20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി നഷ്ടപ്പെട്ടു; കാഞ്ഞിരപ്പിള്ളിയില്‍ നിന്നെടുത്ത ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നു; ടിക്കറ്റ് നഷ്ടമായത് ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാര്‍ സഞ്ചരിച്ച വണ്ടിയില്‍ വെച്ച്; പോലീസിനെയും കോടതിയെയും സമീപിച്ചു റിട്ട. എ.എസ്.ഐ. രംഗത്ത്

20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി നഷ്ടപ്പെട്ടു

Update: 2026-02-20 01:33 GMT

പിറവം: സമ്മാന തുകയുടെ വലുപ്പം കൊണ്ട് കേരളത്തില്‍ ഏറ്റവും വലിയ ബംപറുകളില്‍ ഒന്നായ ക്രിസ്മസ് ബംപറടിച്ച ആള്‍ക്ക് ലോട്ടറി ടിക്കറ്റ് നഷ്ടമായെന്ന് പരാതി. 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബംപര്‍ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം പാഴൂര്‍ സ്വദേശിയായ റിട്ട. എ.എസ്.ഐയാണ് രംഗത്തുവന്നത്. പിറവം പാഴൂര്‍ കോട്ടപ്പുറത്ത് വീട്ടില്‍ റിട്ട. എ.എസ്.ഐ. കെ.കെ. സജിമോനാണ് ടിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് പോലീസിനെയും കോടതിയെയും സമീപിച്ചത്.

ബമ്പര്‍ നറുക്കെടുപ്പ് ജനുവരി 24 നായിരുന്നു. XC 138455 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പോലീസില്‍നിന്ന് പിരിഞ്ഞ ശേഷം ട്രാവലര്‍ സര്‍വീസ് നടത്തുകയാണ് സജിമോന്‍. സജിമോന്റെ വണ്ടിയില്‍ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാര്‍ വണ്ടിയില്‍ നെയ്പാത്രം മറന്നുവെച്ചിരുന്നു. താന്‍ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയില്‍ സൂക്ഷിച്ചിരുന്നെന്നും പിന്നീട് വിശാഖപട്ടണം സ്വദേശികള്‍ ആവശ്യപ്പെട്ട പ്രകാരം, നെയ്പാത്രം കൂറിയര്‍ ചെയ്തു കൊടുത്തപ്പോള്‍ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് പരാതി.

പിറവത്തെ കൂറിയര്‍ സ്ഥാപനത്തില്‍നിന്ന് ജനുവരി 30 നാണ് പാത്രം കൂറിയര്‍ ചെയ്തത്. പാത്രത്തിനടിയില്‍ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ച കാര്യം ഓര്‍മ്മിച്ച സജിമോന്‍ ഫെബ്രുവരി ഒന്നിന് വൈകീട്ട് കൂറിയര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഫെബ്രുവരി നാലിന് വിശാഖപട്ടണത്ത് ഉടമയ്ക്ക് നെയ്പാത്രം ലഭിച്ചു.

ഡിസംബര്‍ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടില്‍ പോയപ്പോഴാണ് കാഞ്ഞിരപ്പിള്ളിയില്‍ നിന്ന് ടിക്കറ്റെടുത്തതെന്നും ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോന്‍ പറയുന്നു. സജിമോന്റെ പരാതിയെ തുടര്‍ന്ന് പിറവം പോലീസ് കൂറിയര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ പരിശോധിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സജിമോന്‍ പിറവം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെയും സമീപിച്ചു.

ഇതേത്തുടര്‍ന്ന് നിരീക്ഷണ ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ട് സജിമോന്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. അതേസമയം, ബമ്പര്‍ സമ്മാനമടിച്ചയാള്‍ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തില്‍ ഹാജരാക്കിയതായി സൂചനയുണ്ട്. സജിമോന്റെ പരാതി ലോട്ടറി വകുപ്പ് പരിഗണിക്കുമോ എന്നാണ് അറിയേണ്ടത്.

Tags:    

Similar News