അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന് മേലുദ്യോഗസ്ഥര്‍ ജോളിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കി; ഒരു ഫയലില്‍ ഒപ്പിടാത്തതിന് ഒരുപാട് പീഡനങ്ങള്‍ നേരിട്ടു; ചെയര്‍മാന്റെ മുന്‍പില്‍ മാപ്പ് പറയാത്തതിന് ആന്ധ്രയിലേക്ക് സ്ഥലംമാറ്റം; സെറിബ്രല്‍ ഹെമറേജ് ബാധിച്ച് കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്; ആരോപണം നിഷേധിച്ച് കയര്‍ബോര്‍ഡ്

കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്

Update: 2025-02-10 09:55 GMT

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിന്റെ ആസ്ഥാനത്ത് തൊഴില്‍ പീഡനമെന്ന് പരാതി നല്‍കിയ ഉദ്യോഗസ്ഥ സെറിബ്രല്‍ ഹെമറേജ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫിസില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള സെക്ഷന്‍ ഓഫിസര്‍ വെണ്ണല ചളിക്കവട്ടം സ്വദേശി ജോളി മധു (56) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ജനുവരി 31നു തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു. മുന്‍ സെക്രട്ടറി അടക്കമുള്ളവരുടെ നിരന്തരമായ മാനസിക പീഡനത്തിന് ഇരയായിരുന്നു കാന്‍സര്‍ രോഗി കൂടിയായ ജോളി മധുവെന്നു കുടുംബം ആരോപിച്ചു. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന് നേരിടേണ്ടി വന്ന മാനസിക പീഡനം വ്യക്തമാക്കി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം.

കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുളളവരുടെ തൊഴില്‍ പീഡനത്തെയും മാനസിക സമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് ജോളി രോഗബാധിതയായതെന്നാണ് കുടുംബം ആരോപിക്കുന്നത്.വിധവയും കാന്‍സര്‍ അതിജീവിതയുമെന്ന പരിഗണന പോലും നല്‍കാതെ ജോളിയെ ആറു മാസം മുന്‍പ് ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റുകയായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. രോഗാവസ്ഥ വ്യക്തമാക്കുന്ന രേഖകള്‍ പോലും പരിഗണിച്ചില്ല. ശമ്പളം തടഞ്ഞുവച്ചു. സമ്മര്‍ദ്ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രല്‍ ഹെമറേജ് ബാധിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഓഫീസിലെ തൊഴില്‍ പീഡനത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തുകളയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റെ പേരില്‍ ഓഫീസില്‍ നിന്ന് ജോളിക്ക് നേരെ പ്രതികാര നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

'അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥന്‍മാര്‍ ജോളിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഒരു ഫയലില്‍ ഒപ്പിടാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. ജോളി അത് ചെയ്തില്ല. അതിനും ഒരുപാട് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ചെയര്‍മാന്റെ മുന്‍പില്‍ പോയി പരസ്യമായി മാപ്പ് പറയാനും ജോളിയോട് ആവശ്യപ്പെട്ടു. അത് സമ്മതിക്കാതെ വന്നതോടെയാണ് ജോളിയെ ആന്ധ്രാപ്രദേശിലെ ഒരു കുഗ്രാമത്തിലേക്ക് സ്ഥലം മാ?റ്റിയത്. ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം'- എന്നായിരുന്നു സഹോദരന്റെ പ്രതികരണം.

കയര്‍ ബോര്‍ഡ് ചെയര്‍മാന്‍, മുന്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളര്‍ക്ക് എതിരെയാണു കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്. ബോര്‍ഡില്‍ നടന്ന അഴിമതിയെ കുറിച്ചു റിപ്പോര്‍ട്ട് ചെയ്ത ജോളിയോട് മേലുദ്യോഗസ്ഥര്‍ പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നതായും കാന്‍സര്‍ രോഗിയെന്ന പരിഗണനപോലും നല്‍കാതെ അകാരണമായി സ്ഥലംമാറ്റുകയും പ്രമോഷനും ശമ്പളവും തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു. കയര്‍ ബോര്‍ഡ് സെക്രട്ടറിക്കും എംഎസ്എംഇ മന്ത്രാലയത്തിനുമാണു കുടുംബം പരാതി നല്‍കിയിരിക്കുന്നത്. കയര്‍ ബോര്‍ഡില്‍ 30 വര്‍ഷത്തെ സേവനമുള്ള ജോളിക്ക് വിരമിക്കാന്‍ 3 വര്‍ഷം മാത്രമാണു ബാക്കിയുണ്ടായിരുന്നത്.

