താന്ത്രിക നിയമനങ്ങളിലെ യോഗ്യതാ മാനദണ്ഡങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍ ഭരണഘടനാ വിരുദ്ധം; പാരമ്പര്യമായി നിലനില്‍ക്കുന്ന താന്ത്രിക ചിട്ടകളെ ഇത് ബാധിക്കുമെന്നതും; ക്ഷേത്രങ്ങളിലെ ശാന്തി നിയമനം: ഹൈക്കോടതി വിധിക്കെതിരെ തന്ത്രി സമാജം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയെ സമീപിച്ചു. ശാന്തി നിയമനത്തിനുള്ള യോഗ്യതയായി വിവിധ തന്ത്ര വിദ്യാലയങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
ദേവസ്വം ബോര്‍ഡും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡും അംഗീകരിച്ചിട്ടുള്ള തന്ത്ര വിദ്യാലയങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിയമനത്തിന് പരിഗണിക്കാമെന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി. എന്നാല്‍ ഈ നടപടിക്കെതിരെ ശക്തമായ വാദങ്ങളാണ് തന്ത്രി സമാജം ഉയര്‍ത്തുന്നത്. താന്ത്രിക വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളെ വിലയിരുത്താനോ അവയ്ക്ക് അംഗീകാരം നല്‍കാനോ ഉള്ള സാങ്കേതികമായ വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
താന്ത്രിക നിയമനങ്ങളിലെ യോഗ്യതാ മാനദണ്ഡങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍ ഭരണഘടനാ വിരുദ്ധമാണെന്നും പാരമ്പര്യമായി നിലനില്‍ക്കുന്ന താന്ത്രിക ചിട്ടകളെ ഇത് ബാധിക്കുമെന്നുമാണ് തന്ത്രി സമാജത്തിന്റെ നിലപാട്. സുപ്രീം കോടതി ഈ ഹര്‍ജിയില്‍ സ്വീകരിക്കുന്ന നിലപാട് സംസ്ഥാനത്തെ ക്ഷേത്ര ഭരണ സംവിധാനങ്ങളില്‍ നിര്‍ണ്ണായകമാകും.