സിഎംആര്‍എല്‍-എക്സാലോജിക് കേസ്; കേന്ദ്രസര്‍ക്കാരിനും എസ്എഫ്ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരായില്ല; അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി; ഇനി കേസ് പരിഗണിക്കുക അടുത്ത വര്‍ഷം ജനുവരി 13ന്; സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ആണെങ്കിലും കേന്ദ്രം സീരിയസ് അല്ലെന്ന് പ്രതികരിച്ച് അഡ്വ. കപില്‍ സിബല്‍
സിഎംആര്‍എല്‍-എക്സാലോജിക് കേസ്;
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍-എക്സാലോജിക് കേസിലെ അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനും എസ്എഫ്ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. കേസ് ജനുവരി 13ന് വീണ്ടും പരിഗണിക്കും. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ആണെങ്കിലും കേന്ദ്രം സീരിയസ് അല്ലെന്ന് കപില്‍ സിബല്‍ പ്രതികരിച്ചു.
കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്‌ഐഒയും സി.എം.ആര്‍.എല്ലും നേരത്തെ ആരോപിച്ചിരുന്നു. കമ്പനി റജിസ്ട്രാരുടെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപേക്ഷയില്‍ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ഇത് എഎസ്ജി വഴി നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബര്‍ പതിനാറിനാണ് കേസില്‍ അന്തിമ വാദത്തിന് ഇന്നും നാളെയുമായി തീയ്യതി നിശ്ചയിച്ചത്. കേസില്‍ ഇന്നുമുതല്‍ അന്തിമവാദം കേള്‍ക്കുമെന്ന് കരുതിയിരിക്കെയാണ് എസ്എഫ്‌ഐഒ അഭിഭാഷകര്‍ ഹാജരാകാതിരുന്നത്. ജസ്റ്റിസ് നീനു ബെന്‍സാലിന്റെ ബെഞ്ചിന് മുന്‍പാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ റോസ്റ്റര്‍ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു.
അതിനിടെ സിഎംആര്‍എല്‍ - എക്സാലോജിക് മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി വിശദമായ വാദത്തിന് മാറ്റിയിരിക്കുകയാണ്. അടുത്തമാസം മൂന്നിന് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്നാണ് വിവരം. ആദായ നികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ മകള്‍ വീണ ടി , സിഎംആര്‍എല്‍ കമ്പനി അടക്കമുളളവര്‍ കേസില്‍ എതിര്‍കക്ഷികളാണ്.
സിഎംആര്‍എല്‍ എക്‌സാലോജിക് തട്ടിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സുപ്രധാന പങ്കെന്ന് എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. എക്‌സാലോജിക് സിഎംആര്‍എല്ലിന് സേവനം നല്‍കി എന്നതിനു തെളിവുകളില്ല. എന്നാല്‍, വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപ വീതവും എക്‌സാലോജികിനു 3 ലക്ഷം രൂപ വീതവും സിഎംആര്‍എല്‍ നല്‍കിയിരുന്നു. വീണയും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയും കൂടി ഒത്തുകളിച്ച് സിഎംആര്‍എല്ലില്‍നിന്നു 2.78 കോടി രൂപ തട്ടിയെടുത്തെന്നും റിപ്പോര്‍ട്ടില്‍ ആരോപണം ഉയര്‍ന്നിരുന്നു.
