മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ പെട്ടു; അപകടം കടക്കല്‍ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചു വരവേ വെഞ്ഞാറമൂട്ടില്‍; കമാന്‍ഡോ വാഹനത്തിന് പിന്നില്‍ പൊലീസ് ജീപ്പിടിച്ചു; ആര്‍ക്കും പരിക്കില്ല; ഇക്കുറി വില്ലനായത് സഡന്‍ ബ്രേക്ക്

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ പെട്ടു

Update: 2024-12-23 10:46 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം അപകടത്തില്‍ പെട്ടു. എംസി റോഡില്‍ വെച്ചാണ് സംഭവം. വെഞ്ഞാറമൂട് പള്ളിക്കലില്‍ വെച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കടക്കല്‍ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.

കമാന്‍ഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കല്‍ പൊലീസ് സ്റ്റേഷന്റെ ജീപ്പാണ് പിന്നിലിടിച്ചത്. മുന്നിലെ വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്നില്‍ ചെറിയ തകരാറുണ്ട് എന്നതൊഴിച്ചാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപ്പോള്‍ തന്നെ യാത്ര തുടരുകയും ചെയ്തു.

ഇതിന് മുമ്പും മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം വാമനപുരം പാര്‍ക്ക് ജങ്ഷനില്‍ വച്ചാണ് അന്ന് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്. കുറുകെ ചാടിയ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രക്കാരി എംസി റോഡില്‍ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. ഇവരെ രക്ഷിക്കാന്‍ ഒരു എസ്‌കോര്‍ട്ട് വാഹനം പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചു.

വാഹനങ്ങള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലാണ് വണ്ടി ഇടിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല. അല്‍പസമയത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാഹനം യാത്ര തുടര്‍ന്നു.

Tags:    

Similar News