'ദൈവ തുല്യന്റെ' ശുപാര്‍ശയില്‍ ഗണ ്രശാവണ്‍ 100 കോടിയുടെ പദ്ധതിയുമായി ചോറ്റാനിക്കരയില്‍ എത്തി; അഡ്രസ് അന്വേഷിച്ചപ്പോള്‍ എത്തിയത് സാധാ ഫ്ളാറ്റില്‍; 1000 കോടിയുടെ ബിസിനസ്സും കുട്ടി പിറന്നതും കള്ളമെന്നും തെളിഞ്ഞു; ഒമ്നി കാറിലെ വരവും ധാരണാപത്രം പൊളിച്ചു; ചോറ്റാനിക്കരയിലും 'സ്വര്‍ണ്ണ കൊള്ളക്കാര്‍' വന്നു; 2018ലെ സ്പോണ്‍സര്‍ ഇന്നെവിടെ?
കൊച്ചി: കേരളത്തിലെ ചരിത്ര പുരാതന ക്ഷേത്രങ്ങളിലെ വസ്തുക്കള്‍ അന്താരാഷ്ട്ര മാഫിയകള്‍ നോട്ടമിട്ടുവെന്നതിന് മറ്റൊരു തെളിവ് കൂടി പുറത്ത്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ സ്വര്‍ണ്ണ കൊള്ളയ്ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍. ശബരിമല സ്വര്‍ണ്ണപ്പാളി തട്ടിപ്പിന് സമാനമായി കൊച്ചിന്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിലും സ്‌പോണ്‍സര്‍ഷിപ്പിലൂടെ തട്ടിപ്പിന് ശ്രമം നടന്നുവെന്നാണ് വെളിപ്പെടുത്തല്‍. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് വാഗ്ദാനവുമായി ബെംഗളൂരു സ്വദേശി എത്തിയെന്ന് ദേവസ്വം പറയുന്നു. ഈ ബംഗ്ലൂരു സ്വദേശിക്ക് പിന്നിലും 'ദൈവ തുല്യനായ' ഒരാള്‍ ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍.
ചോറ്റാനിക്കര ക്ഷേത്രത്തില്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ മറവില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം തടഞ്ഞതിന്റെ വെളിപ്പെടുത്തലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് ഓഫീസറായിരുന്ന ആര്‍ കെ ജയരാജ് നടത്തിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോഴാണ് സംഭവം. 2019-20 കാലയളവില്‍ ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായില്‍ 100 കോടിരൂപയുടെ പദ്ധതിയുമായി ബെംഗ്ലരൂരു സ്വദേശിയായ ഗണശ്രാവണ്‍ എന്നയാള്‍ എത്തി. വലിയ ബിസിനസുകാരനാണെന്ന് പരിചയപ്പെടുത്തത്. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ എത്തിയതെന്നാണ് വെളിപ്പെടുത്തല്‍.
ഇയാള്‍ക്ക് ക്ഷേത്രത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് 6 മാസത്തോളം അവിടെ തുടര്‍ന്നു. എന്നാല്‍ അന്വേഷണത്തില്‍ വാഗ്ദാനങ്ങളെല്ലാം കള്ളമാണെന്ന് വെളിപ്പെട്ടു. ആന്ധ്രയില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ക്ഷേത്രങ്ങളുടെ പേരില്‍ പിരിവ് നടത്തി തട്ടിപ്പ് നടത്തുന്നയാളാണെന്നും വ്യവസായി നല്‍കിയ വിലാസവും ആസ്തിയുമുള്‍പ്പെടെ വ്യാജമാണെന്ന തിരിച്ചറിവ് പിന്നാലെയാണ് പദ്ധതി ഒഴിവാക്കിയത്. സ്‌പോണ്‍സര്‍ക്ക് കൃത്യമായ പദ്ധതി നല്‍കാന്‍ കഴിയാത്തത് കൊണ്ട് അന്ന് തന്നെ പദ്ധതി ഉപേക്ഷിച്ചു. വിജിലന്‍സ് എസ് പിയുടെ ഇടപെടലാണ് നിര്‍ണ്ണായകമായത്.
ഗണശ്രാവണിനെ കുറിച്ച് വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നു. അയാള്‍ ചോറ്റാനിക്കരയില്‍ നല്‍കിയ അഡ്രസില്‍ പരിശോധന നടത്തി. തനിക്ക് 1000 കോടിയുടെ ബിസിനസ്സ് സ്ഥാപനമുണ്ടെന്നും അതില്‍ നിന്നും 100 കോടി ഉപയോഗിച്ച് ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ശ്രീ കോവില്‍ സ്വര്‍ണ്ണം പൂശുമെന്നുമായിരുന്നു വാഗ്ദാനം. ദീര്‍ഘകാലം കുട്ടികളില്ലൊയിരുന്നുവെന്നും ചോറ്റാനിക്കരയില്‍ പ്രാര്‍ത്ഥിച്ച ശേഷം കുട്ടി പിറന്നുവെന്നും പറഞ്ഞു. അതുകൊണ്ടാണ് 100 കോടി സ്‌പോണ്‍സര്‍ഷിപ്പില്‍ നല്‍കുന്നതെന്നായിരുന്നു പറഞ്ഞത്. ഇത് വിസദമായി വിജിലന്‍സ് എസ് പി പരിശോധിച്ചു.
ഗണശ്രാവണ്‍ നല്‍കിയ അഡ്രസ് ബംഗ്ലൂരുവിലെ ചെറിയ ഫ്‌ളാറ്റിന്റേതായിരുന്നു. ഇയാള്‍ക്ക് വലിയ ബിസിനസ്സൊന്നും ഉണ്ടായിരുന്നില്ല. കുട്ടി പറന്ന കഥയും കളവാണെന്ന് കണ്ടെത്തി. ഇതോടെ ഇക്കാര്യം മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. ഗണശ്രാവണ്‍ വരുന്നത് മാരുതി ഒമ്‌നി കാറിലാണെന്ന് കൂടി കണ്ടെത്തിയതോടെ എസ് പി കടുത്ത നിലപാട് എടുത്തു. മുകളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും ധാരണാ പത്രം ഒപ്പിടല്‍ നടന്നില്ല. ദേവസ്വം കമ്മീഷണറും സെക്രട്ടറിയും എടുത്ത നിലപാടായിരുന്നു ഇതിന് കാരണം.
അങ്ങനെ ഗണശ്രാവണ്‍ പറന്നു. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ അളവെല്ലാം ഇതിനിടെ തന്നെ ഇയാള്‍ എടുത്തിരുന്നു. അന്താരാഷ്ട്ര മാഫിയയ്ക്ക് വേണ്ടിയാകാം ഇതെന്ന് എസ് പി ഇപ്പോഴും സംശയിക്കുന്നുണ്ട്.
