സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നു; പുതുയുഗ യാത്രക്കിടെ നിരവധി സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില്‍ മുന്‍പൊന്നും ഉണ്ടായിട്ടില്ല; വലിയ നാശത്തിന് കാരണം പിണറായി വിജയന്റെ ഭരണം: വി ഡി സതീശന്‍

സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നു

Update: 2026-03-12 11:09 GMT

തിരുവനന്തപുരം: സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മിന്റെ അടിത്തട്ടില്‍ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണ്. പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളില്‍ വച്ച് താന്‍ തന്നെ നിരവധി സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില്‍ മുന്‍പൊന്നും ഉണ്ടായിട്ടില്ല. സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ ഭരണത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ നിരാശരാണെന്നും സതീശന്‍ പറഞ്ഞു.

പാലക്കാട്ടും പയ്യന്നൂരിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള പ്രതിഷേധങ്ങള്‍ പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയായ പയ്യന്നൂരില്‍ പോലും ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടാകുന്നത്. കേരളത്തിലെ സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു.

പത്തുവര്‍ഷത്തെ പിണറായി വിജയന്റെ ഭരണമാണ് സിപിഎമ്മിന് ഇത്ര വലിയ നാശമുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തെറ്റായ നടപടികളെ പരസ്യമായി വിമര്‍ശിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കോ സംസ്ഥാന സെക്രട്ടറിക്കോ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്നും സതീശന്‍ പരിഹസിച്ചു.

സിപിഎമ്മിനെ നിലവില്‍ ബാധിച്ചിരിക്കുന്നത് വലിയ രീതിയിലുള്ള മൂല്യച്യൂതിയാണെന്ന് സതീശന്‍ ആരോപിച്ചു. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള നേതാക്കളുടെ മാറ്റവും നിലവാര തകര്‍ച്ചയുമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ജി. സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും വര്‍ഗ്ഗവഞ്ചകന് വോട്ടില്ല എന്ന പ്രതിഷേധം ഉയരുന്നത് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ തെളിവാണ്. പാര്‍ട്ടിയുമായി പിരിഞ്ഞുനില്‍ക്കുന്നവരെ പെണ്ണ് കേസിലോ കള്ളക്കേസിലോ കുടുക്കി നശിപ്പിക്കുക എന്നതാണ് സിപിഎമ്മിന്റെ പ്രധാന രീതിയെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സര്‍ക്കാരും ഇന്നുവരെ ചെയ്യാത്ത വിധത്തില്‍ ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്താണ് മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയുടെയും പിആര്‍ വര്‍ക്കുകള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം ഫണ്ടാണ് ഉപയോഗിക്കേണ്ടതെന്നും എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ചാണ് പിണറായി വിജയനും സിപിഎമ്മും പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനായി കോടികളാണ് ഖജനാവില്‍ നിന്ന് ചെലവാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും പിആര്‍ പ്രചാരണങ്ങളെ ഇത് ബാധിക്കുന്നില്ലെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് മാസമായി പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കുന്നില്ലെന്നും, പത്തുലക്ഷത്തിന് താഴെയുള്ളവ പോലും തടഞ്ഞുവെക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന സര്‍ക്കാരിന്റെ പ്രചാരണം വെറും പൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷം കൊണ്ടാണ് ഇത്രയും വീടുകള്‍ നിര്‍മ്മിച്ചതെന്ന് അവര്‍ അവകാശപ്പെടുമ്പോള്‍, മുന്‍പത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെറും അഞ്ച് വര്‍ഷം കൊണ്ട് വിവിധ പദ്ധതികളിലൂടെ 4.30 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. നിയമസഭയില്‍ മന്ത്രിമാര്‍ തന്നെ നല്‍കിയ കണക്കുകള്‍ നിരത്തിയാണ് സര്‍ക്കാര്‍ അവകാശവാദങ്ങളിലെ പൊള്ളത്തരം അദ്ദേഹം തുറന്നുകാട്ടിയത്.

വൈദ്യുതി മേഖലയിലെ നേട്ടങ്ങളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ വ്യാഖ്യാനങ്ങളും തെറ്റാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പിലാക്കിയ പവര്‍ കോറിഡോര്‍ സംവിധാനമാണ് ഇന്ന് സംസ്ഥാനത്ത് പവര്‍ കട്ട് ഇല്ലാത്തതിന് പ്രധാന കാരണം. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്, എന്നാല്‍ ഇത് സ്വന്തം നേട്ടമായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരവാദിത്തങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. വരും ദിവസങ്ങളില്‍ രാഷ്ട്രീയ കേരളം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും പത്തുവര്‍ഷത്തെ ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അവനോടൊപ്പമാണോ അവളോടൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ഗണേഷ് കുമാര്‍ കുടുംബപ്രശ്‌നത്തിന്റെ പേരില്‍ രാജിവെക്കണമെന്ന് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഓര്‍മ്മിപ്പിച്ചു. അന്ന് രാജി ചോദിച്ചുവാങ്ങിയ അതേ പിണറായി വിജയന്‍ ഇന്ന് മുഖ്യമന്ത്രിയായപ്പോള്‍ ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും വലിയ ഇരട്ടത്താപ്പാണെന്നും കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News