത്.

നിലവില്‍ ചൈനക്ക് 300 ല്‍ അധികം യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളുമാണ് സ്വന്തമായിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് ചൈനീസ് നാവിക സേനയുടെ ഒരു അന്തര്‍വാഹിനി അപകടത്തില്‍ പെട്ട് 55 നാവികര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അവര്‍ക്ക് വീണ്ടും ഇത്തരത്തില്‍ ഒരു തിരിച്ചടി നേരിടുന്നത്. ഈ അപകടവും ചൈനീസ് അധികൃതര്‍ ആദ്യം നിഷേധിച്ചിരുന്നു. ബ്രിട്ടനാണ് ഈ അപകടവാര്‍ത്ത അന്ന് കണ്ടെത്തി പുറത്ത് വിട്ടത്.

മഞ്ഞക്കടലിലൂടെ സഞ്ചരിക്കുന്ന ബ്രിട്ടീഷ് കപ്പലുകളെ ലക്ഷ്യം വച്ച് ചൈന തന്നെ ഒരുക്കിയ കെണിയിലാണ് അന്തര്‍വാഹിനി അകപ്പെട്ടത്. ശത്രു രാജ്യങ്ങളുടെ കപ്പലുകളെയും അന്തര്‍വാഹിനികളെയും തകര്‍ക്കാനായി ചൈനീസ് നാവികസേന ചങ്ങലയും നങ്കുരവും ഒരുക്കിയിരുന്നു. ഇതില്‍ കുടുങ്ങിയ ചൈനീസ് അന്തര്‍വാഹിനി ഉപരിതലത്തിലേയ്ക്ക് എത്താന്‍ കഴിയാതെ തകരാറിലാവുകയായിരുന്നു. അന്തര്‍വാഹിനിക്കുള്ളിലെ ഓക്‌സിജന്‍ ലഭ്യത ഇല്ലാതായതോടെ നാവികര്‍ ദാരുണമായി മരിക്കുകയായിരുന്നവെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ട്.

അതേസമയം കഴിഞ്ഞ ദിവസം ഒരു ഭൂഖണ്ഡാന്തരം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു ചൈന. ലോകരാജ്യങ്ങളുമായി ശാക്തിക ബലാബലം പിടിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് ഇത്തരം പരീക്ഷണം. ബുധനാഴ്ചയാണ് ശാന്തസമുദ്രത്തിലേക്ക് ചൈന മിസൈല്‍ തൊടുത്തത്. ആയുധപരീക്ഷണം വിജയം കണ്ടതായി ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു. പ്രതീക്ഷിച്ചത്രദൂരത്തില്‍ കടലില്‍ ലക്ഷ്യസ്ഥാനത്ത് മിസൈല്‍ പതിച്ചതായും വ്യക്തമാക്കി.

പുതിയ മിസൈലിന് യു.എസിന്റെ ഭൂപ്രദേശത്തുചെന്ന് ആക്രമണം നടത്താനുള്ള ശേഷിയുണ്ടെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടുചെയ്തു. ഏഷ്യ-പസഫിക്കിലെ അധീശത്വത്തിനായി പ്രകോപനങ്ങളുടെപേരില്‍ ചൈന അന്താരാഷ്ട്രവിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് മിസൈല്‍ പരീക്ഷണം. വാര്‍ഷിക സൈനിക പരിശീലനപരിപാടിയുടെ ഭാഗമായാണ് പരീക്ഷണമെന്നും അന്താരാഷ്ട്രനിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ചൈന അവകാശപ്പെട്ടു. 1980-ല്‍ പരീക്ഷിച്ച ഡി.എഫ്.-5 ആണ് ഇതിനുമുന്‍പ് ചൈന വിജയകരമായി പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍.

അതിന് 9000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള ശേഷിയുണ്ടായിരുന്നു. അതേസമയം, മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് യാതൊരു മുന്നറിയിപ്പും ചൈന നല്‍കിയില്ലെന്ന് ജപ്പാന്‍ ആരോപിച്ചു. ചൈനയുടെ മിസൈല്‍ പരീക്ഷണം ആശങ്കയുണ്ടാക്കുന്നതാണെന്ന് ന്യൂസീലന്‍ഡ് പറഞ്ഞു. ഇക്കാര്യത്തില്‍ ഓസ്ട്രേലിയ ചൈനയോട് വിശദീകരണം തേടി.

Tags:    

Similar News