നൈറ്റ് ലൈഫ് ഇരുട്ടിലെ കാര്യമല്ല; പകലിനെക്കാള്‍ വെളിച്ചമുള്ള സ്ഥലങ്ങളാണവ; ആളുകള്‍ക്ക് ഉല്ലാസത്തോടെ ഇരിക്കാന്‍ കഴിയുന്ന സ്ഥലങ്ങളായിരിക്കും അവ; ദൂഷ്യവശങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കും; നൈറ്റ് ലൈഫിന് തടയിടണമെന്ന ആവശ്യം ഉയരവേ മറുപടിയുമായി മുഖ്യമന്ത്രി
നൈറ്റ് ലൈഫ് ഇരുട്ടിലെ കാര്യമല്ല
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളില്‍ നൈറ്റ് ലൈഫ് തര്‍ക്കങ്ങളിലേക്ക് നീങ്ങുന്ന സംഭവങ്ങള്‍ കുറച്ചു ദിവസമായി തന്നെ ഉണ്ടാകുന്നുണ്ട്. ഇതിനിടെ നൈറ്റ് ലൈഫിനെ കുറിച്ചു തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. നൈറ്റ് ലൈഫ് ഇരുട്ടിലുള്ള കാര്യമാണെന്ന ധാരണ ശരിയല്ലെന്നും ഇപ്പോള്‍ എല്ലായിടത്തും വെളിച്ചമെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിവ്യാപനത്തിനെതിരെ കര്‍മപദ്ധതി തയാറാക്കാന്‍ വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തു പലയിടങ്ങളിലും രാത്രികള്‍ സജീവമായ സ്ഥലങ്ങളുണ്ട്. അവിടെ നൈറ്റ് ലൈഫ് ചെലവഴിക്കുന്നത് ഇരുട്ടിലല്ല. പകലിനെക്കാള്‍ വെളിച്ചമുള്ള സ്ഥലങ്ങളാണവ. അങ്ങനെയുള്ള നൈറ്റ് ലൈഫ് കേന്ദ്രങ്ങളാണു സംസ്ഥാനത്ത് സജ്ജമാക്കുക. ആളുകള്‍ക്ക് ഉല്ലാസത്തോടെ ഇരിക്കാന്‍ കഴിയുന്ന സ്ഥലങ്ങളായിരിക്കും അവ. ദൂഷ്യവശങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കും മുഖ്യമന്ത്രി പറഞ്ഞു.
മാനവീയം വീഥി, മറൈന്‍ ഡ്രൈവ് എന്നിവയടക്കമുള്ള നൈറ്റ് ലൈഫ് കേന്ദ്രങ്ങളില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നുവെന്നു യോഗത്തിലുയര്‍ന്ന ആക്ഷേപത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ നൈറ്റ് ലൈഫിന് തടയിടണമെന്നും നമ്മുടെ രാജ്യത്തിന് അത്ര പറ്റില്ലെന്നാണ് മനസിലാക്കുന്നതെന്നും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് രംഗത്തുവന്നിരുന്നു. കുട്ടികളൊക്കെ നുണ പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നതെന്നും ബീന ഫിലിപ്പ് വ്യക്തമാക്കി. കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസില്‍ നാട്ടുകാരും കച്ചവടക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് മേയറുടെ പ്രതികരണം.
രാത്രികാല കച്ചവടങ്ങളുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കോര്‍പറേഷന്‍ അല്ല ഇവര്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഉദ്യം രജിസ്‌ട്രേഷന്‍ വഴിയാണ് കച്ചവടം തുടങ്ങുന്നത്. ഇതിന്റെ മറവില്‍ ചെറുപ്പക്കാര്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നാട്ടുകാരും പൊലീസും ലഹരി ഉപയോഗത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ ഡി.വൈ.എഫ്.ഐ അടിച്ചു തകര്‍ത്തിരുന്നു. രാത്രി കച്ചവടത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ കടക്കാര്‍ തള്ളിയെന്ന് ആരോപിച്ചാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ കടകള്‍ തല്ലി തകര്‍ത്തത്.
ഇരുവശങ്ങളിലുമായി ഫുഡ് കോര്‍ട്ടുകള്‍ നിറഞ്ഞതോടെ രാത്രിയില്‍ വന്‍ തിരക്കാണ് മിനി ബൈപ്പാസില്‍ അനുഭവപ്പെടുന്നത്. റോഡിലെ അനധികൃത പാര്‍ക്കിങ്ങും സംഘര്‍ഷവും ഏറെ ബുദ്ധിമുട്ടായതോടെ നാട്ടുകാര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്ത് ലഹരി വില്‍പനയും സജീവമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ മിനി ബൈപാസില്‍ ലഹരി വില്‍പനക്കെത്തിയ യുവാവിനെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
പ്രദേശത്ത് സംഘര്‍ഷം പതിവായിരിക്കുന്ന സാഹചര്യത്തില്‍ സമീപപ്രദേശങ്ങളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഒരു മാസം 10.30ന് ശേഷം കടകള്‍ പൂട്ടി സ്ഥിതിഗതികള്‍ പരിശോധിക്കാമെന്ന ആശയമാണ് കൗണ്‍സിലര്‍മാര്‍ മുന്നോട്ട് വച്ചത്. എന്നാല്‍, ഇരുകൂട്ടരും പരസ്പരം തീരുമാനങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ പ്രശ്‌ന പരിഹാരമാകാതെ യോഗം പിരിയുകയായിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാത്രി 10.30ന് ശേഷം കടകള്‍ തുറക്കരുതെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. എന്നാല്‍, 12 മണി വരെയെങ്കിലും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.