രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാല്‍സംഗ കുറ്റം നിലനില്‍ക്കും; 'ഉഭയസമ്മതപ്രകാരമുള്ള ബന്ധം' എന്ന വാദം പൂര്‍ണ്ണമായും തള്ളി; ജാമ്യം ലഭിച്ചാല്‍ ഇരയുടെ ജീവന്‍ അപകടത്തിലാകും; സമാന കേസില്‍ മുന്‍പും പ്രതി; അറസ്റ്റ് ചട്ടവിരുദ്ധമെന്ന ആരോപണവും നിലനില്‍ക്കില്ല; ഡിജിറ്റല്‍ ഒപ്പിനും സാധുത; എം എല്‍ എയുടെ വാദങ്ങള്‍ എല്ലാം തള്ളി കോടതി
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാല്‍സംഗ കുറ്റം നിലനില്‍ക്കും
തിരുവല്ല: പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. രാഹുല്‍ ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിക്കൊണ്ട് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി അരുന്ധതി ദിലീപ് പുറപ്പെടുവിച്ച വിധിപ്പകര്‍പ്പിലെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കുറ്റകൃത്യത്തിന്റെ ഗൗരവവും എംഎല്‍എയുടെ അധികാര സ്വാധീനവും പരിഗണിക്കുമ്പോള്‍ ജാമ്യം അനുവദിക്കുന്നത് നീതിനിര്‍വ്വഹണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നില്ലെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്നും വ്യക്തമാക്കിയാണ് ജഡ്ജി എം.എല്‍.എയുടെ എല്ലാ വാദങ്ങളും തള്ളിയത്.
രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധിയില്‍, ജാമ്യം ലഭിച്ചാല്‍ ഇരയുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. രാഹുലിനെതിരായ പരാതി ഗുരുതര സ്വഭാവമുള്ളതാണെന്നും മുന്‍പും സമാനമായ കുറ്റകൃത്യങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിട്ടുണ്ടെന്നും വിധിയില്‍ പറയുന്നു. ഇത് രാഹുലിനെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗക്കേസാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
കോടതി നിരീക്ഷണങ്ങള്‍
പ്രതിഭാഗം പ്രധാനമായും ഉയര്‍ത്തിയ 'ഉഭയസമ്മതപ്രകാരമുള്ള ബന്ധം' എന്ന വാദം കോടതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. പരാതിക്കാരിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമല്ലെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു.
സമാനമായ മറ്റ് രണ്ട് കേസുകളില്‍ കൂടി രാഹുല്‍ പ്രതിയാണെന്ന വസ്തുത കോടതി ഗൗരവമായെടുത്തു. നേരത്തെയും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിലായത് മുതല്‍ രാഹുല്‍ അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും കോടതി വിധിയില്‍ പരാമര്‍ശിക്കുന്നു.
വിവാഹവാഗ്ദാനം, ഗര്‍ഭച്ഛിദ്രം, ഭീഷണി
വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് ജനുവരി 11-ന് രാഹുലിനെ പോലീസ് പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. ഈ പരാതി അതീവ ഗൗരവതരമാണെന്ന് കോടതി വിലയിരുത്തി.
ഡിജിറ്റല്‍ ഒപ്പിനും മൊഴിക്കും സാധുത
അന്വേഷണ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന രാഹുലിന്റെ വാദങ്ങള്‍ കോടതി അക്കമിട്ട് നിരത്തിയാണ് തള്ളിയത്. പരാതിക്കാരിയുടെ മൊഴിയില്‍ നേരിട്ടുള്ള ഒപ്പില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. ഗുരുതര കേസുകളില്‍ ഓണ്‍ലൈന്‍ വഴിയുള്ള മൊഴിയും ഡിജിറ്റല്‍ ഒപ്പും മതിയെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് ചട്ടവിരുദ്ധമാണെന്ന ആരോപണം തള്ളിയ കോടതി, അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് നിരീക്ഷിച്ചു.
അന്വേഷണത്തോട് രാഹുല്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇരയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തിലുള്ള സൈബര്‍ ആക്രമണം നടക്കുന്നുവെന്ന പ്രോസിക്യൂഷന്‍ വാദത്തെയും കോടതി ഗൗരവത്തോടെ കണ്ടു.
മൊഴിയുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ പരാതിക്കാരി നേരിട്ട് ഇ-മെയില്‍ അയച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുതര സ്വഭാവമുള്ള കേസുകളില്‍ ഓണ്‍ലൈന്‍ വഴി മൊഴിയും ഡിജിറ്റല്‍ ഒപ്പും മതിയാകുമെന്നും തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കൂട്ടിച്ചേര്‍ത്തു.
ജയില്‍വാസം തുടരും
തിരുവല്ല കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ മാവേലിക്കര ജയിലില്‍ തുടരും. ഇരയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി ഗൗരവത്തിലെടുത്തു. തിങ്കളാഴ്ച ജില്ലാ കോടതിയെ സമീപിച്ച് ജാമ്യത്തിനായി ശ്രമിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
