കിളിമാനൂരില്‍ ആ കൂലിപ്പണിക്കാരനെ പുലര്‍ച്ച ഇടിച്ചിട്ട ശേഷം കടന്നു പോയ വാഹനത്തിന്റെ ഡ്രൈവര്‍ പോലീസ് ഏമാന്‍ തന്നെ; അപകട ശേഷം വാഹനം വര്‍ക് ഷോപ്പില്‍ കൊടുത്ത് കേടുപാടു മാറ്റി തെളിവ് നശീകരണവും; പാറശ്ശാല സിഐ ഒളിവില്‍ പോയെന്ന് സൂചന; അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്യും; പോലീസിന് നാണക്കേടായി അപകടക്കൊലയും

Update: 2025-09-14 03:57 GMT

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനമിടിച്ച് കൂലിപ്പണിക്കാരനായ വയോധികന്‍ മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള വാഹനമാണെന്ന് കണ്ടെത്തിയിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചതും സിഐയായിരുന്നു. അപകട ശേഷം തെളിവ് നശിപ്പിക്കാന്‍ വര്‍ക്ഷോപ്പില്‍ കൊടുത്ത് വാഹനം നന്നാക്കുകയും ചെയ്തു. പിടിക്കപ്പെടില്ലെന്ന് കരുതി ഇരിക്കുമ്പോഴാണ് കിളിമാനൂര്‍ പോലീസ് കാര്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജനാണ് (59) അപകടത്തില്‍ മരിച്ചത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ചോര പോയി. ഇതാണ് മരണ കാരണമായത്. അപകടമുണ്ടായപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ രാജന് ജീവന്‍ നഷ്ടമാകുമായിരുന്നില്ല. ഇതുകൊണ്ട് തന്നെ രാജന്റേത് കൊലപാതകമാണ്. അതിന് പിന്നില്‍ സിഐയും. ഇത് പോലീസിനേയും നാണക്കേടിലാക്കി.

ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാറിന്റെ വാഹനമാണ് വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞതെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ് ഐ ആര്‍. അനില്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. വാഹനം നിര്‍ത്താതെ പോയതടക്കമുളള വകുപ്പുകള്‍ ചുമത്തും. അറസ്റ്റു ചെയ്ത് ജയിലിലും അടയ്ക്കും. അതിനിടെ അനില്‍കുമാര്‍ ഒളിവില്‍ പോയെന്നും സൂചനകളുണ്ട്. അനില്‍ കുമാറിനെതിരെ റൂറല്‍ എസ് പി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഡിജിപിക്ക് കൈമാറും. ഇതോടെ അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്യാനാണ് സാധ്യത. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ റോഡില്‍ക്കിടന്ന ആളിനെ കിളിമാനൂര്‍ പോലീസാണ് കേശവപുരം ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ 5.30 -ഓടെയാണ് അപകടമുണ്ടായത്. നടന്ന് പോവുകയായിരുന്ന രാജനെ കാര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിഞ്ഞത്. ഇത് പാറശ്ശാല സിഐയും നിലമേല്‍ കൈതോട് സ്വദേശിയുമായ പി.അനില്‍കുമാറിന്റെ പേരിലുള്ളതാണെന്ന് ഇതോടെ കണ്ടത്തിയതാണ് നിര്‍ണ്ണായകമായത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് അനില്‍കുമാര്‍ സംസ്ഥാനത്തിന് പുറത്താണെന്ന് പോലീസ് പറയുന്നു. എന്നാല്‍ കാര്‍ തിരിച്ചറിഞ്ഞെന്ന് അറിഞ്ഞതോടെ അനില്‍കുമാര്‍ ഒളിവില്‍ പോയതാണെന്നും സൂചനയുണ്ട്.

കൂലിപ്പണിക്കാരനായ രാജന്‍ റോഡില്‍ ചോരവാര്‍ന്ന് ഒരു മണിക്കൂറോളം കിടന്നു. രാവിലെ 6 മണിയോടെ നാട്ടുകാരാണ് ചോരയില്‍ കുളിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെയും ഈ റോഡിലെയും കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്. അപകടമുണ്ടാക്കിയ ശേഷം വാഹനവുമായി സിഐ കടന്നത് പോലീസിനും നാണക്കേടാണ്. അപകടം മറ്റൊരാളുടെ തലയില്‍ വച്ച് രക്ഷപ്പെടാനും നീക്കം സജീവമായിരുന്നു. കസ്റ്റഡി മര്‍ദ്ദന വാര്‍ത്തകളില്‍ പോലീസ് പ്രതിക്കൂട്ടിലാണ്. അതിനിടെയാണ് വാഹനാപകട മരണത്തില്‍ സിഐയും പെടുന്നത്. അപകട ശേഷം സിഐ വാഹനം നിര്‍ത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ രാജനെ രക്ഷിക്കാന്‍ കഴിയുമായിരുന്നു.

അതായത് ഇടിച്ച ശേഷം നിര്‍ത്താതെ പോയതു കൊണ്ട് തന്നെ കൊലപാതകമാണ് സംഭവിച്ചത്. ഒരു മണിക്കൂറോളം രക്തം വാര്‍ന്നതാണ് മരണ കാരണമായത്. ഈ അപകടമുണ്ടാക്കിയത് തന്റെ വാഹനമല്ലെന്ന് അനില്‍കുമാര്‍ വാദിക്കാനും സാധ്യത ഏറെയാണ്. മദ്യപിച്ചായിരിക്കാം ആ വാഹനം ഏത് ഡ്രൈവറായാലും ഓട്ടിച്ചതെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ടാകും വണ്ടി നിര്‍ത്താതെ പോയത്. കാര്‍ വര്‍ക് ഷോപ്പില്‍ കൊടുത്ത് കേടുപാടുകള്‍ പരിഹരിച്ചതും കേസുണ്ടായാല്‍ രക്ഷപ്പെടാനുള്ള തന്ത്രമാണ്.

Tags:    

Similar News