മുന്‍ സെക്രട്ടറിയെ ആ പദവിയില്‍നിന്നു മാറ്റിയതിനു പിന്നില്‍ ജോളിയാണെന്ന് ആരോപിച്ചായിരുന്നു മാനസിക പീഡനം എന്നാണു സഹപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ജോളിക്കെതിരെ പ്രതികാരബുദ്ധിയോടെയാണു മേലുദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നും അര്‍ഹിച്ച ഡപ്യൂട്ടി ഡയറക്ടര്‍ പദവി നിഷേധിച്ചെന്നും കുടുംബം പറയുന്നു. ഇതിനിടെയാണു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലേക്ക് ജോളിയെ സ്ഥലം മാറ്റിയത്.

കാന്‍സര്‍ രോഗിയായതിനാലും വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രമേ സര്‍വീസില്‍ ബാക്കിയുള്ളൂ എന്നതിനാലും സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടായില്ല. മോശമായ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി മെഡിക്കല്‍ ലീവിന് അപേക്ഷിച്ചെങ്കിലും അതും നിഷേധിക്കപ്പെട്ടു. അഞ്ച് മാസത്തെ ശമ്പളവും വിവിധ കാരണങ്ങളുടെ പേരില്‍ തടഞ്ഞു വയ്ക്കപ്പെട്ടു. ഒടുവില്‍ തന്റെ പേരില്‍ വിജിലന്‍സ് കേസും എടുക്കാന്‍ ഒരുങ്ങുന്നു എന്നറിഞ്ഞതോടെയാണ് ജോളി തളര്‍ന്നത്.

മുന്‍ സെക്രട്ടറിയോടു മാപ്പു പറയണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന്, അദ്ദേഹത്തെ പേടിയാണെന്നും മാപ്പു പറയാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കികൊണ്ടു നിലവിലെ സെക്രട്ടറിക്കു കത്തെഴുതി കൊണ്ടിരിക്കുമ്പോഴാണു ജോളിക്ക് അപകടം സംഭവിക്കുന്നത്. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണു തലച്ചോറില്‍ രക്തസ്രാവമുണ്ടായതെന്നു ഡോക്ടര്‍ സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ പറയുന്നു. ജോളി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായതിനുശേഷം അവസ്ഥ ചൂണ്ടിക്കാട്ടി അവധി അപേക്ഷിക്കണമെന്ന് ഈ മാസം അഞ്ചിനു കുടുംബം മേലധികാരികളോട് അപേക്ഷിച്ചിരുന്നു. സ്ഥലംമാറ്റം റദ്ദാക്കിയതും തടഞ്ഞുവച്ച ശമ്പളം നല്‍കിയതുപോലും ഇതിനു ശേഷമാണെന്നാണ് ആരോപണം.

തൊഴില്‍ സ്ഥലത്തെ പീഡനത്തെ പറ്റി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മനുഷ്യാവകാശ കമ്മിഷനും അടക്കം പരാതി നല്‍കിയതിന്റെ പേരിലും മാനസികമായി ബുദ്ധിമുട്ടിച്ചെന്നും കുടുംബം പരാതിയില്‍ പറയുന്നുണ്ട്. ജോളിയുടെ ഭര്‍ത്താവ് 2020 ജനുവരിയില്‍ കോവിഡിനെ തുടര്‍ന്ന് അന്തരിച്ചിരുന്നു. രണ്ട് ആണ്‍മക്കളും പഠനശേഷമുള്ള ഇന്റേണ്‍ഷിപ്പുമായി ബന്ധപ്പെട്ടു ബെംഗളൂരുവിലാണ്.

Tags:    

Similar News