നീലീശ്വരം എസ് എന്‍ ഡി പി ഹൈസ്‌കൂളില്‍ ഒമ്പതിലും പത്തിലും പഠിച്ചപ്പോള്‍ തുടങ്ങിയ പ്രണയം; ഒരു കൊല്ലം മുമ്പ് പിരിഞ്ഞെങ്കിലും വീണ്ടും അടുത്തു; കാമുകന്റെ സംശയ രോഗം മാറിയതുമില്ല; ഒടുവില്‍ വീണ്ടും പിരിയാന്‍ തീരുമാനിച്ചു; ബ്രേക്ക് അപ്പ് പാര്‍ട്ടിയ്ക്ക് വിളിച്ചുവരുത്തി കൊല; ചിത്രപ്രിയയ്ക്ക് സംഭവിച്ചത്
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റത്ത് ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി ചിത്രപ്രിയ(19)യുടെ മൃതദേഹം റബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റിലാകുന്നത് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍. കാലടി കൊറ്റമം മൂക്കടപ്പല്ലന്‍ വീട്ടില്‍ അലന്‍ ബെന്നി (21)യെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ രാത്രി പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബ്രേക്ക് അപ്പ് പാര്‍ട്ടിക്കിടെയാണ് കൊലയെന്നാണ് സൂചന. ചിത്രപ്രിയ ക്രൂരമര്‍ദനം നേരിട്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക വിലയിരുത്തലുണ്ട്. തലയുടെ പിന്‍ഭാഗത്തുള്‍പ്പെടെ ഒന്നിലധികം മുറിവുണ്ട്. ശരീരത്ത് മുറിപ്പാടുകളുമുണ്ടായിരുന്നു.
മറ്റൊരു യുവാവുമായി ചിത്രപ്രിയ പ്രണയത്തിലാണെന്ന് സംശയിച്ച അലന്‍ ബൈക്കില്‍ കയറ്റി റബര്‍ തോട്ടത്തില്‍ എത്തിക്കുകയും വാക്കുതര്‍ക്കത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അഞ്ചുവര്‍ഷം നീണ്ടുനിന്ന പ്രണയം പറഞ്ഞ് അവസാനിപ്പിക്കാനാണ് ചിത്രപ്രിയയും അലനും ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഒന്നിച്ചുകൂടിയതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. വാക്കുതര്‍ക്കത്തിനിടെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ചിത്രപ്രിയ തുരുതുരെ മുഖത്തടിച്ചതോടെ സമനില തെറ്റിയ അലന്‍ വെട്ടുക്കല്ല് കഷണംകൊണ്ട് തലയ്ക്കടിച്ചു. അതാണ് ചിത്രയുടെ മരണകാരണം എന്നാണ് പൊലീസ് നിരീക്ഷണം. ബ്രേക്ക് അപ്പിന് മുമ്പുള്ള ഒത്തുചേരലായിരുന്നു അത്. ഈ ബ്രേക്ക് അപ്പ് പാര്‍ട്ടിയില്‍ അലന്റെ സുഹൃത്തുക്കള്‍ പങ്കെടുത്തോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇലക്ട്രീഷ്യനായ അലനും ചിത്രപ്രിയയും ഒരേ നാട്ടുകാരാണ്. നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്‌കൂളില്‍ ഒമ്പതിലും പത്തിലും പഠിച്ചപ്പോഴാണ് ഇവര്‍ പ്രണയത്തിലായതെന്ന് പൊലീസ് പറഞ്ഞു. ഒന്നരവര്‍ഷം മുമ്പ് പിണങ്ങി. അടുത്തിടെ വീണ്ടും പ്രണയത്തിലായി. ബംഗളൂരുവില്‍ പഠിക്കുന്ന ചിത്ര പ്രിയയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന സംശയം ബന്ധത്തില്‍ വിള്ളലുണ്ടാക്കി. പലപ്പോഴും തര്‍ക്കങ്ങളുണ്ടായി. സംഭവദിവസം ചിത്രപ്രിയ ഫോണെടുക്കാത്തതിലും സംശയമുണ്ടായിരുന്നു. ഇതോടെ വീണ്ടും പിരിയാന്‍ താരുമാനിച്ചു. ബ്രേക്ക് അപ്പിന് എന്ന് പറഞ്ഞാണ് റബര്‍ തോട്ടത്തില്‍ എത്തിച്ചത്. താനുമായി പ്രണയത്തിലായതിനാല്‍ സുഹൃത്തുക്കള്‍ വിട്ടുപോയെന്നും മറ്റും പറഞ്ഞ് ചിത്രപ്രിയ പലവട്ടം മുഖത്തടിച്ചതിന്റെ ദേഷ്യത്തിനാണ് കല്ലുകൊണ്ട് തലയ്ക്കടിച്ചതെന്നാണ് അലന്റെ മൊഴി. സി.സി.ടിവി ദൃശ്യത്തില്‍ മറ്റൊരു ബൈക്കില്‍ രണ്ടുപേര്‍കൂടി പോയിരുന്നതായി കാണുന്നെങ്കിലും അവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ബ്രേക്ക് അപ്പ് പാര്‍ട്ടി ആയതിനാല്‍ അവരും പങ്കെടുക്കാനുള്ള സാധ്യതയുണ്ട്.
ചിത്രപ്രിയയുടെ മൃതദേഹത്തിനു സമീപത്തുനിന്ന് രക്തംപുരണ്ട കല്ല് കണ്ടെത്തി. തലയോട്ടി തകര്‍ന്ന് ചോരവാര്‍ന്നാണ് ചിത്രപ്രിയ മരിച്ചതെന്നാണ് കരുതുന്നത്.മ ൃതദേഹം ഇന്നലെ വൈകിട്ട് നീലേശ്വരം ശാന്തിനിലയം ശ്മശാനത്തില്‍ സംസ്‌കരിച്ചു.മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ ശനിയാഴ്ച രാത്രിയാണ് കാണാതായത്. പരാതി ലഭിച്ചതിനു പിന്നാലെ, ചിത്രപ്രിയയുമൊത്ത് അലന്‍ ബൈക്കില്‍ പോകുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയെ മലയാറ്റൂരിലെ നക്ഷത്രതടാകത്തിനു സമീപം കൊണ്ടുവന്ന് വിട്ടതാണെന്ന മൊഴി രേഖപ്പെടുത്തി ഞായറാഴ്ച ഇയാളെ വിട്ടയച്ചെങ്കിലും പൊലീസ് നിരീക്ഷണത്തിലായിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ വീണ്ടും വിളിപ്പിച്ചു. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ലെങ്കിലും തെളിവുകള്‍ നിരത്തിയപ്പോള്‍ കുറ്റം സമ്മതിച്ചു.
വടകരയില്‍ താമസിക്കുന്ന വല്യച്ഛന്റെ കൊച്ചുമകളുടെ പിറന്നാള്‍ ആഘോഷത്തിനായി ഈമാസം മൂന്നിനാണ് ചിത്രപ്രിയ ബംഗളൂരുവില്‍ നിന്ന് എത്തിയത്. ശനിയാഴ്ച അയ്യപ്പ സേവാസംഘം നടത്തിയ അയ്യപ്പന്‍വിളക്ക് കാണാന്‍ മാതാപിതാക്കള്‍ പോയപ്പോഴാണ് അലനൊപ്പം പോയത്. മാതാവ് ഷിനിയുടെ കാറ്ററിംഗ് ടീമിലുള്ളവര്‍ നടത്തിയ തെരച്ചിലിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് സെബിയൂര്‍ കൂരാപ്പിള്ളിക്ക് സമീപത്തെ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
